|    Jun 24 Sat, 2017 12:41 pm
FLASH NEWS

മാവോവാദി സംഘടനയുടെ ലഘുലേഖവിതരണം; പ്രതികളെ കസ്റ്റഡിയില്‍ വിട്ടു

Published : 10th January 2017 | Posted By: fsq

 

മഞ്ചേരി: മാവോവാദി സംഘടനയുടെ ലഘുലേഖകള്‍ വിതരണം ചെയ്തുവെന്ന കേസില്‍ റിമാന്റിലുള്ളവരെ പോലിസ് കസ്റ്റഡിയില്‍വിട്ടു. മഹാലിംഗം, ആന്‍മേരി എന്നിവരെയാണ് മഞ്ചേരി ജില്ലാ സെഷന്‍സ് കോടതി മൂന്ന് ദിവസത്തെ പോലിസ് കസ്റ്റഡിയില്‍ വിട്ടത്. വഴിക്കടവ്, പൂക്കോട്ടുംപാടം സ്റ്റേഷനുകളില്‍ നിലവിലുള്ള കേസുകളില്‍ കൂടുതല്‍ തെളിവ് ശേഖരിക്കാന്‍ വേണ്ടി പ്രതികളെ വിട്ടുകിട്ടണമെന്ന് പോലിസിന്റെ ആവശ്യം പരിഗണിച്ചാണ് ഇത്. തമിഴ്‌നാട്ടിലെ ജ്യുഡീഷ്യല്‍ കസ്റ്റഡിയിലുള്ള ഇരുവരെയും ഞായറാഴ്ചയാണ് കേരള പോലിസ് ഏറ്റുവാങ്ങിയത്. തിങ്കളാഴ്ച രാവിലെയാണു കനത്ത പോലിസ് കാവലില്‍ ഇവരെ കോടതിയില്‍ എത്തിച്ചത്. അയ്യപ്പന്‍പൊട്ടിയിലെ തച്ചറാവില്‍ ഖദീജയുടെ വീട്ടില്‍ തോക്കും ബോംബും ഉള്‍പ്പെടെയുള്ള ആയുധങ്ങളുമായി മാവോവാദികള്‍ സായുധ പോരാട്ടം ആഹ്വാനംചെയ്യുന്ന ലഘുലേഖ വിതരണം ചെയ്യുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് ആന്‍മേരിക്കെതിരെയുള്ള കേസ്. 2015 ഫെബ്രുവരി മൂന്നിനു പൂക്കോട്ടുംപാടം കരുളായി താളിപ്പുഴ ചോലനായ്ക്കര്‍ കോളനിയിലെത്തി മാവോവാദി അനുകൂല ലഘുലേഖ വിതരണം ചെയ്തതിനാണു മാഹാലിംഗം എന്ന പളനി ഉള്‍പ്പടെ അഞ്ചുപേര്‍ക്കെതിരേ കേസെടുത്തത്. രണ്ട് സംഭവങ്ങളിലും ആന്‍മേരിയും വിക്രം ഗൗഡയും ഉണ്ടെന്ന് പോലിസ് നേരത്തെ തിരിച്ചറിഞ്ഞിരിന്നു. അങ്കമാലിയില്‍ മാവോവാദി ദളം രൂപീകരണത്തിനിടെയാണ് മഹാലിംഗവും ആന്‍മേരിയും പിടിയിലായത്. മഹാലിംഗത്തെ തമിഴ്‌നാട് തേനി മീനാക്ഷിപുരം വര്‍ഷനാട് സ്റ്റേഷനിലെ കേസിലും, ആന്‍മേരിയെ പെരിയകുളം പോലിസ് സ്‌റ്റേഷന്‍ ആക്രമിച്ച കേസിലുമാണ് തമിഴ്‌നാട് ക്യൂബ്രാഞ്ച് കസ്റ്റഡിയിലെടുത്തത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക