|    Jul 28 Fri, 2017 2:24 am
FLASH NEWS
Home   >  Pravasi  >  Gulf  >  

മിഡില്‍ ഈസ്റ്റില്‍ വിമാന യാത്രക്കാര്‍ കുറയുന്നു; ഖത്തറില്‍ വര്‍ധനവ്

Published : 7th August 2016 | Posted By: SMR

ദോഹ: മിഡില്‍ ഈസ്റ്റില്‍ വിമാന യാത്രികരുടെ എണ്ണം കുറയുന്നതായി ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ട് അസോസിയേഷന്റെ(അയാട്ട) ഏറ്റവും പുതിയ കണക്ക്. ജൂണില്‍ മെന മേഖലയിലെ വിമാന കമ്പനികള്‍ യാത്രക്കാരുടെ എണ്ണത്തില്‍ 7.5 ശതമാനം വര്‍ധന രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും ജനുവരിയില്‍ അയാട്ട പുറത്തുവിട്ട 10.9 ശതമാനം വളര്‍ച്ചയുമായി താരതമ്യപ്പെടുത്തുമ്പോള്‍ എണ്ണത്തില്‍ കുറവ് വന്നിട്ടുണ്ട്. അതേ സമയം, ഈ പ്രവണതയ്ക്ക് വിരുദ്ധമായി ഹമദ് ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ടില്‍ തിരക്ക് വന്‍തോതില്‍ വര്‍ധിക്കുകയാണ് ചെയ്തത്. 2016 മെയില്‍ ഔദ്യോഗിക കണക്ക് പ്രകാരം 15 ലക്ഷം യാത്രക്കാരാണ് ഹമദ് വിമാനത്താവളം വഴി കടന്നു പോയത്. മുന്‍ വര്‍ഷം ഇതേ മാസത്തെ അപേക്ഷിച്ച് 24 ശതമാനം കൂടുതലാണിത്.
ജൂണില്‍ റമദാന്‍ വന്നത് മെന മേഖലയില്‍ യാത്രക്കാരുടെ എണ്ണം കുറയാന്‍ ഒരു കാരണമാണെന്ന് അയാട്ട പറയുന്നു. റമദാനില്‍ പൊതുവേ യാത്ര ചെയ്യുന്നവരുടെ എണ്ണത്തില്‍ കുറവ് വരാറുണ്ട്. എന്നാല്‍, ചില ആഗോള പ്രശ്‌നങ്ങള്‍ എല്ലാ മേഖലയിലും യാത്രക്കാര്‍ കുറയാന്‍ കാരണമായിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു.
സാമ്പത്തിക അസ്ഥിരത, രാഷ്ട്രീയ പ്രശ്‌നങ്ങള്‍, ഭീകരാക്രമണങ്ങള്‍ തുടങ്ങിയവ വിമാന യാത്രക്കാരുടെ എണ്ണത്തെ ബാധിച്ചിട്ടുണ്ടെന്ന് അയാട്ട സിഇഒ ടോണി ടൈലര്‍ പറഞ്ഞു. യൂറോപ്യന്‍ വിമാന കമ്പനികളെയാണ് ഇത് കാര്യമായി ബാധിച്ചത്. ജൂണില്‍ ഇവയുടെ വളര്‍ച്ച 2.1 ശതമാനം മാത്രമാണ്. എല്ലാ മേഖലകളെയും പരിഗണിക്കുമ്പോള്‍ ഏറ്റവും കുറഞ്ഞ വളര്‍ച്ചാ നിരക്കാണിത്.
മിഡില്‍ ഈസ്റ്റ് മൊത്തത്തില്‍ എടുക്കുമ്പോള്‍ യാത്രക്കാരുടെ എണ്ണത്തില്‍ കുറവ് വന്നിട്ടുണ്ടെങ്കിലും കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ചരക്കു നീക്കത്തില്‍ ഏറ്റവും കൂടുതല്‍ വര്‍ധനവുണ്ടായത് ഈ മേഖലയിലാണെന്നും അയാട്ടയുടെ കണക്കുകള്‍ പറയുന്നു. എട്ട് ശതമാനമാണ് ഒരു വര്‍ഷത്തിനിടെ ചരക്കു നീക്കത്തില്‍ ഉണ്ടായ വര്‍ധന. ഇക്കാര്യത്തില്‍ ഖത്തര്‍ എയര്‍വെയ്‌സ് കാര്യമായ  പങ്കു വഹിക്കുന്നു.
കഴിഞ്ഞ നവംബറിലെ കണക്കു പ്രകാരം ലോകത്തെ മൂന്നാമത്തെ ഏറ്റവും വലിയ ചരക്കു വിമാന കമ്പനിയാണ് ഖത്തര്‍ എയര്‍വെയ്‌സ്. 50ലേറെ കേന്ദ്രങ്ങളിലേക്ക് ഖത്തര്‍ എയര്‍വെയ്‌സ് ചരക്കു കടത്തുന്നുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക