|    Sep 26 Tue, 2017 7:15 am
FLASH NEWS

മികച്ച വിളവ് ലഭിച്ചതിന്റെ ആഹ്ലാദത്തില്‍ കോടാലി പാടത്തെ കര്‍ഷകര്‍

Published : 13th October 2016 | Posted By: Abbasali tf

കൊടകര: കന്നിക്കൊയ്്ത്ത് കഴിഞ്ഞപ്പോള്‍ മികച്ച വിളവു കിട്ടിയതിന്റെ   ആഹ്ലാദത്തിലാണ്  കോടാലി പാടത്തെ കര്‍ഷകര്‍. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് മികച്ച വിളവാണ് ഇവിടത്തെ കര്‍ഷകര്‍ ഇത്തവണ കൊയ്‌തെടുത്തത്. എഴുപതുഹെക്ടറോളം വരുന്ന  കോടാലിപാടം   മറ്റത്തൂര്‍ പഞ്ചായത്തിലെ ഏറ്റവും വലിയ പാടശേഖരമാണ്. കര്‍ഷകരെ ഏകോപിപ്പിച്ചു സമയബന്ധിതമായി വിരിപ്പുകൃഷിയിറക്കാന്‍ കര്‍ഷക സമതിക്ക് കഴിഞ്ഞതാണ് നല്ല വിളവുണ്ടായതിനു പ്രധാനകാരണം. മുഴുവന്‍ കര്‍ഷകരും ഒരേ സമയത്ത് കൃഷിയിറക്കിയത് കീടബാധ കുറയാന്‍ സഹായിച്ചു. ചാഴിയും തണ്ടുതുരപ്പനും സ്ഥിരമായി ശല്യം ചെയ്യുന്ന പാടശേഖരത്ത് ഇത്തവണ ഇവയുടെ ഉപദ്രവം നന്നേകുറവായിരുന്നെന്ന് കര്‍ഷകര്‍ പറയുന്നു.  പാടശേഖരത്തിന്റെ അതിര്‍ത്തിയിലൂടെ ഒഴുകുന്ന വെള്ളിക്കുളം വലിയ തോട്ടില്‍് ഇത്തവണ മലവെള്ളപ്പാച്ചിലുണ്ടാകാതിരുന്നതും കര്‍ഷകര്‍ക്ക് അനുഗ്രഹമായി. കാലവര്‍ഷം ശക്തിപ്പെട്ടാല്‍ രണ്ടോ മൂന്നോ തവണ  വലിയതോട് കരകവിഞ്ഞൊഴുകി കോടാലി പാടശേഖരത്തെ നെല്‍കൃഷിക്ക് നാശം സംഭവിക്കാറുണ്ടെങ്കിലും ഇക്കുറി മഴ കുറഞ്ഞ് കര്‍ഷകരെ തുണച്ചു. പാടശേഖരത്തില്‍  വെള്ളത്തിന്റെ സാന്നിധ്യമില്ലാതിരുന്നത് കൊയ്ത്ത് യന്ത്രം ഇറക്കി പെട്ടെന്ന് കൊയ്ത്ത് തീര്‍ക്കാനും സഹായകമായി. ജയ വിത്താണ് കോടാലി പാടത്തെ മുഴുവന്‍ കര്‍ഷകരും വിരിപ്പു കൃഷിക്കുപയോഗിച്ചത്. 12 സെന്റ് വരുന്ന ഒരു പറ നിലത്ത് നിന്ന്   ശരാശരി 30 പറ നെല്ല്   ഇത്തവണ കര്‍ഷകര്‍ക്ക് ലഭിച്ചു. കഴിഞ്ഞ വര്‍ഷങ്ങളില്‍ ഇത് 22 പറയായിരുന്നു. വിരിപ്പു കൃഷി നല്‍കിയ മികച്ച വിളവിന്റെ ആവേശം ഉള്ളില്‍ നിറച്ച്  മുണ്ടകന്‍ വിളയിറക്കാനുള്ള തയ്യാറെടുപ്പിലാണ് കര്‍ഷകര്‍.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക