|    Jul 25 Tue, 2017 10:28 am
FLASH NEWS
Home   >  Todays Paper  >  page 11  >  

മിക്‌സഡ് ഡബിള്‍സില്‍ ഇന്ത്യക്ക് മെഡലില്ല

Published : 15th August 2016 | Posted By: SMR

റിയോ ഡി ജനയ്‌റോ: ടെന്നിസിലൂടെ റിയോയില്‍ അക്കൗണ്ട് തുറക്കാമെന്നുള്ള ഇന്ത്യയുടെ മോഹം പാളി. മിക്‌സഡ് ഡബിള്‍സില്‍ വെങ്കല മെഡലിനായുള്ള പോരാട്ടത്തില്‍ ഇന്ത്യയുടെ സാനിയ മിര്‍സ-രോഹന്‍ ബൊപ്പണ്ണ സഖ്യത്തിന് തോല്‍വി. ഏറെ പ്രതീക്ഷയുമായി കോര്‍ട്ടിലിറങ്ങിയ സാനിയ-ബൊപ്പണ്ണ സഖ്യത്തെ ചെക്ക് റിപബ്ലിക്ക് ജോടികള്‍ നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തുകയായിരുന്നു.
ഇന്ത്യന്‍ സഖ്യത്തെ തോല്‍പ്പിച്ച് ചെക്ക് റിപബ്ലിക്കിന്റെ റഡെക് സ്റ്റെപാനെക്-ലൂസി റഡെക സഖ്യം വെങ്കല മെഡല്‍ കരസ്ഥമാക്കുകയായിരുന്നു. സ്‌കോര്‍: 1-6, 5-7. ഇതോടെ റിയോ ഒളിംപിക്‌സില്‍ ഇന്ത്യയുടെ ടെന്നിസ് പ്രതീക്ഷകള്‍ക്ക് അവസാനമാവുകയും ചെയ്തു.
സെയ്‌ന പുറത്ത്,  ശ്രീകാന്ത് പ്രീ ക്വാര്‍ട്ടറില്‍
ബാഡ്മിന്റണില്‍ കഴിഞ്ഞ തവണത്തെ വെങ്കല മെഡല്‍ ജേതാവായ ഇന്ത്യയുടെ  ലോക അഞ്ചാം നമ്പര്‍ വനിതാ താരം സെയ്‌ന നെഹ്‌വാള്‍ പ്രീക്വാര്‍ട്ടര്‍ കാണാതെ പുറത്ത്. എന്നാല്‍, പുരുഷ വിഭാഗം സിംഗിള്‍സില്‍ കെ ശ്രീകാന്ത് പ്രീക്വാര്‍ട്ടറില്‍ കടന്നു.
ഗ്രൂപ്പ് ജിയിലെ രണ്ടാം മല്‍സരത്തില്‍ ലോക റാങ്കിങില്‍ 61ാം സ്ഥാനത്തുള്ള ഉക്രെയ്‌നിന്റെ മരിയ അള്‍ട്ടിനയാണ് സെയ്‌നയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് അട്ടിമറിച്ചത്. സ്‌കോര്‍: 18-21, 19-21. സമീപകാലത്ത് സെയ്‌ന നേരിടുന്ന ഏറ്റവും വലിയ അട്ടിമറി തോല്‍വി കൂടിയാണിത്. മല്‍സരം 39 മിനിറ്റ് കൊണ്ട് അവസാനിച്ചു.
അതേസമയം, സ്വീഡന്റെ ഹുര്‍സ്‌കൈനനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ശ്രീകാന്ത് പ്രീക്വാര്‍ട്ടറിലേക്ക് മുന്നേറിയത്. ഗ്രൂപ്പ് എച്ചില്‍ ശ്രീകാന്തിന്റെ തുടര്‍ച്ചയായ രണ്ടാം ജയം കൂടിയായിരുന്നു ഇത്. സ്‌കോര്‍: 21-6, 21-18.
ഷൂട്ടിങില്‍ ഇന്ത്യക്ക് മെഡലില്ല
റിയോ ഒളിംപിക്‌സ് ഷൂട്ടിങില്‍ ഇന്ത്യയുടെ മടക്കം ഒരു മെഡല്‍ പോലും നേടാനാവാതെ. ഇന്ത്യ ഏറെ പ്രതീക്ഷ വച്ച് പുലര്‍ത്തിയിരുന്ന ഷൂട്ടിങില്‍ നിരാശപ്പെടുത്തിയത് റിയോയില്‍ ഇന്ത്യക്ക് വന്‍ ആഘാതമാണ് സമ്മാനിച്ചിരിക്കുന്നത്. 2004 ഒളിംപിക്‌സിനു ശേഷം ആദ്യമായാണ് ഷൂട്ടിങില്‍ ഇന്ത്യക്ക് മെഡല്‍ നേടാന്‍ കഴിയാതെ പോവുന്നത്.
പുരുഷന്‍മാരുടെ 50 മീറ്റര്‍ റൈഫിള്‍ ത്രി പൊസിഷനില്‍ ഗഗന്‍ നാരംഗും ചെയിന്‍ സിങും ഫൈനല്‍ റൗണ്ടിലേക്ക് യോഗ്യത നേടാനാവാതെ പുറത്താവുകയായിരുന്നു. യോഗ്യതാ റൗണ്ടില്‍ ചെയിന്‍ സിങിന് 24ാമതും നാരംഗിന് 33ാം സ്ഥാനത്തുമാണ് ഫിനിഷ് ചെയ്യാന്‍ സാധിച്ചത്.
മാരത്തണില്‍ ജെയ്ഷയ്ക്ക് 89ാം സ്ഥാനം
വനിതകളുടെ മാരത്തണില്‍ ഇന്ത്യയുടെ മലയാളി താരം ഒ പി ജെയ്ഷ 89ാം സ്ഥാനത്ത്. ഈയിനത്തില്‍ മല്‍സരിച്ച ഇന്ത്യയുടെ കവിത റാവത്തിന് 120ാം സ്ഥാനത്തെത്താനെ സാധിച്ചുള്ളൂ.
കെനിയയുടെ ജെമിമ ജെലാഗറ്റ് സുംഗോങിനാണ് ഈയിനത്തില്‍ സ്വര്‍ണം.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക