|    Jun 20 Wed, 2018 3:07 am

മിഠായിത്തെരുവില്‍ നടന്ന അവലോകനയോഗം : സുരക്ഷാ മുന്‍കരുതല്‍ നടപടികള്‍ 25നു മുമ്പ് പൂര്‍ത്തിയാക്കാന്‍ നിര്‍ദേശം

Published : 21st March 2017 | Posted By: fsq

 

കോഴിക്കോട്: മിഠായിത്തെരുവിലെ തീപ്പിടിത്തതിന്റെ പശ്ചാതലത്തില്‍ കടകളില്‍ ഏര്‍പ്പെടുത്തേണ്ട സുരക്ഷാ മുന്‍കരുതലുകള്‍ ഈ മാസം 25ന് പൂര്‍ത്തിയാക്കണമെന്ന് ജില്ലാ കലക്ടര്‍ യു വി ജോസ് കര്‍ശന നിര്‍ദ്ദേശം നല്‍കി.
ജില്ലാ ദുരന്തനിവാരണ വിഭാഗത്തിന്റെ നേതൃത്വത്തില്‍ മിഠായിത്തെരുവില്‍ ചേര്‍ന്ന ഉദ്യോഗസ്ഥരുടേയും വ്യാപാരി സംഘടനാ പ്രതിനിധികളുടേയും യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. കച്ചവട സ്ഥാപനം നടത്തിപ്പുകാരുടേയും ഉപഭോക്താക്കളുടേയും സുരക്ഷ മുന്‍നിര്‍ത്തിയാണ് സുരക്ഷാ മുന്‍കരുതല്‍ കര്‍ശനമാക്കുന്നത്. കാലപ്പഴക്കം ചെന്ന വയറിങ് മാറ്റല്‍, ഫയര്‍ എക്സ്റ്റിങിഷര്‍ സ്ഥാപിക്കല്‍ തുടങ്ങിയ പ്രവൃത്തികള്‍ നടത്താന്‍ പരിശോധനയെ തുടര്‍ന്ന് നിര്‍ദ്ദേശം നല്‍കിയിരുന്നതാണ്. സുരക്ഷാ മുന്‍കരുതലുകള്‍ ഏര്‍പ്പെടുത്താന്‍ ഇനിയും സ്ഥാപനങ്ങള്‍ ശേഷിക്കുന്നുണ്ട്. 25 നകം പ്രവൃത്തി  പൂര്‍ത്തികരിക്കാത്ത സ്ഥാപനങ്ങളെ തുറന്നു പ്രവര്‍ത്തിപ്പിക്കാന്‍ അനുവദിക്കുന്നതല്ലെന്ന് ജില്ലാ കലക്ടര്‍ വ്യാപാരി സംഘടനാ പ്രതിനിധികളെ അറിയിച്ചു. ഉയര്‍ന്ന കെട്ടിടങ്ങളില്‍ ആവശ്യമുളള അഗ്നിശമന സംവിധാനം പലതും പ്രവര്‍ത്തനക്ഷമമല്ലെന്ന് ജില്ലാ ഫയര്‍ ഓഫിസര്‍ അരുണ്‍ഭാസ്‌കര്‍ പറഞ്ഞു. സര്‍ട്ടിഫിക്കറ്റ് ലഭ്യമാകുന്ന വേളയില്‍ പ്രവര്‍ത്തന സജ്ജമായിരുന്ന സംവിധാനങ്ങള്‍ പലതും ഉപയോഗശൂന്യമായിരിക്കയാണ്. വഴികളിലും കോണിപ്പടികളിലും സാധനങ്ങള്‍ സൂക്ഷിക്കുന്നത് പൂര്‍ണമായും ഒഴിവാക്കണം. ചെറിയ അഗ്നി ബാധയുണ്ടാകുമ്പോള്‍ ഉടന്‍ തീ അണയ്ക്കുന്നതിനു ജലലഭ്യത ഉറപ്പുവരുത്തണം. 15 മീറ്റര്‍ ചുറ്റളവില്‍ ഒന്ന് എന്ന നിലയില്‍ ഫയര്‍ എക്സ്റ്റിങിഷര്‍ ഉണ്ടാവേണ്ടതുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സ്വിച്ച് ബോര്‍ഡിന്  സമീപത്തും ഇന്‍വെര്‍ട്ടറുകള്‍ക്ക് മുകളിലും സാധനങ്ങള്‍ സൂക്ഷിക്കുന്നത് അപകടകരമായ നിലയിലാണ്. സ്ഥാപനത്തിലെ ജീവനക്കാര്‍ക്ക് തന്നെ സ്വിച്ച് ബോര്‍ഡുകള്‍ കണ്ടെത്താന്‍ സാധിക്കാത്ത സാഹചര്യവുമുണ്ട്. മെയിന്‍ സ്വിച്ച് എവിടെയാണെന്ന് പോലും അറിയില്ല.
സ്വിച്ച് ബോര്‍ഡുകള്‍ക്ക് ഒരു മീറ്റര്‍ അകലത്തില്‍ വരെ തുറസ്സായ സ്ഥലം വേണമെന്ന വ്യവസ്ഥയുണ്ടെന്ന് വൈദ്യൂതി വകുപ്പ് അധികൃതര്‍ പറഞ്ഞു. കടയുടമയുടെ ലൈസന്‍സുമായി ബന്ധപ്പെട്ട രേഖകള്‍ കാണത്തക്ക വിധം പ്രദര്‍ശിപ്പിക്കണമെന്ന് കോര്‍പ്പറേഷന്‍ അധികൃതര്‍ നിര്‍ദ്ദേശിച്ചു. കച്ചവട സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് സുരക്ഷാ മുന്‍കരുതല്‍ സംബന്ധിച്ച് പരിശീലനം നല്‍കും. മണ്ണിനടിയിലൂടെ വൈദ്യൂതി കേബിള്‍ സ്ഥാപികുന്ന ജോലികള്‍ വിഷുവിന് ശേഷം ആരംഭിക്കുമെന്ന് കലക്ടര്‍ പറഞ്ഞു.
യോഗത്തില്‍ ദുരന്ത നിവാരണ വിഭാഗം ഡെപ്യുട്ടി കലക്ടര്‍ ബി.അബ്ദുള്‍ നാസര്‍, വ്യാപാരി സംഘടനാ പ്രിതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss