|    Jan 20 Fri, 2017 5:27 pm
FLASH NEWS

മില്‍മ ക്ഷീരകര്‍ഷക സുരക്ഷാ പദ്ധതി നടപ്പാക്കുന്നു

Published : 1st October 2016 | Posted By: Abbasali tf

ആലത്തൂര്‍: മലബാര്‍ മേഖലാ സഹകരണ ക്ഷീരോല്‍പാദക യൂണിയന്‍ നടപ്പിലാക്കി വരുന്ന ക്ഷീര കര്‍ഷക സുരക്ഷാ പദ്ധതി (അപകട ഇന്‍ഷൂറന്‍സ് പദ്ധതി) യുടെ  കാലാവധി 2016 ഒക്ടോബര്‍ 30 ന് അവസാനിക്കുകയാണ്. ഈ പദ്ധതി നാഷണല്‍ ഇന്‍ഷുറന്‍സ് കമ്പനിയുമായി യോജിച്ച് 01.11.2016 മുതല്‍ 31.10.2017 വരെയുളള ഒരു വര്‍ഷത്തേക്കു കൂടി പുതുക്കുന്നതിന് മലബാര്‍ മേഖലാ യൂനിയന്‍ തീരുമാനിമാനിച്ചിരിക്കുകയാണ്. പദ്ധതിയില്‍ ഉള്‍പ്പെട്ടവര്‍ക്ക് ഇന്‍ഷുറന്‍സ് കാലയളവില്‍ സംഭവിക്കുന്ന അപകടങ്ങള്‍ക്ക് പരമാവധി 5 ലക്ഷം രൂപ വരെ നഷ്ടപരിഹാരം ലഭിക്കുന്നതാണ്. അപകടം മൂലം മരണം സംഭവിച്ചാല്‍ കുടുംബത്തിന് 5 ലക്ഷം രൂപ ലഭിക്കും. രണ്ടു കണ്ണുകളുടെ കാഴ്ച പൂര്‍ണമായും നഷ്ടപ്പെട്ടാല്‍ 5 ലക്ഷം രൂപയും, ഒരു കണ്ണിന്റെ കാഴ്ച പൂര്‍ണമായി നഷ്ടപ്പെടുകയോ ഒരു കാലോ ഒരു കൈയോ പൂര്‍ണ്ണമായും നഷ്ടപ്പെടുകയോ ഉപയോഗ ശൂന്യമായി തീരുകയോ ചെയ്താല്‍ ഗുണഭോക്താവിന് 5 ലക്ഷം രൂപയും ലഭിക്കും. ശരീരത്തിന് മൊത്തമായി സംഭവിക്കാവുന്ന സ്ഥിരവും  പുന:സ്ഥാപിക്കപ്പെടാത്തതുമായ അംഗവൈകല്യം സംഭവിച്ചാല്‍ വൈകല്യത്തിന്റെ തോതനുസരിച്ച് നഷ്ട പരിഹാരം ലഭിക്കുന്നതാണ്.2015-16 വര്‍ഷത്തില്‍ ചുരുങ്ങിയത് 90 ദിവസമെങ്കിലും ആനന്ദ് മാതൃകാ സംഘങ്ങളില്‍ പാലളന്ന കര്‍ഷകര്‍, സംഘം ജീവനക്കാര്‍, ഗ്രാമതല  പ്രവര്‍ത്തകര്‍, എ ഐ വര്‍ക്കര്‍മാര്‍, പ്രതിദിനം 50 ലിറ്ററും അതിന് മുകളിലും പാല്‍ വില്‍പന നടത്തുന്ന മില്‍മാ ഡീലര്‍മാര്‍, മില്‍മാ ഉല്‍പ്പന്നങ്ങളുടെ മൊത്ത വിതരണ ഡീലര്‍മാര്‍ എന്നിവര്‍ക്ക് പദ്ധതിയില്‍ ചേരാവുന്നതാണ്. മേല്‍പറഞ്ഞ എല്ലാ വിഭാഗത്തിലും പെട്ടവരുടെ ആശ്രിതരെയും (അച്ഛന്‍, അമ്മ, ഭാര്യ, ഭര്‍ത്താവ്, മക്കള്‍) പദ്ധതിയില്‍ ചേര്‍ക്കാവുന്നതാണ്. ഗ്രാമതല പ്രവര്‍ത്തകര്‍, എ.ഐ വര്‍ക്കര്‍മാര്‍ എന്നിവര്‍, അവരുള്‍പ്പെടുന്ന സംഘങ്ങള്‍ മുഖേനയാണ് പദ്ധതിയില്‍ ചേരേണ്ടത്. അപേക്ഷകരുടെ പ്രായം 31.10.2016 ന് 18 വയസ്സിനും 69 വയസ്സിനും ഇടയിലായിരിക്കണം. പ്രീമിയം തുക ഒരാള്‍ക്ക് ഒരു വര്‍ഷത്തേക്ക് 51 രൂപയാണ്. പദ്ധതിയില്‍ ചേരുന്ന ആശ്രിതരുടെ പ്രീമിയം ഒഴികെ മറ്റ് എല്ലാ വിഭാഗക്കാരുടെയും പ്രീമിയം തുക യൂനിയന്‍ വഹിക്കുവാന്‍ തീരുമാനിച്ചിട്ടുണ്ട്. ആശ്രിതര്‍ക്കുള്ള മുഴുവന്‍ പ്രീമിയവും ഗുണഭോക്തൃ വിഹിതമായി ബന്ധപ്പെട്ടവര്‍ അടക്കേണ്ടതാണ്. അപേക്ഷകള്‍ പൂരിപ്പിച്ച് 13.10.2016 നകം കാഞ്ഞങ്ങാട്, കണ്ണൂര്‍, കല്‍പ്പറ്റ, വടകര, കോഴിക്കോട്, കോട്ടക്കല്‍, പട്ടാമ്പി, അട്ടപ്പാടി, പാലക്കാട്, നിലമ്പൂര്‍ എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന മില്‍മയുടെ പി ആന്റ് ഐ ഓഫിസുകളില്‍ അതാത് ക്ഷീര സംഘങ്ങള്‍ മുഖേനെ എത്തിക്കേണ്ടതാണെന്ന് മലബാര്‍ മേഖലാ യൂനിയന്‍ മാനേജിങ്് ഡയറക്ടര്‍ കെ.ടി.തോമസ്സ് അറിയിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 13 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക