|    Apr 30 Sun, 2017 10:48 am
FLASH NEWS

മിനി സിവില്‍സ്റ്റേഷന്‍ രണ്ടാം ഘട്ടം ; 4.2 കോടി രൂപയുടെ ഭരണാനുമതി

Published : 21st April 2017 | Posted By: fsq

 

കുന്ദമംഗലം: കുന്ദമംഗലം മിനി സിവില്‍സ്റ്റേഷന്‍ രണ്ടാം ഘട്ട പ്രവര്‍ത്തിക്ക് 4.2 കോടി രൂപയുടെ ഭരണാനുമതി ലഭ്യമാക്കിയതായി പിടിഎ റഹീം എംഎല്‍എ അറിയിച്ചു. പൊതുമരാമത്ത് വകുപ്പിന്റെ  ഉത്തരവ് പ്രകാരമാണ് സംഖ്യ അനുവദിച്ചിരിക്കുന്നത്. മിനിസിവില്‍ സ്റ്റേഷന്റെ ഒന്നാം ഘട്ട പ്രവൃത്തിക്കായി 2014ലെ ഉത്തരവ് പ്രകാരം 4 കോടി രൂപയുടെ ഭരണാനുമതിയും സാങ്കേതികാനുമതിയും ലഭിക്കുകയും ആയത് പ്രകാരമുള്ള പ്രവൃത്തി നടന്നുവരികയുമാണ്. ഒന്നാം ഘട്ട പ്രവൃത്തിയുടെ ഭാഗമായി തറ നിലയും ഒന്നാം നിലയുമാണ് പൂര്‍ത്തിയാക്കുക. ആയതിന്റെ കരാര്‍ ഏറ്റെടുത്തിട്ടുള്ളത് പൊതുമേഖലാ സ്ഥാപനമായ “സില്‍ക്ക്’ആണ്. രണ്ടാം ഘട്ടത്തില്‍ മൂന്ന് നിലകളുടെ പ്രവൃത്തികൂടി നടത്തുന്നതിനാണ് ഇപ്പോള്‍ ഭരണാനുമതി നല്‍കിയിട്ടുള്ളത്.കേരളത്തിലെ ഏക സബ്താലൂക്ക് ആസ്ഥാനവും നാഷനല്‍ ഹൈവേ 212ലെ സുപ്രധാന ജംഗ്ഷനും ദേശീയ അന്തര്‍ദേശീയ പ്രാധാന്യമുള്ള നിരവധി സ്ഥാപനങ്ങളുടെ കേന്ദ്രവുമായ കുന്ദമംഗലത്ത് ഒരു മിനി സിവില്‍സ്റ്റേഷന്‍ ഇല്ലാത്തത് വലിയൊരു പോരായ്മയായിരുന്നു. വിവിധ ഭാഗങ്ങളിലായി ഒറ്റപ്പെട്ടു നില്‍ക്കുന്ന സര്‍ക്കാര്‍ ഓഫീസുകള്‍ ഒരു മേല്‍ക്കൂരക്ക് കീഴില്‍ കൊണ്ടുവരിക എന്ന ഉദ്ദേശത്തോടെയുള്ള പ്രവര്‍ത്തനത്തിന് സ്ഥലം ലഭ്യമാക്കുക എന്നതായിരുന്നു ആദ്യ കടമ്പ. പിടിഎ റഹീം എംഎല്‍എയുടെ അഭ്യര്‍ത്ഥന പ്രകാരം വി ബാലകൃഷ്ണന്‍ നായര്‍ പ്രസിഡന്റായ ബ്ലോക്ക്പഞ്ചായത്ത് ഭരണസമിതി സ്ഥലം വിട്ടുനല്‍കുന്നതിന് തീരുമാനമെടുക്കുകയും ആയത് സര്‍ക്കാറിന്റെ അംഗീകാരത്തിനായി നല്‍കുകയും ചെയ്തു. സര്‍ക്കാര്‍ ഇക്കാര്യം പരിഗണിച്ചുകൊണ്ട് 2012 ലെ ഉത്തരവ് പ്രകാരം കുന്ദമംഗലം മിനിസിവില്‍ സ്റ്റേഷന്‍ നിര്‍മ്മാണത്തിന് 50 സെന്റ് സ്ഥലം വിട്ടുനല്‍കിക്കൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചു. 577 ചതുരശ്ര മീറ്റര്‍ വീതം വിസ്തൃതിയുള്ള 5 നിലകളായി കോണ്‍ക്രീറ്റ് പ്രബലിത ചട്ടക്കൂട്ടായാണ് കെട്ടിടം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഗ്രൗണ്ട് ഫ്‌ളോറില്‍ സബ് ട്രഷറി, കൃഷിഭവന്‍, ബ്ലോക്ക് ഓഫീസ്, പോലീസ് എയ്ഡ് പോസ്റ്റ് എന്നിവയും ഒന്നാം നിലയില്‍ വില്ലേജ് ഓഫീസ്, തദ്ദേശ സ്വയംഭരണ അസി. എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ഓഫീസ്, തൊഴിലുറപ്പ് പദ്ധതി ഓഫീസ്, മീറ്റിംഗ് ഹാള്‍ എന്നിവയും രണ്ടാം നിലയില്‍ എഇഒ ഓഫീസ്, ഐസിഡിഎസ് ഓഫീസ്, ഡെപ്യൂട്ടി തഹസില്‍ദാര്‍ ഓഫീസ്, പട്ടികജാതി വികസന ഓഫീസ്, എല്‍എസ്ജിഡി അസി. എഞ്ചിനീയര്‍ ഓഫീസ് എന്നിവയും മൂന്നാം നിലയില്‍ എക്‌സൈസ് ഓഫീസ്, അഡീഷനല്‍ താലൂക്ക് സര്‍വ്വേയര്‍ ഓഫീസ്, അഗ്രീകള്‍ച്ചര്‍ അസിസ്റ്റന്റ് ഡയറക്ടര്‍ ഓഫീസ്, കോണ്‍ഫറന്‍സ് ഹാള്‍ എന്നിവയും നാലാം നിലയില്‍ ഭാവിയില്‍ ആവശ്യമായി വരുന്ന മറ്റ് ഓഫീസുകള്‍ക്കായുള്ള സൗകര്യങ്ങളുമായാണ് പ്ലാന്‍ തയ്യാറാക്കിയിരിക്കുന്നത്.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day