|    Oct 22 Mon, 2018 5:22 pm
FLASH NEWS

മിഠായിപ്പൊതികളുമായി കുഞ്ഞുകൂട്ടുകാരെ സ്വീകരിച്ച് എഴുത്തിന്റെ കുലപതി

Published : 26th September 2017 | Posted By: fsq

 

കോഴിക്കോട് : മലയാള സാഹിത്യത്തിന്റെ കുലപതി എം ടി വാസുദേവന്‍ നായരുടെ വീട്ടിലെത്തിയ കുട്ടികള്‍ക്ക് പുസ്തകത്തോടൊപ്പം മിഠായി കൂടി സമ്മാനമായി കിട്ടിയപ്പോള്‍ അത്ഭുതം. സ്‌കൂളില്‍ വരാനാവാതെ കിടപ്പിലായിപ്പോയ സഹപാഠികള്‍ക്ക് വീട്ടില്‍ ലൈബ്രറി ഒരുക്കിക്കൊടുക്കുന്ന “കൂട്ടുകൂടാന്‍ പുസ്തകച്ചങ്ങാതിയുടെ പുസ്തക ശേഖരണ ഉദ്ഘാടനത്തിനാണ് കുട്ടികള്‍ എം ടി യുടെ വീട്ടിലെത്തിയത്.നടക്കാവ് ഗേള്‍സ് ഹൈസ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനി ആര്യാ രാജീവിന്റെ നേതൃത്വത്തിലെത്തിയ കുട്ടികളെയാണ് എം ടി മിഠായി നല്‍കി സ്വീകരിച്ചത്. നടക്കാവ് സ്‌കൂളിലെ തന്നെ കെ ശ്രേയ , കോട്ടുമ്മല്‍ ജിഎല്‍പിഎസിലെ മൂന്നാം ക്ലാസുകാരന്‍ ഫര്‍സീന്‍, സാമൂതിരി ഹൈസ്‌കൂളിലെ നിഖില്‍ ബിജു, ഗവ. ടിടിഐ സ്‌കൂളിലെ പ്രപഞ്ച് എന്നിവരാണ്  സംഘത്തിലുണ്ടായിരുന്നത്. കിടപ്പിലായ കുട്ടികള്‍ക്ക് കൊടുക്കാവുന്ന ഏറ്റവും നല്ല സമ്മാനമാണ് പുസ്തകങ്ങളെന്ന് എം ടി പറഞ്ഞു. കൂട്ടുകൂടാനും കളികളിലേര്‍പ്പെടാനും വിമുഖനായിരുന്ന തന്റെ കുട്ടിക്കാലം വിരസമാവാതിരുന്നത് പുസ്തകങ്ങളെ കൂട്ടുകാരായി കിട്ടിയതുകൊണ്ടാണെന്ന് എം ടി അനുസ്മരിച്ചു. നാലുകെട്ട്, അസുരവിത്ത്, മഞ്ഞ,് കിളിവാതിലിലൂടെ, ഗോപുരനടയില്‍, ബന്ധനം, പാതിരാവും പകല്‍വെളിച്ചവും തുടങ്ങിയ തന്റെ കൃതികള്‍ സമ്മാനിച്ചുകൊണ്ടാണ് എം ടി ഉദ്ഘാടനം നിര്‍വ്വഹിച്ചത്. കൂടുതല്‍ പുസ്തകങ്ങള്‍ പിന്നീട് എത്തിച്ചുതരുമെന്നും എം ടി കുട്ടികള്‍ക്ക് വാക്കുനല്‍കി. ജ്ഞാനപീഠം ഉള്‍പ്പെടെ അലമാരയിലുണ്ടായിരുന്ന പുരസ്‌കാരങ്ങള്‍ എം ടി കുഞ്ഞുകൂട്ടുകാര്‍ക്ക്്  കാണിച്ചുകൊടുത്തു. എം ടിയുടെ കുപ്പായം എന്ന കഥ എട്ടാംക്ലാസില്‍ പഠിച്ചിട്ടുണ്ടെന്ന് ആര്യ പറഞ്ഞപ്പോള്‍ എം ടി ചിരിച്ചു. ഞങ്ങളുടെ കുട്ടിക്കാലത്തൊക്കെ ഒരു കുപ്പായമായിരുന്നു ഉണ്ടായിരുന്നത്. മുഷിഞ്ഞ് കഴിഞ്ഞാല്‍  അലക്കി ഉണക്കിയിട്ട് വേണം പിന്നീട് ഉപയോഗിക്കാന്‍. ഇന്ന് വസ്ത്രധാരണം ആര്‍ഭാടത്തിന്റെ അടയാളമായി മാറിയിട്ടുണ്ടെന്നും എം ടി പറഞ്ഞു. ഡിപിഒ എം ജയകൃഷ്ണന്‍, പ്രോഗ്രാം ഓഫീസര്‍ വി വസീഫ്, ബിപിഒ ഓംകാരനാഥന്‍, റിസോഴ്‌സ് അധ്യാപകരായ എം സിന്ധു, ടി സുലൈഖ എന്നിവരും സംഘത്തിലുണ്ടായിരുന്നു. പ്രവേശനം നേടിയിട്ടും സ്‌കൂളില്‍ വരാനാവാത്ത മാനസിക-ശാരീരിക പരിമിതികളുള്ള 350 കുട്ടികളുടെ വീട്ടില്‍ ലൈബ്രറി ഒരുക്കുന്ന പദ്ധതിയാണ് “കൂട്ടുകൂടാന്‍ പുസ്തകച്ചങ്ങാതി”. ഓരോ വീട്ടിലും 100 പുസ്തകമെങ്കിലുമുള്ള ലൈബ്രറിയാണ് ഒരുക്കുന്നത്. ജനകീയ പങ്കാളിത്തത്തോടെ എസ്എസ്എ നടപ്പിലാക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം കഴിഞ്ഞ വായനാദിനത്തില്‍ സാഹിത്യകാരന്‍ എം മുകുന്ദനാണ് നിര്‍വ്വഹിച്ചത്. ലോക ഭിന്നശേഷി ദിനമായ ഡിസംബര്‍ മൂന്നിന് 350 ലൈബ്രറിയും പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് ജില്ലാ പ്രോഗ്രാം ഓഫീസറും പദ്ധതിയുടെ കണ്‍വീനറുമായ എ കെ അബ്ദുല്‍ ഹക്കീം പറഞ്ഞു..

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss