|    Aug 19 Sun, 2018 11:27 pm
FLASH NEWS
Home   >  Sports  >  Cricket  >  

മിഥാലി രാജ്; വനിതാ ക്രിക്കറ്റിലെ റെക്കോഡുകളുടെ രാജ്ഞി

Published : 25th June 2017 | Posted By: ev sports


ലണ്ടന്‍: വനിതാ ക്രിക്കറ്റ് ലോകകപ്പിലെ ഉദ്ഘാടന മല്‍സരത്തിലെ അര്‍ധ സെഞ്ച്വറി നേട്ടത്തോടെ ഇന്ത്യന്‍ ക്യാപ്റ്റന്‍ മിഥാലി രാജിന് പുത്തന്‍ റെക്കോഡ്. സ്ഥിരതയാര്‍ന്ന പ്രകടനം കൊണ്ട് വനിതാ ക്രിക്കറ്റിലെ ഇതിഹാസ താരങ്ങള്‍ക്കൊപ്പം പേര് ചേര്‍ക്കപ്പെട്ട മിഥാലി തുടര്‍ച്ചയായി ഏഴ് അര്‍ധ സെഞ്ച്വറികള്‍ നേടുന്ന ആദ്യ വനിതാ താരമെന്ന റെക്കോഡാണ് മിഥാലി നേടിയെടുത്തത്. ലോകകപ്പിലെ ആദ്യ മല്‍സരത്തില്‍ ഇംഗ്ലണ്ടിനെതിരെ 71 റണ്‍സാണ് മിഥാലി നേടിയത്. 70*, 64, 73*, 51*, 54, 62* എന്നിങ്ങനെയാണ് മുന്‍ മല്‍സരങ്ങളിലെ മിഥാലിയുടെ സ്‌കോര്‍. ഇതില്‍ നാല് മല്‍സരങ്ങളിലും മിഥാലി പുറത്താവാതെയാണ് അര്‍ധ സെഞ്ച്വറി നേടിയതെന്നത് താരത്തിന്റെ മികവുയര്‍ത്തുന്നു.
അതേ പോലെ വനിതാ ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ അര്‍ധ സെഞ്ച്വറി നേടുന്ന വനിതാ താരമെന്ന റെക്കോഡും മിഥാലി സ്വന്തം പേരിനൊപ്പം ചേര്‍ത്തു. 47 അര്‍ധ സെഞ്ച്വറികളാണ് മിഥാലി നേടിയത്. ഇംഗ്ലണ്ടിന്റെ ചാര്‍ലോട്ടി എഡ്വാര്‍ഡ്‌സിന്റെ റെക്കോഡാണ് മിഥാലി തിരുത്തി എഴുതിയത്. 191 മല്‍സരങ്ങളില്‍ നിന്ന് 46 അര്‍ധ സെഞ്ച്വറികളാണ് എഡ്വാര്‍ഡ്‌സ് നേടിയിട്ടുള്ളത്.
100 മല്‍സരങ്ങള്‍ കളിച്ച വനിതാ ക്രിക്കറ്റ് താരങ്ങളില്‍ ഏറ്റവും കൂടുതല്‍ ശരാശരിയുള്ള താരമെന്ന റെക്കോഡും മിഥാലി സ്വന്തമാക്കി. 52.27 ശരാശരിയിലാണ് മിഥാലിയുടെ പ്രകടനം. വനിതാ ഏകദിന ക്രിക്കറ്റില്‍ 5000ന് മുകളില്‍ റണ്‍സ് നേടുന്ന രണ്ടാമത്തെ വനിതാ താരമാണ് മിഥാലി. 178 മല്‍സരങ്ങളില്‍ നിന്ന് 5852 റണ്‍സാണ് മിഥാലിയുടെ അക്കൗണ്ടിലുള്ളത്. നടന്നുകൊണ്ടിരിക്കുന്ന വനിതാ ലോകകപ്പില്‍ 6000 റണ്‍സ് മിഥാലി പൂര്‍ത്തിയാക്കിയാല്‍ ഏകദിനത്തില്‍ ഏറ്റവും കൂടതല്‍ റണ്‍സ് നേടുന്ന വനിതാ താരമെന്ന റെക്കോഡും മിഥാലി സ്വന്തമാക്കും.
ലോകകപ്പിലെ ഉദ്ഘാടന മല്‍സരത്തില്‍ ഇംഗ്ലണ്ടിനെ ഇന്ത്യ കീഴടക്കിയപ്പോള്‍ അതും പുത്തന്‍ ചരിത്രമായി. അഞ്ച് വര്‍ഷത്തിന് ശേഷമാണ് ഇംഗ്ലണ്ടിനെതിരെ ഇന്ത്യ വിജയം നേടുന്നത്. ഇന്ത്യയുടെ ഓപണര്‍മാരുടെ മികവാണ് ഇംഗ്ലണ്ടിനെതിരേ ആവേശ ജയം സമ്മാനിച്ചത്. കുറച്ച് മല്‍സരങ്ങളായി സ്ഥിരതയാര്‍ന്ന പ്രകടനം പുറത്തെടുക്കുന്ന ഇന്ത്യയുടെ ഓപണര്‍മാര്‍ ഒന്നാം വിക്കറ്റില്‍ 144 റണ്‍സിന്റെ കൂട്ടുകെട്ടാണ് പടുത്തുയര്‍ത്തിയത്. ഇത് ഇന്ത്യയുടെ ജയത്തില്‍ നിര്‍ണായകമായെന്നും മല്‍സര ശേഷം മിഥാലി പ്രതികരിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss