|    Oct 21 Sun, 2018 6:54 am
FLASH NEWS

മിക്കയിടത്തും പമ്പ് ഹൗസുകളിലെ മോട്ടോറുകള്‍ തകരാറില്‍

Published : 29th January 2017 | Posted By: fsq

 

പത്തനംതിട്ട: ജില്ലയില്‍ മിക്കയിടത്തും പമ്പ് ഹൗസുകളിലെ മോട്ടോറുകള്‍ കേടായിക്കിടക്കുകയാണെന്ന് എംഎല്‍എമാര്‍ ജില്ലാ വികസന സമിതിയെ അറിയിച്ചു. ഇത് നന്നാക്കാന്‍ അടിയന്തര നടപടി വേണം. കടമ്പനാട്, തുമ്പമണ്‍ എന്നിവിടങ്ങളിലെ മോട്ടോറുകള്‍ കേടായിരിക്കുകയാണെന്ന് ചിറ്റയം ഗോപകുമാര്‍ എംഎല്‍എ പറഞ്ഞു. നാരങ്ങാനം കണമുക്കിലെ മോട്ടോറിന്റെ അവസ്ഥ വാട്ടര്‍ അതോറിറ്റി എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ പരിശോധിച്ച ശേഷം അറിയിക്കണമെന്ന് വീണാ ജോര്‍ജ് എംഎല്‍എ പറഞ്ഞു. അടൂര്‍ ടൗണിലെ കുടിവെള്ള പൈപ്പുകള്‍ മാറ്റുന്നതിന് നടപടി വേഗത്തിലാക്കണമെന്ന്്് ചിറ്റയെ ഗോപകുമാര്‍ എംഎല്‍എ പറഞ്ഞു. അടൂരിലെ പൊതുകുളങ്ങളും കിണറുകളും നന്നാക്കുകയും വേണം. പൈപ്പുകള്‍ പൊട്ടുന്ന സംഭവങ്ങള്‍ വാട്ടര്‍ അതോറിറ്റി എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ നേരിട്ട് നിരീക്ഷിക്കണം. വിവിധ കുടിവെള്ള പദ്ധതികളുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് പരിശോധിച്ച് റിപോര്‍ട്ട് നല്‍കണം. കീരുകുഴി പാല—ത്തിന് സമീപം വാട്ടര്‍ അതോറിറ്റിയുടെ പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നു. രണ്ടാഴ്ചയായി ഈ മേഖലയില്‍ കുടിവെള്ളമില്ല. തിങ്കളാഴ്ചയോടെ ഇതിന് പരിഹാരം കാണണമെന്ന് അദ്ദേഹം നിര്‍ദേശിച്ചു. കെഐപി, പിഐപി കനാലുകള്‍ വൃത്തിയാക്കുകയും പുനരുദ്ധരിക്കുകയും ചെയ്യുന്നതിനുള്ള നടപടി വേഗത്തിലാക്കണം. അടുത്ത വര്‍ഷം മുതല്‍ വേനലിനെ നേരിടുന്നതിനുള്ള നടപടി വാട്ടര്‍ അതോറിറ്റിയും കെഐപിയും നേരത്തെ ആരംഭിക്കണമെന്ന് എംഎല്‍എമാര്‍ ആവശ്യപ്പെട്ടു. പന്തളം തെക്കേക്കര കനാലിലൂടെ കഴിഞ്ഞ അഞ്ച് വര്‍ഷമായി വെള്ളം തുറന്നു വിടാനാവുന്നില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. വെള്ളം ലഭിക്കാത്തതു കാരണം അടൂര്‍ മേഖലയിലെ മുഴുവന്‍ കര്‍ഷകരും പ്രതിസന്ധിയിലാണെന്ന് എംഎല്‍എ പറഞ്ഞു. ഫെബ്രുവരി എട്ടിന് കെഐപി കനാല്‍ തുറക്കുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ജില്ലയിലെ റോഡുകളിലെ കൈയേറ്റങ്ങളും പാതയുടെ വശങ്ങളില്‍ വിവിധ വസ്തുക്കള്‍ കൂട്ടിയിട്ടിരിക്കുന്നതും നീക്കം ചെയ്യാനും ഉത്തരവാദികളായവര്‍ക്കെതിരെ നടപടി സ്വീകരിക്കാനും പൊതുമരാമത്ത് നിരത്തു വിഭാഗം തയ്യാറാവണമെന്ന് രാജു എബ്രഹാം എംഎല്‍എ പറഞ്ഞു. ഹൈമാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിച്ചിട്ടുള്ള പഞ്ചായത്തുകള്‍ കമ്പനികളുമായി മെയിന്റനന്‍സ് കരാര്‍ ഒപ്പു വയ്ക്കാന്‍ നിര്‍ദേശിക്കണം. മാരാമണ്‍ കണ്‍വന്‍ഷന്‍ നടക്കാന്‍ പോവുന്ന വേളയില്‍ കോഴഞ്ചേരി ബസ് സ്റ്റാന്‍ഡിലെ ഹൈമാസ്റ്റ് ലൈറ്റ് പ്രവര്‍ത്തിപ്പിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോര്‍ജ് മാമ്മന്‍ കൊണ്ടൂര്‍ പറഞ്ഞു. റാന്നിയില്‍ 13 സ്ഥലത്ത് പട്ടയവിതരണ പ്രശ്‌നമുണ്ടെന്നും അത് ഉടന്‍ പരിഹരിക്കണമെന്നും രാജു എബ്രഹാം എംഎല്‍എ പറഞ്ഞു. റാന്നി പാലത്തിലെ ആല്‍മരം നീക്കം ചെയ്യണം. ആദിവാസികള്‍ക്ക് ഭൂമി നല്‍കുന്ന നടപടി വേഗത്തിലാക്കണം. കുറുമ്പന്‍മൂഴി എസ്ടി കോളനിയിലെ ഓഡിറ്റോറിയത്തില്‍ വൈദ്യുതി വിതരണം പുനസ്ഥാപിക്കാന്‍ നടപടിയുണ്ടാവണം. റാന്നി താലൂക്ക് ആശുപത്രിയിലെയും മിനി സിവില്‍ സ്‌റ്റേഷനിലെയും ലിഫ്റ്റുകളുടെ പണി വേഗം പൂര്‍ത്തിയാക്കണമെന്നും അദ്ദേഹം പറഞ്ഞു.     ഏനാത്ത് പാലത്തിന്റെ കിഴക്കും വടക്കും ഭാഗങ്ങളില്‍ ഇടിഞ്ഞു താഴ്ന്നിട്ടുണ്ടെന്നും ഇത് നന്നാക്കണമെന്നും ചിറ്റയം ഗോപകുമാര്‍ എംഎല്‍എ ഇറിഗേഷന്‍ വിഭാഗത്തിന് നിര്‍ദേശം നല്‍കി. പള്ളിക്കല്‍ തോട്ടത്തില്‍ ഭാഗം ആറിന്റെ വശം കെട്ടി സംരക്ഷിക്കണം. അടൂര്‍ ഫയര്‍ സ്‌റ്റേഷന്‍ കെട്ടിടത്തിന് സമീപത്തെ മരം മുറിക്കാനുള്ള നടപടി വേഗത്തിലാക്കണം. പന്തളം പിഎച്ച്‌സിയിലെ വയറിങ് പണികള്‍ സംബന്ധിച്ച റിപോര്‍ട്ട് ഡിഎംഒ തിങ്കളാഴ്ച നല്‍കണം. പത്തനംതിട്ടയില്‍ ജുഡീഷ്യല്‍ കോംപ്ലക്‌സ് നിര്‍മിക്കുന്നതിനുള്ള നടപടികളുടെ പുരോഗതിയും മല്ലപ്പുഴശേരിയില്‍ കിണര്‍ വൃത്തിയാക്കുന്നതിനുള്ള നടപടി സംബന്ധിച്ചുമുള്ള വിവരം വീണാജോര്‍ജ് എംഎല്‍എ ആരാഞ്ഞു. ഇലന്തൂര്‍ സര്‍ക്കാര്‍ കോളജിനായി ഖാദി ബോര്‍ഡ് വിട്ടുനല്‍കിയ സ്ഥലത്തിന്റെ സര്‍വേ നടപടി വേഗത്തിലാക്കണമെന്ന് എംഎല്‍എ ആവശ്യപ്പെട്ടു. കോഴഞ്ചേരി മിനി സിവില്‍ സ്‌റ്റേഷനിലെ ട്രഷറി മാറ്റം വേഗത്തിലാക്കണം. കോഴഞ്ചേരി മണ്ണാറക്കുളഞ്ഞി റോഡിലെ അപകട മേഖലയില്‍ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ചേര്‍ന്നുള്ള പരിശോധനയെക്കുറിച്ച് തന്നെ അറിയിച്ചില്ലെന്ന് വീണാ ജോര്‍ജ് എംഎല്‍എ പറഞ്ഞു. പലതവണ പരിശോധന മാറ്റിവയ്ക്കപ്പെട്ടെന്നും കഴിഞ്ഞ 21ന് അവിടെ അപകടത്തില്‍ ഒരു ജീവന്‍ പൊലിഞ്ഞെന്നും ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോര്‍ജ് മാമ്മന്‍ കൊണ്ടൂര്‍ പറഞ്ഞു. ഒരാള്‍ ഗുരുതരാവസ്ഥയിലുമാണ്. ഇവിടെ വണ്‍ വേ സംവിധാനം കൊണ്ടുവരികയാണ് അപകടം ഒഴിവാക്കാനുള്ള ഏക മാര്‍ഗമെന്ന് അദ്ദേഹം നിര്‍ദേശിച്ചു. എംഎല്‍ എയെയും ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റിനെയും മറ്റു ജന പ്രതിനിധികളെയും ഉദ്യോഗസ്ഥരെയും ഉള്‍പ്പെടുത്തി 31ന് രാവിലെ ഒമ്പതിന് പരിശോധന നടത്താന്‍ തീരുമാനിച്ചു. തകര്‍ന്നു കിടക്കുന്ന ആത്മാവുകവല-കുരിശുകവല റോഡ് ഉടന്‍ നന്നാക്കാന്‍ പൊതുമരാമത്ത് നിരത്തു വിഭാഗം നടപടി സ്വീകരിക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി പറഞ്ഞു. കവിയൂര്‍ ചങ്ങനാശേരി റോഡ്, കാവുംഭാഗം ഇടിഞ്ഞില്ലം റോഡ്, തിരുവല്ല ബൈപാസ് എന്നിവയുടെ പണി വേഗത്തില്‍ നടത്തണമെന്ന് മന്ത്രി മാത്യു ടി തോമസിന്റെ പ്രതിനിധി അലക്‌സ് കണ്ണമല പറഞ്ഞു.             പത്തനംതിട്ട നഗരസഭാധ്യക്ഷ രജനി പ്രദീപ്, ജില്ലാ പ്ലാനിങ്് ഓഫിസര്‍ കമലാസനന്‍ നായര്‍ സംസാരിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss