മിനാ ദുരന്തം; മരിച്ച ഇന്ത്യക്കാരുടെ എണ്ണം 58 ആയി
Published : 5th October 2015 | Posted By: RKN
നിഷാദ് അമീന്
ജിദ്ദ: കഴിഞ്ഞ പെരുന്നാള്‍ദിനത്തില്‍ ഹജ്ജ് കര്‍മങ്ങള്‍ക്കിടെ മിനായിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് കാണാതായവരില്‍ ഒരു മലയാളി ഉള്‍പ്പെടെ ഏഴുപേരുടെ മൃതദേഹങ്ങള്‍ കൂടി തിരിച്ചറിഞ്ഞു. കോഴിക്കോട് ഫറോക്ക് കല്ലമ്പാറ സ്വദേശി മുനീറിന്റെ മരണമാണ് ബന്ധുക്കളും ഇന്ത്യന്‍ ഹജ്ജ് മിഷനും സ്ഥിരീകരിച്ചത്. മിനായിലെ മുഅയ്സിം മോര്‍ച്ചറിക്കു പുറത്ത് പ്രദര്‍ശിപ്പിച്ച ഫോട്ടോകളില്‍ നിന്ന് മുനീറിന്റെ കഴുത്തിലെ ബാഡ്ജ് തിരിച്ചറിയുകയായിരുന്നു. ഭാര്യ ശബനാസിനെ കണ്ടെത്താനായില്ല.
മകന് ഫായിസിന്റെ മൃതദേഹം നേരത്തേ ഖബറടക്കിയിരുന്നു.കഴിഞ്ഞ ദിവസം തിരിച്ചറിഞ്ഞ ഏഴു മൃതദേഹങ്ങളില്‍ മൂന്നുപേര്‍ ഗുജറാത്തുകാരും രണ്ടുപേര്‍ യു.പി. സ്വദേശികളും ഒരാള്‍ തമിഴ്നാട് സ്വദേശിയുമാണ്. ഏഴു മലയാളികള്‍ ഉള്‍പ്പെടെ 72 ഇന്ത്യക്കാരെ ഇനിയും കണ്ടെത്താനായില്ല. മൃതദേഹങ്ങള്‍ മിനായിലെ മുഅയ്സിം മോര്‍ച്ചറിയിലും മോര്‍ച്ചറിയുടെ പുറത്ത് ശീതീകരണ സംവിധാനത്തോടെയുള്ള കണ്ടെയ്നറുകളിലും ജിദ്ദയിലെ മഅ്ജറിലെ ആശുപത്രി മോര്‍ച്ചറിയിലുമാണ് സൂക്ഷിച്ചിട്ടുള്ളത്. കാണാതായവരുടെ ബന്ധുക്കളും സന്നദ്ധപ്രവര്‍ത്തകരും ഹജ്ജ് മിഷന് ഉദ്യോഗസ്ഥരുമെല്ലാം മൃതദേഹങ്ങള്‍ തിരിച്ചറിയാനുള്ള ശ്രമങ്ങള്‍ നടത്തിയിരുന്നെങ്കിലും 72 ഇന്ത്യക്കാരെ കുറിച്ചുള്ള ഒരു സൂചനയും ഇതേവരെ ലഭ്യമായിട്ടില്ലെന്നു ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റ് അറിയിച്ചു.
സൗദി ജവാസാത്ത് ഉദ്യോഗസ്ഥര്‍ മൃതദേഹങ്ങളില്‍ നിന്ന് വിരലടയാളം ശേഖരിച്ചു തിരിച്ചറിയാനുള്ള ശ്രമങ്ങള്‍ നടത്തിവരുന്നുണ്ട്. ഡി.എന്‍.എ. പരിശോധനയിലൂടെ മൃതദേഹങ്ങള്‍ തിരിച്ചറിയാനുള്ള ശ്രമങ്ങള്‍ സൗദി ആരോഗ്യമന്ത്രാലയം നടത്തിവരുന്നുണ്ട്. കാണാതായ വ്യക്തികളുമായി രക്തബന്ധമുള്ളവരോട് ഡി.എന്‍.എ. സാംപിളുകള്‍ നല്കാന് അധികൃതര്‍ ആവശ്യപ്പെട്ടിരുന്നു. ഇതുപ്രകാരം നിരവധി പേര് സാംപിളുകള്‍ നല്കി. മോര്‍ച്ചറിക്കു പുറത്ത് ആയിരത്തോളം മൃതദേഹങ്ങളുടെ ചിത്രങ്ങള്‍ പതിച്ചിരുന്നെങ്കിലും ഇതില്‍ മിക്കവയും തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല. അപകടത്തില്‍ പരിക്കേറ്റ 76 ഇന്ത്യക്കാര്‍ 17 ആശുപത്രികളിലായി ചികില്‍സയിലാണെന്ന് ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ ബി എസ് മുബാറക് പറഞ്ഞു.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.