|    Mar 18 Sun, 2018 7:42 am
FLASH NEWS
Home   >  Todays Paper  >  page 11  >  

മാവോവാദി വേട്ട: മൃതദേഹങ്ങള്‍ അഞ്ചാംതിയ്യതി വരെ സംസ്‌കരിക്കരുത്: കോടതി

Published : 30th November 2016 | Posted By: SMR

 മഞ്ചേരി: നിലമ്പൂര്‍ കരുളായി വനത്തില്‍  കൊല്ലപ്പെട്ട മാവോവാദി നേതാവ് കുപ്പുദേവരാജ്(60), അജിത(45) എന്നിവരുടെ മൃതദേഹങ്ങള്‍ സംസ്‌കരിക്കുന്നത് മലപ്പുറം ജില്ലാ സെഷന്‍സ് കോടതി വിലക്കി. ഡിസംബര്‍ 5 വരെ സംസ്—കരിക്കാന്‍ പാടില്ലെന്നാണ് ജഡ്ജി എസ് എസ് വാസന്‍ ഇന്നലെ 12.15ഓടെ ഉത്തരവിട്ടത്. കഴിഞ്ഞ ദിവസം നല്‍കിയ ഉപ ഹരജിയിലാണ് ഉത്തരവ്.
24 മണിക്കൂര്‍ വരെ മൃതദേഹം സൂക്ഷിക്കണമെന്ന് ഞായറാഴ്ച ഭാഗികമായി വിധി പുറപ്പെടുവിച്ചിരുന്നു. ഇന്നലെ ഹരജിയില്‍ പൂര്‍ണമായും വാദംകേട്ട ശേഷമാണ് പുതിയ ഉത്തരവിട്ടത്. മൃതദേഹങ്ങള്‍ സൂക്ഷിക്കുന്നതില്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എതിര്‍പ്പ് പ്രകടിപ്പിച്ചില്ല. അഞ്ചാംതിയ്യതി വരെ കോടതിയുടെ നിര്‍ദേശം പാലിക്കാമെന്ന് തിരൂര്‍ ഡിവൈഎസ്പി എ ജെ ബാബുവും കോടതിയെ അറിയിച്ചു.
കേസുമായി ബന്ധപ്പെട്ട  പ്രധാന ഹരജി ഇന്ന് സമര്‍പ്പിക്കുമെന്ന് പ്രമുഖ അഭിഭാഷകനും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ പി എ പൗരന്‍ പറഞ്ഞു. ഇപ്പോള്‍ നടത്തിയ പോസ്റ്റ്‌മോര്‍ട്ടവും ഇന്‍ക്വസ്റ്റും ഭരണതല അന്വേഷണ ഉത്തരവും ക്രൈംബ്രാഞ്ച് അന്വേഷണവും സുതാര്യമല്ലെന്നും ആയതിനാല്‍ പുനര്‍ പോസ്റ്റുമോര്‍ട്ടവും പുനരന്വേഷണവും വേണമെന്നാവശ്യപ്പെട്ടുമാണ് പ്രധാന ഹരജി സമര്‍പ്പിക്കുക. ഈ ഹരജിയുടെ വാദം 9ന് പരിഗണിക്കും.
പി എ പൗരന്‍ മുഖാന്തിരമാണ് കുപ്പുദേവരാജിന്റെ സഹോദരന്‍ ശ്രീധരന്‍ കോടതിയില്‍ ഹരജി സമര്‍പ്പിച്ചത്. മൃതദേഹം പെട്ടെന്നു സംസ്‌കരിക്കുന്നത് തെളിവ് നശിപ്പിക്കാന്‍ ഇടയാവുമെന്നും ഏഴു ദിവസംകൂടി  കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിക്കണമെന്നുമാണ് ഹരജിയില്‍ ആശ്യപ്പെട്ടിരുന്നത്.
അതേസമയം, വയനാട് നഗരത്തിനോട് ചേര്‍ന്ന വിന്‍സന്റ്ഗിരിയില്‍ മാവോ അനുകൂല പോസ്റ്റര്‍ പതിച്ചത് കണ്ടെത്തി. രണ്ട് മാവോവാദികള്‍ പോലിസിന്റെ വെടിയേറ്റ് മരിച്ചതിന്റെ അലയൊലികള്‍ നിലനില്‍ക്കെയാണ് അവര്‍ക്കനുകൂലമായി മാനന്തവാടിയില്‍ പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്. നരേന്ദ്രമോദി ക്രിമിനലായിരിക്കാം. പിണറായി വിജയന്‍ ക്രിമിനലായിരിക്കാം. ഉമ്മന്‍ചാണ്ടി ക്രിമിനലായിരിക്കാം. മാവോവാദികള്‍ ക്രിമിനലുകളല്ല; പ്രതികരിക്കുക. പ്രതികരണവേദി’ എന്നീ വാചകങ്ങളുള്ള പോസ്റ്ററാണ് ഇന്നലെ രാവിലെ വിന്‍സന്റ്ഗിരി ആശുപത്രിക്ക് മുന്നിലെ റോഡരികിലെ മരത്തില്‍ പതിച്ച നിലയില്‍ കണ്ടെത്തിയത്.
വിവരമറിഞ്ഞെത്തിയ രഹസ്യാന്വേഷണ വിഭാഗം പോസ്റ്റര്‍ പറിച്ചുനീക്കി. നിലമ്പൂരില്‍ മാവോവാദികളെ വെടിവച്ച് കൊന്ന സംഭവത്തില്‍ ദുരൂഹത ആരോപിച്ച് മനുഷ്യാവകാശ സംഘടനകള്‍ ഉള്‍പ്പെടെ രംഗത്ത് വരുന്നതിനിടയിലാണ് മാവോവാദികളുടെ സാന്നിധ്യം ആദ്യമായി സ്ഥിരീകരിച്ച വയനാട്ടില്‍ നിന്നുതന്നെ കൊലപാതകത്തിനെതിരേ മാവോ അനുകുല പ്രതികരണമുണ്ടായിരിക്കുന്നത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss