|    Feb 24 Fri, 2017 11:23 am
FLASH NEWS

മാവോവാദി വേട്ട; ഹൃദയത്തിനേറ്റ വെടിയില്‍ മരണം ഉറപ്പായിട്ടും അഞ്ചുതവണ വെടിവച്ചു

Published : 2nd December 2016 | Posted By: SMR

ടിപി ജലാല്‍

മഞ്ചേരി:  മാവോവാദികളെ കൊലപ്പെടുത്തിയ സംഭവത്തില്‍ ദൂരൂഹതയേറുന്നു. അറുപതുകാരനായ  കൂപ്പുദേവരാജിന്റെ മുന്‍വശത്ത് വെടിയുതിര്‍ത്തതോടെ ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുമ്പോഴാണ് പിറകില്‍ നിന്നും അഞ്ചു വെടിയുതിര്‍ത്തതെന്നാണ് ഇന്നലെ സമര്‍പ്പിച്ച പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ടില്‍ പോലിസ് സമര്‍ഥിക്കാന്‍ ശ്രമിച്ചത്.  എന്നാല്‍, ആദ്യനാലു ബുള്ളറ്റുകളില്‍ ഒരെണ്ണം ഹൃദയം തുളച്ചുകയറി കീഴ്ഭാഗത്തേക്ക് തിരിഞ്ഞിട്ടുള്ളതായി രേഖപ്പെടുത്തിയിട്ടുണ്ട്. വെടിയുണ്ട ഹൃദയം തുളച്ചുകയറിയാല്‍ കുഴഞ്ഞു വീഴുകയല്ലാതെ ഒരടി നടക്കാനാവില്ലെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. പിന്നീടൊരു പിന്തിരിഞ്ഞോട്ടം അസാധ്യമാണെന്നും വിലയിരുത്തപ്പെടുന്നു. മാത്രമല്ല അറുപതു വയസ്സ് പിന്നിട്ടയാളായതിനാല്‍ വളരെ പെട്ടെന്നുതന്നെ മരണം സംഭവിച്ചിരിക്കാനാണ് സാധ്യത. ഹൃദയത്തിനേറ്റ വെടിയില്‍തന്നെ മരണം ഉറപ്പായിട്ടും പിന്നില്‍നിന്ന് വീണ്ടും അഞ്ചു തവണയാണ് വെടിയുതിര്‍ത്തത്. അതിനര്‍ഥം മരണം ഉറപ്പിച്ചിട്ടും മൃതദേഹത്തോട് അനാദരവ് കാണിച്ചിട്ടുണ്ടെന്നാണ്. മാത്രമല്ല വെടിയുണ്ട ഹൃദയംതകര്‍ത്ത് കീഴ്ഭാഗത്തേക്ക് നീങ്ങണമെങ്കില്‍ ഒന്നുകില്‍ ദേവരാജ് മുട്ടിലിരുന്ന് കൈപൊക്കി കീഴടങ്ങിയ സമയത്ത് വെടിയുതിര്‍ത്തതായിരിക്കാം. അല്ലെങ്കില്‍ തൊട്ടടുത്ത് മരത്തില്‍ ഒളിച്ചിരുന്ന് വെടിവച്ചതാവാനും സാധ്യതയുണ്ട്.  ഏറ്റുമുട്ടലിന്റെ യാതൊരു സാധ്യതയും കുപ്പുദേവരാജിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ടില്‍ കാണാത്തതും ദുരൂഹത വര്‍ധിപ്പിക്കുന്നുണ്ട്.  കുപ്പുദേവരാജിന്റെ കൈയില്‍ തോക്കുണ്ടായിരുന്നെങ്കില്‍ പോലിസ് കൈക്ക് വെടിയുതിര്‍ക്കാന്‍ സാധ്യതയുണ്ട്. എന്നാല്‍ നെഞ്ചിനും തുടക്കുമല്ലാതെ മറ്റൊരിടത്തും വെടിവച്ചതായി റിപോര്‍ട്ടിലില്ല. ഇടത്തെ നെഞ്ചിന് മുന്‍വശത്ത് നാലുതവണയും വലത്തെ പുറംഭാഗത്ത് മൂന്നും തുടയില്‍ രണ്ടും വെടിയേറ്റിട്ടുണ്ട്. ഒരു ഏറ്റുമുട്ടലില്‍ ശരീരത്തിന്റെ ഒരേ ഭാഗത്ത് ഒന്നില്‍ കൂടുതല്‍ വെടിയേല്‍ക്കാന്‍ സാധ്യത കുറവാണ്. നാല് വെടിയുണ്ട മാത്രമേ കണ്ടെടുക്കാനായിട്ടുള്ളൂ. കുപ്പുദേവരാജിന്റെ സമീപത്ത് വച്ച്തന്നെ വെടിയുതിര്‍ത്തതിനാല്‍ ബാക്കി വെടിയുണ്ടകള്‍ ശരീരം തുളച്ചു കടന്നു പോയതാവാം കണ്ടെത്താനാവാത്തത്.  വെടിയേറ്റുവീണ ശേഷം എഴുന്നേല്‍പ്പിച്ച് നിര്‍ത്തി വീണ്ടും വെടിവയ്ക്കാനുള്ള സാഹചര്യവും തള്ളിക്കളയാനാവില്ല. അതേസമയം, മാവോവാദികളെ കൊലപ്പെടുത്താന്‍ നേതൃത്വം നല്‍കിയവര്‍ക്കെതിരേ കൊലക്കുറ്റത്തിനും കൃത്രിമ തെളിവുണ്ടാക്കിയതിനും തെളിവു നശിപ്പിക്കലിനും കേസെടുക്കണമെന്നാവശ്യപ്പെട്ട് പീപിള്‍സ് യൂനിയന്‍ ഫോര്‍ സിവില്‍ ലിബര്‍ട്ടീസ് ജന. സെക്രട്ടറി അഡ്വ. പി എ പൗരന്‍ ക്രൈംബ്രാഞ്ച് ഐജി ബലറാം കുമാര്‍ ഉപാധ്യായക്ക് പരാതി നല്‍കി. മലപ്പുറം ജില്ലാ പോലിസ് സൂപ്രണ്ട് ദേബേഷ്‌കുമാര്‍ ബെഹ്‌റ,ആര്‍ഡിഒ ജാഫര്‍ മാലിക്  മറ്റു ഉദ്യോഗസ്ഥര്‍ക്കുമെതിരെയാണ് പരാതി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 10 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക