|    Dec 16 Sun, 2018 7:15 am
FLASH NEWS
Home   >  Todays Paper  >  page 12  >  

മിശ്രഭോജനം : ആശയങ്ങള്‍ ഇന്നും പ്രസക്തമാണെന്ന് മുഖ്യമന്ത്രി ; സാഹചര്യം ഇപ്പോഴും നിലനില്‍ക്കുന്നു

Published : 31st May 2017 | Posted By: fsq

 

വൈപ്പിന്‍: സഹോദരന്‍ അയ്യപ്പന്‍ ചെറായിയില്‍ സംഘടിപ്പിച്ച മിശ്രഭോജനത്തിനിടയാക്കിയ സാഹചര്യം മറ്റൊരു വിധത്തില്‍ ഇപ്പോഴും സമൂഹത്തി ല്‍ നിലനില്‍ക്കുന്നുവെന്നും ഇത് അപമാനകരമാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ചെറായി തുണ്ടിടപറമ്പില്‍ മിശ്രഭോജന ശതാബ്ദി സ്മൃതിസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ 100 വര്‍ഷത്തിനുള്ളില്‍ കേരളീയ സമൂഹം വിവിധ തരത്തിലുള്ള പുരോഗതിക ള്‍ കൈവരിച്ചിട്ടുണ്ടെങ്കിലും അതിനൊപ്പം ദൃശ്യമാവുന്ന ജീര്‍ണതകള്‍ വേദനിപ്പിക്കുന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. മനുഷ്യര്‍ക്കു നേരെയുള്ള ക്രൂരതകള്‍ പഴയ കാലഘട്ടത്തിലേതുപോലെ നിലനില്‍ക്കുന്നതിന്റെ ദൃശ്യങ്ങളാണു രാജ്യത്തിന്റെ പല ഭാഗത്തും കാണുന്നത്. ദലിത് യുവാക്കളെ നഗ്നരാക്കി മര്‍ദിക്കുന്നതും പാവങ്ങളെ കുടുംബത്തോടെ തീയിട്ടു നശിപ്പിക്കുന്നതുമെല്ലാം ഇത്തരം സംഭവങ്ങളില്‍പ്പെടുന്നു. അതുകൊെണ്ടല്ലാംതന്നെ മിശ്രഭോജനം ഉയര്‍ത്തിപ്പിടിച്ച ആശയങ്ങള്‍ ഇന്നും പ്രസക്തമാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. കേരളത്തിന്റെ പലഭാഗങ്ങളിലായി 65 ഓളം മിശ്രഭോജനം നടന്നിട്ടുണ്ടെങ്കിലും സഹോദരന്‍ അയ്യപ്പന്‍ നടത്തിയ മിശ്രഭോജനത്തെ തുടര്‍ന്നുണ്ടായ സാമൂഹിക ചലനങ്ങളാണു മറ്റുള്ളവയി ല്‍ നിന്ന് ഇതിനെ വ്യത്യസ്തമാക്കുന്നത്. പിന്നീട് അതൊരു സമരരൂപമായിത്തന്നെ വളര്‍ന്നുവരികയും ചെയ്തു. ഭരണകൂട മാറ്റത്തിനു വേണ്ടിയായിരുന്നു 1917ലെ സോവിയറ്റ് വിപ്ലവമെങ്കില്‍ അതേ വര്‍ഷം തന്നെ നടന്ന മിശ്രഭോജനം ഇവിടത്തെ ദുഷിച്ച വ്യവസ്ഥിതിക്കെതിരെയായിരുന്നുവെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ ചൂണ്ടിക്കാട്ടി. അന്നത്തെ സാമൂഹികസാഹചര്യത്തില്‍ ഇത്തരമൊരു പരിപാടി അങ്ങേയറ്റം വിപ്ലവകരമായ ഒന്നായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. മിശ്രഭോജനത്തില്‍ പങ്കെടുത്ത കോരുവൈദ്യരുടെ മകന്‍ എം കെ സീരിക്ക് മുഖ്യമന്ത്രി ദീപശിഖ കൈമാറി. തുടര്‍ന്ന് 100 പേര്‍ ചേര്‍ന്നു സ്മൃതി ദീപങ്ങ ള്‍ തെളിയിച്ചു. പരിപാടിയില്‍ സ്മൃതിസദ്യയും നടന്നു. ചടങ്ങില്‍ എസ് ശര്‍മ എംഎല്‍എ അധ്യക്ഷത വഹിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, വി ഡി സതീശന്‍ എംഎല്‍എ, പി രാജീവ്, പി രാജു, ജോ ണ്‍ഫെര്‍ണാണ്ടസ്, എം സി ജോസഫൈന്‍, മയ്യാറ്റില്‍ സത്യ ന്‍, കെ എസ് പുരുഷന്‍, സിപ്പി പള്ളിപ്പുറം, കെ കെ ജോഷി, ഒ കെ കൃഷ്ണകുമാര്‍ പങ്കെടുത്തു.  ശ്രീനാരായണ സഹോദരസംഘം എറണാകുളം ടൗണ്‍ഹാളില്‍ സംഘടിപ്പിച്ച മിശ്രഭോജന സ്മൃതിസദ്യയിലും മുഖ്യമന്ത്രി പങ്കെടുത്തു. മുഖ്യമന്ത്രി പിണറായി വിജയനൊപ്പം പ്രഫ. എം കെ സാനു മാഷും പുന്നല ശ്രീകുമാറും ബിനോയ് വിശ്വവും ഫസല്‍ ഗഫൂറും  മാര്‍— സെബാസ്റ്റിയന്‍ എടയന്ത്രത്തും ഒരേ പന്തിയിലിരുന്നാണു പ്രതീകാത്മക മിശ്രഭോജനത്തില്‍ പങ്കാളിയായത്. ജിസിഡിഎ ചെയര്‍മാന്‍ സി എന്‍ മോഹനന്‍, സിപിഐഎം ജില്ലാ സെക്രട്ടറി പി രാജീവ്, ഹൈബി ഈഡന്‍ എംഎല്‍എ, ഫാ. പോള്‍ തേലക്കാട്ട്, ഡോ. സി കെ രാമചന്ദ്രന്‍, അഡ്വ. വിദ്യാസാഗര്‍, ഗോകുലം ഗോപാലന്‍, പി രാമചന്ദ്രന്‍ (വേണു), ഡോ. കെ ആര്‍ വിശ്വംഭരന്‍ എന്നിവരും വിവിധ ജില്ലകളില്‍ നിന്നുള്ള നൂറുകണക്കിന് പ്രവര്‍ത്തകരും സദ്യയില്‍ പങ്കാളികളായി. സമുദായ വിലക്കുകളും മതഭീകരതയും ഭീഷണിയുയര്‍ത്തുന്ന വര്‍ത്തമാനകാലത്ത് മാനവ സാഹോദര്യവും ഐക്യവും സംരക്ഷിക്കാന്‍, സഹോദരന്‍ അയ്യപ്പന്‍ തെളിയിച്ച മാര്‍ഗദീപം തലമുറകളിലേക്ക് പകരാന്‍ കരുത്തുപകരുന്നതായിരുന്നു മിശ്രഭോജന സ്മരണ. നവോത്ഥാന മൂല്യങ്ങള്‍ തകര്‍ത്ത് നാടിനെ നൂറ്റാണ്ടുകള്‍ പിറകോട്ടുള്ള അവസ്ഥയിലേക്കു നയിക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെയുള്ള മുന്നറിയിപ്പുകൂടിയായിരുന്നു ആഘോഷം.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss