|    Jul 21 Sat, 2018 7:18 am
FLASH NEWS

മാസങ്ങള്‍ കഴിഞ്ഞിട്ടും മ്ലാമല റോഡിനു മോക്ഷമായില്ല

Published : 12th August 2017 | Posted By: fsq

 

വണ്ടിപ്പെരിയാര്‍: നിര്‍മാണ ഉദ്ഘാടനം കഴിഞ്ഞ് മാസങ്ങള്‍ പിന്നിട്ടിട്ടും മ്ലാമല ഗ്ലെന്‍മേരി റോഡിന് ശാപമോക്ഷമില്ല. റോഡ് വീതി കൂട്ടുന്ന പണികള്‍ ഇതുവരെ ആരംഭിക്കാനായിട്ടില്ല. സ്വകാര്യ തോട്ട ഉടമയുടെ എതിര്‍പ്പാണ് റോഡ് നിര്‍മ്മാണം തടസപ്പെടാനുള്ള കാരണമെന്ന് നാട്ടുകാര്‍. സ്വകാര്യ തേയില തോട്ടത്തിനു സമീപത്തുള്ള തകര്‍ന്നു കിടന്ന 12 കിലോമീറ്റര്‍ റോഡ് ഗതാഗത യോഗ്യമാക്കുന്നതിനു വേണ്ടി കേന്ദ്ര സര്‍ക്കാരിന്റെ പി.എം.ജി.എസ്. വൈ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 5.79 കോടി അനുവദിച്ചിരുന്നു.  കഴിഞ്ഞ മാര്‍ച്ച് 28ന് അഡ്വ: ജോയ്‌സ് ജോര്‍ജ് എം.പി. ഈ റോഡിന്റെ നിര്‍മ്മാണ ഉദ്ഘാടനം നടത്തിയതാണ്. വണ്ടിപ്പെരിയാര്‍ പഞ്ചായത്തില്‍ ഉള്‍പ്പെട്ട മ്ലാമല ഫാക്ടറി കവലയില്‍ നിന്നും മ്ലാമല പുതുവല്‍, ഇണ്ടന്‍ ചോല, 110 പുതുവല്‍, പീരുമേട് പഞ്ചായത്തിലെ കൊടുവാ വഴി ഗ്ലെന്‍ മേരി വരെയുള്ള 12 കിലോമീറ്റര്‍ ദൂരമാണ് ഉള്ളത്. നാലര മീറ്റര്‍ വീതിയുള്ള റോഡ് എട്ടു മീറ്ററാക്കി ഗതാഗതയോഗ്യമാക്കി ടാറിങ് നടത്തുവാനുള്ള പണിയാണ് സ്വകാര്യ തോട്ടം ഉടമയുടെ പരാതിയെ തുടര്‍ന്നു തടസപ്പെട്ടു നില്‍ക്കുന്നത്. 40 വര്‍ഷത്തിലേറെ വര്‍ഷം പഴക്കമുള്ള റോഡാണ് ഇത്. കര്‍ഷകരും, തോട്ടം തൊഴിലാളികളും അധിവസിക്കുന്ന പ്രദേശത്തെ ആളുകളാണ് ഈ റോഡ് ഉപയോഗിച്ചു വരുന്നത്.റോഡ് വീതി കൂട്ടുവാന്‍ 2011 ല്‍ സമ്മതപത്രം സ്വകാര്യ തോട്ട ഉടമ അധികൃതര്‍ക്കു നല്‍കിയിരുന്നു. എന്നാല്‍ തേയില  തോട്ടത്തിന്റെ അവകാശ തര്‍ക്കത്തെ തുടര്‍ന്നു കോടതിയില്‍ കേസുകള്‍ ഈ സ്ഥലത്തെ ചൊല്ലിയുണ്ട്. 2017 മാര്‍ച്ചില്‍ തോട്ടത്തിന്റെ സ്ഥലം റോഡിനായി നല്‍കുന്ന സമ്മതപത്രം കിട്ടിയതേടെയാണ് നിര്‍മ്മാണ ഉദ്ഘാടനവും നടത്തി.എന്നാല്‍ ഇതിനു ശേഷം മാസങ്ങള്‍ പിന്നിട്ടിട്ടും യാതൊരു നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും നടത്തുവാന്‍ കഴിഞ്ഞിട്ടില്ല. നിലവില്‍ റോഡ് മോശമായതിനാല്‍ രോഗികളായ ആളുകളെ ആശുപത്രിയില്‍ കൊണ്ടു പോകുവാന്‍ പോലും വളരെ ബുദ്ധിമുട്ടാണ്. ജീപ്പ് ഒഴികെ മറ്റൊരു വാഹനവും ഈ വഴിയിലൂടെ പോകുവാന്‍ കഴിയാത്ത വിധം തകര്‍ന്ന നിലയിലാണ്.സാധാരണക്കാരായ ആളുകള്‍ക്ക് ടാക്‌സി ജീപ്പ് പിടിക്കുന്നത് സാമ്പത്തിക ബാധ്യത കൂടുതലാണ്. റോഡ് ഗതാഗതയോഗ്യമാവുന്നതോടെ  മ്ലാമല, കീരിക്കര, തേങ്ങക്കല്‍, പ്രദേശത്തെ ആളുകള്‍ക്ക് പീരുമേട്ടില്‍ എത്തുവാന്‍  കുറഞ്ഞ സമയം സഞ്ചരിച്ചാല്‍ മതിയാവും. നാട്ടുകാരുടെ നിരന്തര പരിശ്രമ ഫലമായിട്ടാണ് എം.പി.മുഖേന റോഡ് പി.എം.ജി.എസ്.വൈ. പദ്ധതിയില്‍ ഉള്‍പ്പെടുത്തിയത്. സ്വകാര്യ തോട്ട ഉടമ പി.എം.ജി.എസ്.വൈ.എക്‌സിക്യൂട്ടിവ് എഞ്ചിനീയര്‍ക്ക് പരാതി നല്‍കിയതോടെയാണ് നിര്‍മ്മാണ പ്രവര്‍ത്തനം തടസപ്പെട്ടത് ഇതോടെ നാട്ടുകാര്‍ സമരവുമായി മുന്നോട്ട് പോകുവാന്‍ തീരുമാനിച്ചുവെങ്കിലും കഴിഞ്ഞ ദിവസം നാട്ടുകാര്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ തോട്ടം ഉടമയുമായി ജനപ്രതിനിധികളും നാട്ടുകാരും സംസാരിക്കുകയും തോട്ട ഉടമ എന്‍.ഒ.സി. നല്‍കാന്‍ തയ്യാറായതോടെ സമരത്തില്‍ നിന്നും നാട്ടുകാര്‍ പിന്‍വാങ്ങുകയായിരുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss