|    Mar 21 Wed, 2018 8:51 am
Home   >  Editpage  >  Lead Article  >  

മിതവാദികളും വിശുദ്ധന്‍മാരും

Published : 29th November 2015 | Posted By: SMR

എസ്എslug--rashtreeya-keralamന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ കാസര്‍കോട്ടു നിന്ന് ആരംഭിച്ച സമത്വമുന്നേറ്റ യാത്ര തിരുവനന്തപുരത്തു സമാപിക്കുമ്പോള്‍ കേരളത്തില്‍ ഉണ്ടാകുന്ന സാമൂഹിക മാറ്റത്തെക്കുറിച്ചാണ് ഏവരും ഉറ്റുനോക്കുന്നത്. നമ്പൂതിരി മുതല്‍ നായാടി വരെയുള്ള സകലജാതി ഹിന്ദുക്കളെയും ഒറ്റച്ചരടില്‍ കോര്‍ത്തു ഹിന്ദു ഐക്യം സാധ്യമാക്കാനുള്ള ശ്രമം വെള്ളാപ്പള്ളി നടേശന്റെ നേതൃത്വത്തില്‍ ആരംഭിച്ചിട്ട് കുറേക്കാലമായി. ഇക്കാര്യത്തില്‍ നിര്‍ണായകമായ ചുവടുവയ്പായാണ് യാത്രയെ വെള്ളാപ്പള്ളിയും കൂട്ടരും വിശേഷിപ്പിക്കുന്നത്. തിരുവനന്തപുരത്ത് എത്തുമ്പോഴേക്കും പ്രതീക്ഷിക്കുന്ന രാഷ്ട്രീയമാറ്റത്തിന്റെ ഗുണഫലം വഴിതെറ്റി മറ്റാര്‍ക്കും ലഭിക്കാതിരിക്കാനായി ഭാര്യയും മകനുമടക്കം കുടുംബത്തെ ഒന്നടങ്കം വെള്ളാപ്പള്ളി ഒപ്പം കൂട്ടിയിട്ടുമുണ്ട്.
കേരളത്തിലെ രണ്ടു മുന്നണികളെയും പ്രതിസ്ഥാനത്തു നിര്‍ത്തിക്കൊണ്ടാണ് പുതിയ രാഷ്ട്രീയനീക്കത്തെക്കുറിച്ചുള്ള ചര്‍ച്ച വെള്ളാപ്പള്ളി തുടങ്ങിവച്ചത്. ഇക്കണ്ട കാലമത്രയും ന്യൂനപക്ഷ സമുദായങ്ങള്‍ക്കു വാരിക്കോരി കൊടുത്ത രണ്ടു കൂട്ടരും തങ്ങളെ പറഞ്ഞു പറ്റിച്ചുവെന്നതാണ് മുഖ്യ പരാതി. ദേശീയപാതയോരത്ത് മുസ്‌ലിം സമുദായത്തില്‍ പെട്ടവരും മലയോര മേഖലയില്‍ ക്രിസ്ത്യന്‍ സമുദായവും കൈവശം അനുഭവിക്കുന്ന ഭൂമിയെക്കുറിച്ചുള്ള നീട്ടിപ്പരത്തിയ ഒരു കണക്കിനപ്പുറം ആധികാരിക സ്വഭാവമുള്ള എന്തെങ്കിലും വിവരങ്ങള്‍ മുന്നോട്ടുവയ്ക്കാന്‍ വെള്ളാപ്പള്ളിക്കും കൂട്ടര്‍ക്കും ഇതുവരെ കഴിഞ്ഞിട്ടില്ല.
എന്നാല്‍, ഇക്കാലത്തിനിടയില്‍ സര്‍ക്കാര്‍ സൗജന്യമായും തുച്ഛമായ പാട്ടത്തിനുമൊക്കെ പതിച്ചുകൊടുത്ത ഭൂമിയുടെയും, എയ്ഡഡ് എന്നും സ്വാശ്രയമെന്നുമൊക്കെയുള്ള ഓമനപ്പേരില്‍ കെട്ടിപ്പൊക്കിയ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നടക്കുന്ന കള്ളക്കച്ചവടങ്ങളുടെയും കണക്കുകൂടി ചേര്‍ത്തുവച്ചു പരിശോധിച്ചാല്‍ ഇത്തരം വാദങ്ങളുടെ പൂച്ചു പുറത്തുചാടും. പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ ഓടിച്ചിട്ടു നടത്തിയ കണക്കെടുപ്പില്‍ കോഴക്കണക്കില്‍ മാത്രം വെള്ളാപ്പള്ളിയുടെ കീശയിലേക്കു പോയത് 600 കോടി കവിയും. ഈഴവ സമുദായത്തിലെ സ്ത്രീകളെ ഉദ്ധരിക്കാനെന്ന പേരില്‍ നടത്തിയ മൈക്രോഫിനാന്‍സ് ഇടപാടു കൂടി ചേര്‍ന്നാല്‍ തട്ടിപ്പുതുക 11,000 കോടിയിലേക്ക് ഉയരും.
മുസ്‌ലിംകളും ക്രിസ്ത്യാനികളും അടക്കമുള്ള ന്യൂനപക്ഷങ്ങള്‍ ഭരണ-ഉദ്യോഗരംഗങ്ങളില്‍ അര്‍ഹിക്കുന്നതിലും കൂടുതല്‍ സ്ഥാനങ്ങള്‍ നേടിയിരിക്കുന്നുവെന്നതാണ് വെള്ളാപ്പള്ളിയുടെ മറ്റൊരു ആക്ഷേപം. എന്നാല്‍, സര്‍ക്കാര്‍ സര്‍വീസിലെ സംവരണ നഷ്ടം തിട്ടപ്പെടുത്തിയ നരേന്ദ്രന്‍ കമ്മീഷന്‍ റിപോര്‍ട്ട് പ്രകാരം പിന്നാക്കവിഭാഗങ്ങള്‍ക്ക് നഷ്ടപ്പെട്ട 18,525 തസ്തികകളില്‍ 7383 എണ്ണവും മുസ്‌ലിംകള്‍ക്കാണെന്നത് ആധികാരിക രേഖയാണ്. കമ്മീഷന്‍ പത്തു വര്‍ഷം മുമ്പ് പുറത്തുവിട്ട കണക്കനുസരിച്ച് ഈഴവ സമുദായത്തിനു നഷ്ടപ്പെട്ടത് അഞ്ചു തസ്തികകള്‍ മാത്രമാണ്.
സര്‍ക്കാര്‍ സര്‍വീസിലെ ജാതി തിരിച്ചുള്ള പട്ടിക പുറത്തിറക്കണമെന്ന ആവശ്യം അന്നു മുതല്‍ തന്നെ പിന്നാക്കവിഭാഗങ്ങള്‍ ശക്തമായി ഉന്നയിച്ചിരുന്നു. സംവരണ പ്രക്ഷോഭങ്ങളില്‍ പിന്നാക്കവിഭാഗ കൂട്ടായ്മകളെ മുന്നില്‍ നിന്നു നയിച്ചിരുന്ന വെള്ളാപ്പള്ളിക്ക് ഭൂരിപക്ഷ സമുദായ ശാക്തീകരണമെന്ന പേരില്‍ കളംമാറിച്ചവിട്ടാനുള്ള ഉള്‍വിളിയുണ്ടായത് ആ ഘട്ടത്തിലാണ്. ഭൂരിപക്ഷം വല്ലാതെ പിന്നാക്കം നില്‍ക്കുന്നുവെന്നു പരിതപിക്കുന്ന ഈ ഘട്ടത്തിലെങ്കിലും ഭരണ-ഉദ്യോഗരംഗങ്ങളില്‍ ജനസംഖ്യാനുപാതിക പ്രാതിനിധ്യമെന്ന ആവശ്യം വെള്ളാപ്പള്ളിക്ക് മുന്നോട്ടുവയ്ക്കാവുന്നതാണ്.
വെള്ളാപ്പള്ളിയുടെ പുതിയ നീക്കങ്ങള്‍ സൃഷ്ടിക്കുന്ന രാഷ്ട്രീയ പ്രത്യാഘാതങ്ങളെ കുറിച്ചുള്ള അസ്വസ്ഥത ആദ്യഘട്ടത്തില്‍ കണ്ടുതുടങ്ങിയത് ഇടതുപക്ഷത്താണ്. പരമ്പരാഗതമായി തങ്ങളെ തുണയ്ക്കുന്ന ഈഴവ സമുദായത്തിനിടയില്‍ ഉണ്ടായേക്കാവുന്ന പുതിയ ധ്രുവീകരണത്തിന്റെ അപകടം സംബന്ധിച്ച ആശങ്ക ഇടതുപക്ഷത്തെ, പ്രത്യേകിച്ച് സിപിഎമ്മിനെ പ്രകോപിപ്പിക്കുകയെന്നത് സ്വാഭാവികം. കാരണം, സമീപകാല തിരഞ്ഞെടുപ്പുകളില്‍ ബിജെപി നേട്ടം കൊയ്ത മേഖലകളില്‍ എല്ലാംതന്നെ കൈ പൊള്ളിയത് സിപിഎമ്മിനായിരുന്നു. തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പില്‍ പിണറായി വിജയനും വി എസ് അച്യുതാനന്ദനും അടക്കമുള്ള സിപിഎം നേതാക്കള്‍ വെള്ളാപ്പള്ളിയെ നിര്‍ദാക്ഷിണ്യം കടന്നാക്രമിച്ചു രംഗത്തുവരാനുണ്ടായ സാഹചര്യവും മറ്റൊന്നായിരുന്നില്ല.
കൈവിട്ട കളിയായിരുന്നെങ്കിലും സിപിഎം അധികം പരിക്കുകള്‍ ഏല്‍ക്കാതെ രക്ഷപ്പെട്ടുവെന്നു മാത്രമല്ല, അവര്‍ക്ക് ചെറുതല്ലാത്ത നേട്ടം കൊയ്യാനും കഴിഞ്ഞു. മലപ്പുറം അടക്കമുള്ള ന്യൂനപക്ഷ മേഖലകളില്‍ ശക്തമായ മുന്നേറ്റം നടത്താന്‍ സിപിഎമ്മിനു കഴിഞ്ഞത് ഈ നിലപാടിന്റെ പ്രതിഫലനമായിരുന്നു. വെള്ളാപ്പള്ളിയെ നോവിച്ചുവിടുന്നത് ശരിയല്ലെന്നു കരുതിയ കോണ്‍ഗ്രസ്സിന്റെ കണക്കുകൂട്ടലുകളാണ് പിഴച്ചത്. അതുകൊണ്ടുതന്നെയാണ് ഇക്കുറി സമത്വമുന്നേറ്റ യാത്രയുടെ തുടക്കം മുതല്‍ തന്നെ സിപിഎമ്മിനൊപ്പം കോണ്‍ഗ്രസ്സും വെള്ളാപ്പള്ളിക്കെതിരേ അരയും തലയും മുറുക്കി രംഗത്തിറങ്ങിയത്.
വെള്ളാപ്പള്ളി നടപ്പാക്കുന്നത് കേരളത്തെ വര്‍ഗീയമായി വിഭജിക്കാനും പ്രാദേശികമായി ഭിന്നിപ്പിക്കാനുമുള്ള ആര്‍എസ്എസ് അജണ്ടയാണെന്ന കാര്യത്തില്‍ ഇപ്പോള്‍ ഇടതു-വലതു മുന്നണികള്‍ക്ക് തര്‍ക്കമില്ല. മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനുമെല്ലാം ഇക്കാര്യത്തില്‍ ഏകസ്വരമാണ്. വെള്ളാപ്പള്ളിയുടെ യാത്ര കേരളത്തെ വര്‍ഗീയവല്‍ക്കരിക്കാനുള്ള ശ്രമമെന്നാണ് രമേശ് ചെന്നിത്തല പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നത്.
ചെന്നിത്തല കേരളത്തിന്റെ ആഭ്യന്തരമന്ത്രിയാണ്. ജനങ്ങളുടെ ഇടയില്‍ ഭിന്നിപ്പിനും വിദ്വേഷത്തിനും കാരണമാകുന്ന ഏതു പ്രവര്‍ത്തനത്തിനും കടിഞ്ഞാണിടാനുള്ള ഉത്തരവാദിത്തം പോലിസിനുണ്ട്. സംസ്ഥാനത്ത് വര്‍ഗീയ വിദ്വേഷം ജനിപ്പിക്കുന്ന രീതിയില്‍ ഒരു ജാഥ കാസര്‍കോട്ടു നിന്ന് പുറപ്പെട്ട് കേരളത്തിന്റെ പകുതി ദൂരം പിന്നിട്ടിട്ടും പോലിസ് ഇക്കാര്യത്തില്‍ എന്തു നടപടി സ്വീകരിച്ചുവെന്നു കൂട്ടിച്ചേര്‍ക്കാന്‍ കൂടി ആഭ്യന്തരമന്ത്രിക്ക് ബാധ്യതയുണ്ട്. ഇന്ത്യന്‍ പീനല്‍ കോഡിലെ ഇതു സംബന്ധിച്ച വകുപ്പുകള്‍ അബ്ദുന്നാസിര്‍ മഅ്ദനിമാര്‍ക്കു മാത്രം സംവരണം ചെയ്യപ്പെട്ടതല്ലെന്നും, വെള്ളാപ്പള്ളിമാര്‍ക്കും ശശികലമാര്‍ക്കും കൂടി ബാധകമാണെന്നും ചുരുങ്ങിയത് പോലിസിനെ ഭരിക്കുന്ന മന്ത്രിക്കെങ്കിലും ബോധ്യം ഉണ്ടാവണം.
വികസനം മലപ്പുറത്തും കോട്ടയത്തും മാത്രമാണെന്നു പറഞ്ഞ് വെള്ളാപ്പള്ളി പൊട്ടിച്ച വെടി ആര്‍ക്കെതിരെയാണെന്നു ശരാശരി മലയാളികള്‍ക്ക് മുഴുവന്‍ ബോധ്യപ്പെട്ടിട്ടും കുഞ്ഞാലിക്കുട്ടിക്കും കെ എം മാണിക്കും ഇക്കാര്യത്തില്‍ ഇനിയും നേരം വെളുത്തിട്ടില്ലെന്നാണ് മനസ്സിലാക്കേണ്ടത്. വെള്ളാപ്പള്ളിയുടേത് ഭൂരിപക്ഷ വര്‍ഗീയതയാണെന്ന കാര്യത്തില്‍ കുഞ്ഞാലിക്കുട്ടിക്ക് തര്‍ക്കമില്ല. പക്ഷേ, തൂക്കമൊപ്പിക്കാന്‍ ന്യൂനപക്ഷ വര്‍ഗീയത കൂടി ഉദ്ധരിക്കാതെ അതു തുറന്നുപറയാന്‍ കഴിയുന്നില്ലെന്നതാണ് അദ്ദേഹം നേരിടുന്ന സ്വത്വപ്രതിസന്ധി. ി

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss