|    Dec 10 Mon, 2018 4:06 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

മാവോവാദി നേതാവ് ഷൈന ജയില്‍മോചിതയായി

Published : 15th August 2018 | Posted By: kasim kzm

കണ്ണൂര്‍: മൂന്നു വര്‍ഷത്തെ ജയില്‍വാസ ശേഷം മാവോവാദി നേതാവ് രൂപേഷിന്റെ ഭാര്യ ഷൈന ജയില്‍മോചിതയായി. കണ്ണൂര്‍ വനിതാ ജയിലില്‍ റിമാന്‍ഡിലായിരുന്ന ഇവര്‍ക്കു ജാമ്യം ലഭിച്ചു. കോടതിയില്‍ നിന്നുള്ള ജാമ്യ ഉത്തരവ് എത്തിച്ചതോടെ ഇന്നലെ വൈകീട്ട് നാലിന് ഇവര്‍ ജയിലില്‍ നിന്നു പുറത്തിറങ്ങി. മൂന്നു വര്‍ഷമായി ഷൈന കോയമ്പത്തൂരില്‍ വനിതകള്‍ക്കായുള്ള പ്രത്യേക ജയിലിലായിരുന്നു. കേരളത്തിലെ കേസുകള്‍ മാത്രം ബാക്കിയുള്ളതിനാല്‍ കഴിഞ്ഞ ഞായറാഴ്ചയാണു കണ്ണൂര്‍ വനിതാ ജയിലില്‍ റിമാന്‍ഡില്‍ പ്രവേശിപ്പിച്ചത്. വയനാട്ടിലെ നാലു കേസുകളില്‍ കല്‍പറ്റ ജില്ലാ കോടതിയും ഒരു കേസില്‍ പാലക്കാട് ജില്ലാ കോടതിയുമാണു ജാമ്യം അനുവദിച്ചത്. എറണാകുളത്തു പ്രൊഡക്ഷന്‍ വാറന്റുള്ള കേസിലും ജാമ്യം ലഭിച്ചിരുന്നു.
ജനപക്ഷത്തു നിന്നതു കൊണ്ടാണ് തടവിലിട്ടതെന്നും തനിക്കെതിരേ യാതൊരു തെളിവുകളും ഉണ്ടായിരുന്നില്ലെന്നും ഷൈന മാധ്യമങ്ങളോട് പറഞ്ഞു. തന്റെ മോചനത്തിനായി പ്രവര്‍ത്തിച്ചവര്‍ക്കും നിയമപോരാട്ടം നടത്തിയവര്‍ക്കും സ്വീകരിക്കാന്‍ എത്തിയവര്‍ക്കും നന്ദി അറിയിക്കുന്നതായും അവര്‍ വ്യക്തമാക്കി. ഷൈന പുറത്തിറങ്ങുന്നതിനാല്‍ ജയില്‍ പരിസരത്തെത്തുന്ന മാവോവാദി പ്രവര്‍ത്തകരെ നിരീക്ഷിക്കാന്‍ ഐബി ഉദ്യോഗസ്ഥര്‍ എത്തിയിരുന്നു. അറസ്റ്റ് ചെയ്യുന്ന സമയത്ത് രണ്ടു കേസുകള്‍ മാത്രമുണ്ടായിരുന്ന അവര്‍ക്കെതിരേ പിന്നീട് കൂടുതല്‍ കേസുകള്‍ ചുമത്തുകയായിരുന്നു.
2015ലാണു ഷൈന കോയമ്പത്തൂര്‍ ക്യൂ ബ്രാഞ്ചിന്റെ പിടിയിലായത്. മാവോവാദി നേതാക്കളായ രൂപേഷ്, അനൂപ് മാത്യു ജോര്‍ജ്, കണ്ണന്‍, വീരമണി എന്നിവരും അന്ന് അറസ്റ്റിലായിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss