|    Jul 21 Sat, 2018 1:23 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

മാവോവാദി പ്രവര്‍ത്തകനെ പോലിസ് കസ്റ്റഡിയില്‍ വിട്ടു

Published : 23rd September 2017 | Posted By: fsq

 

പാലക്കാട്: അട്ടപ്പാടിയില്‍ നിന്നു പിടികൂടിയ മവോവാദി പ്രവര്‍ത്തകന്‍ കാളിദാസനെ (57) അഞ്ചു ദിവസത്തെ പോലിസ് കസ്റ്റഡിയില്‍ വിട്ടു. കൂടുതല്‍ ചോദ്യംചെയ്യുന്നതിനായി കാളിദാസനെ വിട്ടുതരണമെന്ന പോലിസ് അപേക്ഷയെ തുടര്‍ന്നാണു പാലക്കാട് ജില്ലാ സെഷന്‍സ് കോടതി കസ്റ്റഡിയില്‍ വിട്ടത്. കഴിഞ്ഞദിവസം പുതൂര്‍ പഞ്ചായത്തിലെ മൂലക്കൊമ്പ് ഊരിനടുത്തു വച്ച് അഗളി ഡിവൈഎസ്പി സുബ്രഹ്മണ്യന്റെ നേതൃത്വത്തിലുള്ള സംഘം കാളിദാസനെ കസ്റ്റഡിയിലെടുത്തെന്നാണു പോലിസ് ആദ്യം പറഞ്ഞിരുന്നത്. എന്നാല്‍, കോടതിയില്‍ സമര്‍പ്പിച്ച രേഖ പ്രകാരം കള്ളക്കര ആദിവാസി കോളനിയില്‍ നിന്നു പിടികൂടി അറസ്റ്റ് ചെയ്‌തെന്നാണുള്ളത്. ആയുധം കൈവശംവയ്ക്കല്‍, യുഎപിഎയിലെ 20, 38 വകുപ്പുകള്‍, രാജ്യവിരുദ്ധ പ്രവര്‍ത്തനം തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയിട്ടുണ്ട്. ഭക്ഷണം ശേഖരിക്കുന്നതിനായി ആറംഗസംഘം ഊരിലെത്തിയപ്പോഴായിരുന്നു കാളിദാസനെ പിടികൂടിയതെന്നും പോലിസ് പറയുന്നു. മറ്റുള്ളവര്‍ ഓടിരക്ഷപ്പെട്ടെന്നും കാളിദാസന് ഓടാനായില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു. എന്നാല്‍, കീഴടങ്ങാന്‍ തയ്യാറായി എത്തിയപ്പോഴാണ് അറസ്റ്റ് ചെയ്തതെന്നും പ്രചാരണമുണ്ട്. പിടികൂടാന്‍ സഹായിക്കുന്നവര്‍ക്കു രണ്ടു ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ച് തമിഴ്‌നാട് സര്‍ക്കാര്‍ പുറത്തിറക്കിയ പട്ടികയില്‍ ഉള്‍പ്പെട്ട ആളാണു മധുര പരമകുടി സ്വദേശി കാളിദാസന്‍. പിടിയിലാവുമ്പോള്‍ തോക്ക്, ആറു വെടിയുണ്ടകള്‍, ലാപ്പ്‌ടോപ്പ് എന്നിവ ഇയാളുടെ പക്കല്‍ ഉണ്ടായിരുന്നതായും പോലിസ് കോടതിയെ അറിയിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss