|    Feb 19 Sun, 2017 10:21 pm
FLASH NEWS

മാവോവാദി പ്രശ്‌നം വഷളാക്കരുതെന്ന് സുപ്രിംകോടതി

Published : 12th November 2016 | Posted By: SMR

ന്യൂഡല്‍ഹി: മാവോവാദി വിഷയം കൂടുതല്‍ വഷളാക്കരുതെന്നും മാവോവാദി പ്രശ്‌നങ്ങളില്‍ പ്രകോപന ശൈലിയല്ല സ്വീകരിക്കേണ്ടതെന്നും സുപ്രിംകോടതി. ഛത്തീസ്ഗഡില്‍ യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ കൊലക്കേസ് ചുമത്തപ്പെട്ട ഡല്‍ഹി സര്‍വകലാശാല അധ്യാപികയും മനുഷ്യാവകാശ പ്രവര്‍ത്തകയുമായ നന്ദിനി സുന്ദറിന്റെ ഹരജി പരിഗണിക്കവെയാണ് മവോവാദി വിഷയത്തിലെ സര്‍ക്കാര്‍ നടപടിയെ കോടതി വിമര്‍ശിച്ചത്. ഛത്തീസ്ഗഡ് ഉള്‍പ്പെടെയുള്ള മേഖലകളിലെ മാവോവാദി പ്രശ്‌നം സമാധാനപരമായി പരിഹരിക്കണം. നിലവിലെ സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാക്കരുതെന്നും സുപ്രിംകോടതി നിര്‍ദേശിച്ചു. തനിക്കെതിരായ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് നന്ദിനി സുപ്രിംകോടതിയെ സമീപിച്ചത്. അതേസമയം, കേസില്‍ നന്ദിനിയെ ഈ മാസം 15വരെ അറസ്റ്റ് ചെയ്യില്ലെന്ന് ജസ്റ്റിസുമാരായ മദന്‍ ബി ലോക്കൂര്‍, എ കെ ഗോയല്‍ എന്നിവരടങ്ങുന്ന സുപ്രിംകോടതി ബെഞ്ചിനെ ഛത്തീസ്ഗഡ് സര്‍ക്കാര്‍ അറിയിച്ചു. പ്രശ്‌നത്തെ ഗൗരവമായി കാണുന്നില്ല. എല്ലാം വഷളായി വരികയാണ്. സമാധാനപരമായ പരിഹാരം കാണണം. അതു തികച്ചും പ്രാവര്‍ത്തികമാക്കാന്‍ കഴിയുന്ന വിധത്തിലുള്ളതാവണമെന്നും സംസ്ഥാന സര്‍ക്കാരിനു വേണ്ടി ഹാജരായ അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയോടു രണ്ടംഗ ബെഞ്ച് പറഞ്ഞു. മനുഷ്യാവകാശ പ്രവര്‍ത്തകരെ ശത്രുക്കളെപ്പോലെയാണു സര്‍ക്കാര്‍ കാണുന്നതെന്ന് നന്ദിനിക്കു വേണ്ടി ഹാജരായ അശോക് ദേശായി പറഞ്ഞു. സംഭവം നടന്ന പ്രദേശം മെയിലാണ് നന്ദിനിയും സഹപ്രവര്‍ത്തകരും സന്ദര്‍ശിച്ചത്. എന്നാല്‍, ഇപ്പോഴാണ് കേസെടുത്തത്.  കൊലക്കുറ്റം ചുമത്തി കേസെടുത്ത പോലിസ് നടപടി ആശ്ചര്യജനകമാണെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, നന്ദിനിക്കെതിരേ വ്യക്തമായ തെളിവുകളുണ്ടെന്ന് അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ അവകാശപ്പെട്ടു. തെളിവുകള്‍ പരിശോധിക്കും മുമ്പ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കരുതെന്നും മേത്ത ആവശ്യപ്പെട്ടു. കേസ് ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും. അതിനുമുമ്പ് ഇതുസംബന്ധിച്ച രേഖകള്‍ സമര്‍പ്പിക്കാമെന്നും അതുവരെ നന്ദിനിയെ അറസ്റ്റ്‌ചെയ്യില്ലെന്നും മേത്ത അറിയിച്ചു. മാവോവാദി വിരുദ്ധ സായുധസംഘത്തില്‍ അംഗമായ ശ്യാംനാഥ് ഭഗല്‍ കൊല്ലപ്പെട്ട കേസിലാണ് നന്ദിനിക്കും മറ്റു രണ്ട് വനിതാ പ്രഫസര്‍മാര്‍ക്കും സിപിഎം, സിപിഐ നേതാക്കള്‍ക്കുമെതിരേ കേസെടുത്തത്. കൊലപാതകം, ഗൂഢാലോചന, കലാപശ്രമം എന്നീ കുറ്റങ്ങളാണ് ഇവര്‍ക്കെതിരേയുള്ളത്. ശനിയാഴ്ചയാണ് മാവോവാദി ആക്രമണത്തില്‍ ഭഗല്‍ കൊല്ലപ്പെട്ടത്. മാവോവാദികള്‍ക്കെതിരേയുള്ള സായുധസംഘത്തിന് ഭഗല്‍ ഏപ്രില്‍ മുതല്‍ നേതൃത്വം നല്‍കി വരികയായിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 9 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക