|    May 25 Fri, 2018 6:44 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

മാവോവാദിവേട്ട: സര്‍ക്കാരിനെതിരേ വിമര്‍ശനം ശക്തമാവുന്നു

Published : 30th November 2016 | Posted By: SMR

ഹനീഫ  എടക്കാട്

തിരുവനന്തപുരം: നിലമ്പൂര്‍ കരുളായി വനമേഖലയില്‍ രണ്ടു മാവോവാദികളെ വെടിവച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ മനുഷ്യാവകാശപ്രവര്‍ത്തകര്‍ക്കു പിന്നാലെ മുന്നണിയില്‍ നിന്നും സ്വന്തം പാര്‍ട്ടിയില്‍ നിന്നും വിമര്‍ശനം വ്യാപകമായതോടെ ആഭ്യന്തരവകുപ്പുകൂടി കൈയാളുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ ഒറ്റപ്പെടുന്നു.
സംഭവം ഏറ്റുമുട്ടല്‍ കൊലയാണെന്ന ഔദ്യോഗിക വിശദീകരണത്തിനെതിരേ ആദ്യദിവസം തന്നെ മനുഷ്യാവകാശപ്രവര്‍ത്തകര്‍ രംഗത്തുവന്നിരുന്നു. പിന്നാലെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും കൊലപാതകത്തെയും പോലിസ് നടപടിയെയും വിമര്‍ശിച്ച് രംഗത്തെത്തി. സിപിഐ മുഖപത്രവും മാവോവാദി വേട്ടയ്‌ക്കെതിരേ രൂക്ഷമായി പ്രതികരിച്ചു. അപ്പോഴും മുഖ്യമന്ത്രിയുടെ സ്വന്തം പാര്‍ട്ടിയില്‍ നിന്നു കാര്യമായ എതിര്‍പ്പുകളോ വിമര്‍ശനങ്ങളോ ഉയര്‍ന്നില്ല. പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട് കൂടി പുറത്തായതോടെ, നടന്നത് ഏകപക്ഷീയമായ വെടിവയ്പാണെന്നു വ്യക്തമായി. ഇതോടെയാണ് എതിര്‍പ്പും വിമര്‍ശനവും സ്വന്തം പാളയത്തില്‍ നിന്നുതന്നെ ആഭ്യന്തരവകുപ്പിനെതിരേ ഉയര്‍ന്നുതുടങ്ങിയത്. ഇതോടെ ജുഡീഷ്യല്‍ അന്വേഷണമെന്ന ആവശ്യത്തിനും ശക്തിയേറിയിരിക്കുകയാണ്. മന്ത്രിമാരായ ജി സുധാകരന്‍, കെ കെ ശൈലജ എന്നിവര്‍ കൊലപാതകത്തെ നേരത്തെ തള്ളിപ്പറഞ്ഞിരുന്നു.
മന്ത്രി എം എം മണി മാത്രമാണു നടപടിയെ പരോക്ഷമായെങ്കിലും ന്യായീകരിച്ചത്. പോലിസ് നടപടിക്കെതിരേ ഏറ്റവും ഒടുവില്‍ മുന്‍മുഖ്യമന്ത്രിയും ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാനുമായ വിഎസും രംഗത്തെത്തിയിരിക്കുകയാണ്. നിലമ്പൂര്‍ വനത്തില്‍ നടന്ന മാവോവാദി ഏറ്റുമുട്ടല്‍ വ്യാജമെങ്കില്‍ ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി വേണമെന്നാണ് വിഎസിന്റെ ആവശ്യം. തെറ്റായ ആശയപ്രചാരണം നടത്തുന്നവരെ കൊല്ലരുത്, ചര്‍ച്ചയാണു വേണ്ടത്. പോലിസിന്റെ പ്രതിബദ്ധത വര്‍ധിപ്പിക്കാനാണ് ഇതുപറയുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയനയച്ച കത്തില്‍ വിഎസ് വ്യക്തമാക്കുന്നു.
സംഭവത്തില്‍ പോലിസിനെ അവിശ്വസിച്ച് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എം സ്വരാജ് എംഎല്‍എയും ഫേസ്ബുക്കില്‍ പ്രതികരിച്ചു. ഇതാദ്യമായാണ് മാവോവാദി വേട്ടയ്‌ക്കെതിരേ ഡിവൈഎഫ്‌ഐ പ്രതികരിക്കുന്നത്. നിലമ്പൂര്‍ വനത്തില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ട സംഭവത്തെക്കുറിച്ച് ലഭ്യമായ വിവരങ്ങള്‍ വച്ചു നോക്കിയാല്‍ പോലിസിനെ കണ്ണടച്ചു വിശ്വസിക്കാന്‍ പ്രയാസമാണെന്നാണ് സ്വരാജിന്റെ ഫേസ്ബുക്ക് കുറിപ്പ്. ഇപ്പോഴുയരുന്ന സംശയങ്ങള്‍ ശരിയാണെങ്കില്‍ ഉത്തരവാദികളായ ഉദ്യോഗസ്ഥന്‍മാര്‍ ഒരു ദയയും അര്‍ഹിക്കുന്നില്ല. സ്വാധീനമേഖലകളില്‍ ലക്ഷണമൊത്ത കൊള്ളസംഘമായാണ് മാവോവാദികള്‍ പ്രവര്‍ത്തിക്കുന്നതെന്നും അവര്‍ക്ക് മാവോയിസത്തെ കുറിച്ച് പറയാന്‍ അവകാശമില്ലെന്നും സ്വരാജ് പറയുന്നു.
നിലമ്പൂര്‍ സംഭവത്തില്‍ പോലിസ് മേധാവികളുടെ ഭാഷ്യം വിശ്വസനീയമല്ലെന്ന് സിപിഐ ദേശീയ എക്‌സിക്യൂട്ടീവംഗം ബിനോയ് വിശ്വവും പ്രതികരിച്ചു. നിലമ്പൂര്‍ കാടുകളില്‍ സംഭവിച്ചതിനെപ്പറ്റി പോലിസ് മേധാവികളുടെ ഭാഷ്യം വിശ്വസനീയമല്ല. മരണത്തെക്കുറിച്ച് അന്വേഷണം വേണം. എല്‍ഡിഎഫിനുള്ളില്‍ ചര്‍ച്ചയുണ്ടാവണം. ഇന്ത്യക്കു വഴികാട്ടേണ്ട സര്‍ക്കാരിന്റെ നയങ്ങളില്‍ ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ അര്‍ഥമറിയാത്ത പോലിസ് മേധാവികള്‍ നിഴല്‍ വീഴ്ത്താന്‍ അനുവദിക്കരുതെന്നും ബിനോയ് വിശ്വം ഫേസ്ബുക്കില്‍ തുറന്നടിച്ചു.
കഴിഞ്ഞ 17നാണു നിലമ്പൂര്‍ വനത്തിനുള്ളില്‍ മാവോവാദികളായ കുപ്പുസ്വാമിയും അജിത എന്ന കാവേരിയും പോലിസ് വെടിവയ്പില്‍ കൊല്ലപ്പെട്ടത്. പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ടില്‍ ഇരുവരുടെയും ശരീരത്തിനുള്ളില്‍ നിരവധി വെടിയുണ്ടകള്‍ കയറിയിറങ്ങിയതായി തെളിഞ്ഞിരുന്നു. എന്നാല്‍, പോലിസിനെ ആക്രമിച്ചപ്പോള്‍ തിരിച്ചുവെടിവച്ചെന്നാണ് ഔദ്യോഗിക ഭാഷ്യം.
ഇന്നലെ തിരുവനന്തപുരത്ത് ചേര്‍ന്ന പോലിസ് ഓഫിസേഴ്‌സ് അസോസിയേഷന്‍ നിര്‍വാഹകസമിതി യോഗത്തിലും പോലിസ് ഇതേ നിലപാടുതന്നെയാണു സ്വീകരിച്ചതെന്നതും ശ്രദ്ധേയമാണ്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss