|    Nov 14 Wed, 2018 9:02 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

മിന്നലാക്രമണങ്ങള്‍ക്കൊരുങ്ങി കസാന്‍

Published : 6th July 2018 | Posted By: kasim kzm

അരീനമോസ്‌കോ: ലോക ഫുട്‌ബോള്‍ പ്രേമികള്‍ക്കിന്ന് ആഘോഷദിനമാണ്. റഷ്യന്‍ ലോകകപ്പിലെ ബ്രസീല്‍-ബെല്‍ജിയം ആവേശപ്പോരാട്ടത്തിന് കസാന്‍ അറീന സ്‌റ്റേഡിയം സാക്ഷിയാകും. ലോക ഫുട്‌ബോളിന്റെ ഓള്‍ടൈം ഫേവറിറ്റുകളായ ബ്രസീലും റഷ്യന്‍ മണ്ണിലെ കറുത്ത കുതിരകളായ ബെല്‍ജിയവും ഏറ്റുമുട്ടുമ്പോള്‍ മരണപ്പോരാട്ടം എന്നല്ലാതെ ഈ മല്‍സരത്തെ ആരാധകര്‍ക്ക് വേറെയെങ്ങനെ വിശേഷിപ്പിക്കാനാകും?
നിലവില്‍ ലോക റാങ്കിങില്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനക്കാരാണ് ബ്രസീലും ബെല്‍ജിയവും. കടലാസിലെ കരുത്ത് ഇരു ടീമുകള്‍ക്കും കളത്തിലും ആവര്‍ത്തിക്കാനായാല്‍ കാഴ്ചക്കാരന് ഇന്നത്തെ മല്‍സരം സമ്മാനിക്കുക ആക്രമണ ഫുട്‌ബോളിന്റെ വിരുന്നു തന്നെയാകും.

ആറാം കിരീടം ലക്ഷ്യമിട്ട് മഞ്ഞപ്പട
ഫുട്‌ബോള്‍ മൈതാനത്തെ മഞ്ഞ നിറം ഒരു ജനത തങ്ങളുടെ വികാരമാക്കി മാറ്റിയിട്ടുണ്ടെങ്കില്‍ അത് ബ്രസീല്‍ ടീം ആരാധകരാണ്. ഫുട്‌ബോളിനെ ഇത്രയും വൈകാരികമായി സമീപിക്കുന്ന വേറൊരു രാജ്യമില്ല. റഷ്യയിലേക്ക് ആദ്യം ടിക്കറ്റ് ഉറപ്പിച്ച ബ്രസീല്‍ തിരികെ വണ്ടി കയറുമ്പോള്‍ ലോകത്തെ മോഹിപ്പിച്ച ആ സുവര്‍ണ കപ്പ് ആറാം തവണയും നാട്ടിലെത്തിക്കുകയെന്ന സ്വപ്‌നം ടീമും ആരാധകരും ഒരുപോലെ കാണുന്നുണ്ട്.
അന്താരാഷ്ട്ര ഫുട്‌ബോളില്‍ മേല്‍വിലാസമറിയിച്ച യുവപട്ടാളമാണ് ബ്രസീലിന്റെ ഏറ്റവും വലിയ ശക്തി. താരങ്ങളില്‍ ഭൂരിഭാഗവും ലാലിഗയും പ്രീമിയര്‍ ലീഗും തുടങ്ങി മുന്‍നിര ക്ലബ് ടൂര്‍ണമെന്റുകള്‍ കളിച്ച അനുഭവസമ്പത്തും പ്രതിഭയുമുള്ളവര്‍. ചരിത്രത്തിലെല്ലാം ബ്രസീല്‍ ടീം ലോകകപ്പിന് എത്തുമ്പോള്‍ ഫുട്‌ബോള്‍ പ്രേമികള്‍ക്കായി ഒരദ്ഭുതം സൂക്ഷിക്കാറുണ്ട്. കഴിഞ്ഞ ലോകകപ്പില്‍ നെയ്മറാണ് ആ അദ്ഭുത സൃഷ്ടിയെങ്കില്‍ റഷ്യയില്‍ ഫിലിപ്പെ കുട്ടീഞ്ഞോ എന്ന 26കാരനാണ്. ലോകകപ്പ് ആരംഭിക്കുന്നതിനു മുമ്പ് മഞ്ഞപ്പടയിലെ സൂപ്പര്‍ താരപരിവേഷം നെയ്മറിനും മാഴ്‌സലോക്കുമായിരുന്നു. എന്നാല്‍, കാല്‍പ്പന്താവേശം അവസാന ഘട്ടത്തിലേക്കു പ്രവേശിക്കുമ്പോള്‍ ഇവരേക്കാളെല്ലാം മുന്‍നിരയില്‍ കുട്ടീനോ എത്തിനില്‍ക്കുന്നു.
ഗ്രൂപ്പ് ഘട്ടത്തില്‍ തോല്‍വിയറിയാതെ വന്ന ബ്രസീല്‍ ആദ്യ മല്‍സരത്തില്‍ സ്വിറ്റ്‌സര്‍ലന്‍ഡിനെതിരേ സമനിലയോടെയാണ് തുടങ്ങിയത്. പ്രതിരോധ താരം മിറാന്‍ഡ സ്‌കോര്‍ ചെയ്ത മല്‍സരത്തില്‍ ബ്രസീല്‍ പക്ഷേ പേരിനൊത്ത പ്രകടനമല്ല കാഴ്ചവച്ചത്. മധ്യനിര പാളിച്ചകള്‍ ബ്രസീലിനു മനസ്സിലാക്കിക്കൊടുത്തു സ്വിസ് പടയ്‌ക്കെതിരേയുള്ള ഈ മല്‍സരം. പിഴവുകളില്‍ നിന്നു പഠിച്ച കാനറിപ്പട രണ്ടാം മല്‍സരത്തില്‍ ആഫ്രിക്കന്‍ കരുത്തരായ കോസ്റ്ററിക്കയെ 2-0നു തകര്‍ത്ത് ലോകകപ്പിലെ ആദ്യ ജയം സ്വന്തമാക്കി. മല്‍സരത്തില്‍ സൂപ്പര്‍ താരങ്ങളായ നെയ്മറും കുട്ടീനോയും ഗോളുകള്‍ നേടി.
ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മല്‍സരത്തില്‍ ദുര്‍ബലരായ സെര്‍ബിയയെ കശാപ്പു ചെയ്താണ് പ്രീക്വാര്‍ട്ടറിലേക്ക് മഞ്ഞപ്പട യോഗ്യത നേടിയത്. ഒത്തിണക്കത്തോടെ ബ്രസീല്‍ നിര കളം നിറഞ്ഞ മല്‍സരത്തില്‍ കുട്ടീനോയും തിയാഗോ സില്‍വയും ഗോളുകള്‍ നേടി. പ്രീക്വാര്‍ട്ടറില്‍ മെക്‌സിക്കോയായിരുന്നു കാനറികളുടെ എതിരാളികള്‍. മധ്യനിര പിഴവുകള്‍ തലവേദന സൃഷ്ടിച്ച ബ്രസീലിനെ രക്ഷിച്ചത് പ്രതിരോധത്തിലെ മികവായിരുന്നു. അവശ്യസമയത്ത് നെയ്മറും റോബര്‍ട്ടോ ഫിര്‍മിനോയും ലക്ഷ്യം കണ്ടതാണ് മല്‍സരം ബ്രസീലിന് അനുകൂലമാക്കിയത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss