|    Jan 19 Thu, 2017 12:21 pm
FLASH NEWS

മിച്ചഭൂമി തട്ടിയെടുത്ത കേസ്: ക്വാറിക്ക് അനുകൂല റിപോര്‍ട്ട് നല്‍കിയ ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിക്കു ശുപാര്‍ശ

Published : 8th October 2016 | Posted By: SMR

മുക്കം: വ്യാജരേഖ ചമച്ച് മിച്ചഭൂമി തട്ടിയെടുത്തെന്ന കേസില്‍ ക്വാറി മാഫിയക്ക് അനുകൂലമായി റിപോര്‍ട്ട് നല്‍കിയ വിജിലന്‍സ് ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിയെടുക്കാനും ഇവരുടെ സ്വത്തുവിവരം അന്വേഷിക്കാനും വിജിലന്‍സ് കോടതി ഉത്തരവ്. കോഴിക്കോട് വിജിലന്‍സ് സിഐ ആയിരുന്ന കെ കെ വിനോദന്‍, പോലിസ് ഓഫിസറായിരുന്ന സുജിത്ത് എന്നിവര്‍ക്കെതിരേയാണു നടപടി ശുപാര്‍ശ.
തോട്ടുമുക്കം സ്വദേശി കൊല്ലോലത്ത് ബാലകൃഷ്ണന്‍ നല്‍കിയ പരാതിയിലാണു നടപടി. കൊടിയത്തൂര്‍ ഗ്രാമപ്പഞ്ചായത്തിലെ റീസര്‍വേ 172ല്‍ 732.36 ഏക്കര്‍ സ്ഥലം മിച്ചഭൂമിയാണ്. വ്യാജരേഖ ചമച്ച് ക്രഷര്‍ ഉടമ ഇതിലെ എട്ട് ഏക്കറിലധികം സ്ഥലം വാങ്ങി അതിലെ മൂന്ന് ഏക്കറിന് വ്യാജ പട്ടയം വാങ്ങിയെന്നാണ് പരാതി.
സാധാരണഗതിയില്‍ പട്ടയം ലഭിക്കുന്നതിന് അപേക്ഷ സമര്‍പ്പിച്ച് 60 ദിവസം ഹിയറിങ് വേണമെന്നിരിക്കെ വെറും നാലുദിവസംകൊണ്ടാണ് സ്വകാര്യ ക്രഷര്‍ മുതലാളി പട്ടയം നേടിയതെന്ന് ബാലകൃഷ്ണന്‍ പറയുന്നു. വര്‍ഷങ്ങളായി ഇവിടെ താമസിക്കുന്നവര്‍ പട്ടയത്തിനായി അപേക്ഷ നല്‍കി കാത്തിരിക്കുമ്പോഴാണ് നാലുദിവസം കൊണ്ട് ക്രഷര്‍ മുതലാളി പട്ടയം നേടിയെടുത്തത്. പട്ടയത്തിന് അപേക്ഷിച്ച പ്രദേശവാസികള്‍ക്ക്, ഭൂമിയുമായി ബന്ധപ്പെട്ട് കേസ് നിലവിലുണ്ടെന്ന മറുപടിയാണ് ലഭിച്ചത്. 2008ല്‍ ഈ ഭൂമിക്ക് നികുതി അടയ്ക്കുകയും ചെയ്തു.
ഭൂമിക്ക് നികുതിയടയ്ക്കുന്നതിനു മുമ്പുതന്നെ വില്ലേജ് ഓഫിസില്‍ നിന്ന് കൈവശാവകാശ സര്‍ട്ടിഫിക്കറ്റും സ്‌കെച്ചും പ്ലാനും നല്‍കിയിരുന്നതായും ബാലകൃഷ്ണന്‍ പറയുന്നു. വ്യാജരേഖയുണ്ടാക്കി നേടിയ സ്ഥലം ബന്ധുവിന് വിറ്റതിനുശേഷം ആധാരവും തരപ്പെടുത്തി ഇപ്പോള്‍ വന്‍തോതിലാണ് ഇവിടെ ഖനനം നടക്കുന്നത്. ഇതിനെതിരേയാണ് ബാലകൃഷ്ണന്‍ കോഴിക്കോട് വിജിലന്‍സ് കോടതിയെ സമീപിച്ചത്. ഇതിനെ തുടര്‍ന്ന് കോടതി ത്വരിതാന്വേഷണത്തിന് ഉത്തരവിടുകയും കെ കെ വിനോദനും സുജിത്തും അന്വേഷണം നടത്തുകയും ചെയ്തു.
എന്നാല്‍, ക്രഷറിനും ഉടമയ്ക്കും അനുകൂലമായ റിപോര്‍ട്ടാണ് ഇവര്‍ സമര്‍പ്പിച്ചത്. പരാതിയില്‍ പറയുന്ന വില്ലേജ് ഓഫിസര്‍ മരിച്ചതിനാല്‍ കേസില്‍ കഴമ്പില്ലെന്നാണ് റിപോര്‍ട്ട് നല്‍കിയത്. ഇതിനെതിരേ ബാലകൃഷ്ണന്‍ വീണ്ടും കോടതിയെ സമീപിക്കുകയായിരുന്നു. ഇതേത്തുടര്‍ന്നാണ് കോടതി ത്വരിതാന്വേഷണ റിപോര്‍ട്ട് തള്ളിയതും ശുപാര്‍ശ ചെയ്തതും.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 17 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക