|    Mar 24 Fri, 2017 9:41 pm
FLASH NEWS

മിര്‍ കാസിം അലിയുടെ വധശിക്ഷ സുപ്രിംകോടതി ശരിവച്ചു

Published : 31st August 2016 | Posted By: SMR

ധക്ക: ബംഗ്ലാദേശിലെ ജമാഅത്തെ ഇസ്‌ലാമിയുടെ മുതിര്‍ന്ന നേതാവ് മിര്‍ കാസിം അലിയുടെ വധശിക്ഷ സുപ്രിംകോടതി ശരിവച്ചു. 1971ലെ വിമോചനയുദ്ധത്തിനിടെ യുദ്ധക്കുറ്റങ്ങള്‍ ചെയ്‌തെന്നാണ് ഇദ്ദേഹത്തിനെതിരേയുള്ള ആരോപണം. ജസ്റ്റിസ് സുരേന്ദ്ര കുമാര്‍ സിന്‍ഹയുടെ നേതൃത്വത്തിലുള്ള അഞ്ചംഗസമിതിയാണ് വിധി പുറപ്പെടുവിച്ചത്.
മിര്‍ കാസിം സമര്‍പ്പിച്ച അപ്പീല്‍ തള്ളിയതായി ഒറ്റവാക്കിലാണ് വിധി പുറപ്പെടുവിച്ചത്. ജമാഅത്തെ ഇസ്‌ലാമിക്ക് പ്രധാനമായും സാമ്പത്തികസഹായം നല്‍കുന്നത് 64കാരനായ മിര്‍ കാസിം ആണെന്നാണ് കരുതപ്പെടുന്നത്. സുപ്രിംകോടതി വധശിക്ഷ ശരിവച്ച സാഹചര്യത്തില്‍ അവസാനത്തെ വഴിയെന്ന നിലയില്‍ മിര്‍ കാസിമിന് പ്രസിഡന്റിന് ദയാഹരജിസമര്‍പ്പിക്കാമെന്ന് അറ്റോര്‍ണി ജനറല്‍ മഹ്ബൂബെ ആലം മാധ്യമങ്ങളോടു പറഞ്ഞു. ദയാഹരജി സമര്‍പ്പിച്ചില്ലെങ്കിലോ അല്ലെങ്കില്‍ ഹരജി തള്ളുകയോ ചെയ്താല്‍ എപ്പോള്‍ വേണമെങ്കിലും വധശിക്ഷ നടപ്പാക്കിയേക്കും.
അലിയുടെ അഭിഭാഷകന്‍ വിധിയോടു പ്രതികരിച്ചിട്ടില്ല. അന്താരാഷ്ട്ര ക്രൈംസ് ട്രൈബ്യൂണല്‍ എന്ന പേരില്‍ ബംഗ്ലാദേശില്‍ രൂപം നല്‍കിയ ട്രൈബ്യൂണല്‍ ജൂണ്‍ ആറിനാണ് വധശിക്ഷ വിധിച്ചത്. പ്രസിദ്ധ മാധ്യമപ്രവര്‍ത്തകന്‍ കൂടിയാണ് മിര്‍ കാസിം.
ഇപ്പോള്‍ പ്രവര്‍ത്തനരഹിതമായ ടിവി ചാനലുള്‍പ്പെടെ ഏതാനും മാധ്യമസ്ഥാപനങ്ങളും വ്യാവസായിക സ്ഥാപനങ്ങളും അദ്ദേഹത്തിന്റെ നിയന്ത്രണത്തിലുണ്ട്. ജമാഅത്ത് സെന്‍ട്രല്‍ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ അംഗം കൂടിയാണ് അദ്ദേഹം. കടുത്ത പീഡനങ്ങളെത്തുടര്‍ന്ന് നിരവധി പേര്‍ കൊല്ലപ്പെട്ട അല്‍ ബദര്‍ എന്ന തടവറ പ്രവര്‍ത്തിപ്പിച്ചെന്നും മിര്‍ കാസിമിനെതിരേ ആരോപണമുണ്ട്. തനിക്കെതിരേയുള്ള കുറ്റം റദ്ദാക്കുന്നതിനായി പലരെയും സ്വാധീനിക്കാന്‍ അദ്ദേഹം ശ്രമം നടത്തിയതായി നേരത്തേ പ്രോസിക്യൂട്ടര്‍മാര്‍ ആരോപിച്ചിരുന്നു.
ആറു വര്‍ഷം മുമ്പാണ് 1971ലെ യുദ്ധക്കുറ്റക്കേസുകളില്‍ വിചാരണ ആരംഭിച്ചത്. ഇതുവരെ മൂന്നു ജമാഅത്ത് നേതാക്കളുടെയും ഒരു ബിഎന്‍പി നേതാവിന്റെയും വധശിക്ഷ നടപ്പാക്കിയിട്ടുണ്ട്.

(Visited 190 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക