|    Nov 20 Tue, 2018 7:59 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

മിര്‍ച്പൂര്‍ ദലിത് കൂട്ടക്കൊല: 12 പേര്‍ക്ക് ജീവപര്യന്തം

Published : 25th August 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: ഹരിയാനയിലെ മിര്‍ച്പൂരില്‍ ദലിത് വൃദ്ധനെയും ശാരീരിക വെല്ലുവിളി നേരിടുന്ന മകളെയും ചുട്ടുകൊന്ന കേസില്‍ 33 പേരെ ഡല്‍ഹി ഹൈക്കോടതി ശിക്ഷിച്ചു. ഇതില്‍ 12 പേര്‍ക്ക് ജീവപര്യന്തമാണ് ശിക്ഷ. കീഴ്‌ക്കോടതി വിധി റദ്ദാക്കിയാണ് പ്രതിപ്പട്ടികയിലെ 33 പേരില്‍ 12 പേര്‍ക്ക് ജീവപര്യന്തം ഉള്‍പ്പെടെ ശിക്ഷ വിധിച്ചത്. എസ് മുരളീധറും എസ് മേത്തയും അടങ്ങുന്ന ബെഞ്ചിന്റേതാണ് വിധി. നേരത്തേ വിചാരണക്കോടതി വിധിയില്‍ ശിക്ഷിക്കപ്പെട്ട 13 പേര്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. പ്രതിപ്പട്ടികയിലുള്ള 97 പേരില്‍ 15 പേരെയാണ് വിചാരണക്കോടതി ശിക്ഷിച്ചത്. ഇതില്‍ രണ്ടുപേര്‍ മരിച്ചിരുന്നു. ബാക്കിയുള്ള 13 പേരാണ് സുപ്രിംകോടതിയെ സമീപിച്ചത്.
2010 ഏപ്രില്‍ 19നും 21നും ഇടയിലാണ് ഹരിയാനയിലെ ഹിസാര്‍ ജില്ലയിലെ മിര്‍ച്പൂരില്‍ ദലിത് കുടുംബത്തിനു നേരെ ജാട്ട് വംശജര്‍ കൊടും ക്രൂരത നടത്തിയത്.
പിന്നാക്ക വിഭാഗമായ വാല്‍മീകി ജാതിയിലുള്ളവരും ജാട്ടുകളും തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്ന് വാല്‍മീകി സമുദായാംഗമായ താരാ ചന്ദിന്റെ വീട് ജാട്ട് വിഭാഗം കത്തിക്കുകയായിരുന്നു. ഇതില്‍പ്പെട്ടാണ് അദ്ദേഹത്തിന്റെ പിതാവും ശാരീരിക വെല്ലുവിളി നേരിടുന്ന സഹോദരിയും കൊല്ലപ്പെട്ടത്.
കൊലപാതകത്തിനു പിന്നാലെ ദലിത് വീടുകള്‍ക്ക് തീയിട്ട ജാട്ടുകള്‍ മിര്‍ച്പൂരിലെ 254 ദലിത് കുടുംബങ്ങളെ ഭീഷണിപ്പെടുത്തി പലായനം ചെയ്യിപ്പിച്ചിരുന്നു.
2010ല്‍ സുപ്രിംകോടതി ഉത്തരവിനെ തുടര്‍ന്നാണ് കേസ് ഹരിയാനയില്‍ നിന്നു ഡല്‍ഹിയിലേക്ക് മാറ്റിയത്. കേസിലെ സാക്ഷികള്‍ക്കും അഭിഭാഷകര്‍ക്കുമെതിരേ ഭീഷണി ഉയര്‍ന്നതിനെ തുടര്‍ന്നായിരുന്നു നടപടി.ദലിതരുടെ ജീവന് ഭീഷണിയുള്ളതിനാല്‍ 2016 വരെ സിആര്‍പിഎഫിനെ മിര്‍ച്പൂരില്‍ സര്‍ക്കാര്‍ നിലനിര്‍ത്തിയിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരമാണ് 2016ല്‍ സുരക്ഷ പിന്‍വലിച്ചത്.

 

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss