|    Dec 15 Fri, 2017 3:53 pm
FLASH NEWS
Home   >  Sports  >  Football  >  

മിന്നിത്തിളങ്ങി ബാഴ്‌സ മുന്നോട്ട്; റയലിന് അട്ടിമറി തോല്‍വി

Published : 29th October 2017 | Posted By: ev sports

ബില്‍ബോ: സ്പാനിഷ് ലീഗിലെ ബാഴ്‌സലോണയുടെ വിജയക്കുതിപ്പ് തുടരുന്നു. അത്‌ലറ്റികോ ബില്‍ബോയെ മറുപടി ഇല്ലാത്ത രണ്ട് ഗോളിന് തളച്ച ബാഴ്‌സലോണ ചിരവൈരികളായ റയല്‍ മാഡ്രിഡുമായുള്ള പോയിന്റ് വ്യത്യാസം എട്ടാക്കി ഉയര്‍ത്തി.അത്‌ലറ്റികോ ബില്‍ബോയുടെ തട്ടകത്തില്‍ 4-4-2 ശൈലിയില്‍ ബൂട്ടുകെട്ടി ഇറങ്ങിയ ബാഴ്‌സലോണയ്ക്ക് ഒരു സമയത്തും വെല്ലുവിളി ഉയര്‍ത്താന്‍ ബില്‍ബോ താരങ്ങള്‍ക്കായില്ല. മല്‍സരത്തിന്റെ തുടക്കസമയങ്ങളില്‍ ബില്‍ബോ താരങ്ങള്‍ മികച്ച പ്രതിരോധം പുറത്തെടുത്തെങ്കിലും 36ാം മിനിറ്റില്‍ ലയണല്‍ മെസ്സിയിലൂടെ ബാഴ്‌സലോണ അക്കൗണ്ട് തുറന്നു. ജോര്‍ദി ആല്‍ബിയയുടെ അസിസ്റ്റിനെ മെസ്സി ഗോളാക്കി മാറ്റുകയായിരുന്നു. ഒന്നാം പകുതിക്ക് വിസില്‍ മുഴങ്ങുമ്പോള്‍ ഒരു ഗോളിന്റെ ആധിപത്യത്തോടെയാണ് ബാഴ്‌സലോണ കളം വിട്ടത്.രണ്ടാം പകുതിയില്‍ പ്രതിരോധത്തിന്റെ മൂര്‍ച്ചകൂട്ടി പന്ത് തട്ടിയ ബില്‍ബോയ്ക്ക് മുന്നില്‍ മെസ്സിയുടെയും സുവരാസിന്റെയും പല ഗോള്‍ശ്രമങ്ങളും വിഫലമായി. പന്തടക്കത്തില്‍ 39 ശതമാനം മാത്രം അവകാശപ്പെട്ട അത്‌ലറ്റികോ ബില്‍ബോ 17 തവണ ബാഴ്‌സ ഗോള്‍മുഖത്തേക്ക് പന്തെത്തിച്ചെങ്കിലും ലക്ഷ്യം മാത്രം അകന്നുനിന്നു. ഇഞ്ചുറി ടൈമില്‍ പൗലീഞ്ഞോയിലൂടെ  ബാഴ്‌സലോണ രണ്ടാം ഗോളും അക്കൗണ്ടിലാക്കിയതോടെ നാണം കെട്ട തോല്‍വി അത്‌ലറ്റികോ ബില്‍ബോയ്ക്ക് സമ്മാനിച്ചാണ് ബാഴ്‌സലോണ കളം പിരിഞ്ഞത്.

റയലിന് അട്ടിമറി തോല്‍വി

ജിറോണ: സ്പാനിഷ് ലീഗില്‍ റയല്‍ മാഡ്രിഡിന് കാലിടറി. ജിറോനയോട്്  2-1 നാണ് റയല്‍ അട്ടിമറി തോല്‍വി ഏറ്റുവാങ്ങിയത്.  കളി തുടങ്ങി 12 ാം മിനിറ്റില്‍ തന്നെ റയലിനു വേണ്ടി ഇസ്‌കോ ഗോളടിച്ചു മികച്ച തുടക്കം നല്‍കി. 54 ാം മിനിറ്റില്‍ ക്രിസ്റ്റ്യന്‍ സ്റ്റുവാനി ജിറോനിക്കു വേണ്ടി ഗോള്‍ സമനിലയാക്കുകയും നാല് മിനിറ്റുകള്‍ക്കുള്ളില്‍ മാഡ്രിഡിന് കനത്ത പ്രഹരവുമായി  പോര്‍ട്യു ജിറോനിയുടെ ഗോള്‍ നേട്ടം രണ്ടാക്കി. പിന്നീട് സമനിലയ്ക്കായി റയല്‍ കിണഞ്ഞു ശ്രമിച്ചെങ്കിലും തോല്‍വിയോടെ ബൂട്ടഴിക്കേണ്ടി വന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക