|    Dec 19 Wed, 2018 4:35 am
FLASH NEWS

മാവോവാദികള്‍ വീണ്ടും പുതുപ്പാടിയില്‍ എത്തിയെന്നു പോലിസ്

Published : 5th September 2018 | Posted By: kasim kzm

താമരശ്ശേരി: പുതുപ്പാടി കണ്ണപ്പന്‍കുണ്ടില്‍ വീണ്ടും സായുധരായ മാവോവാദികള്‍ എത്തിയതായി പോലിസ് അറിയിച്ചു. മട്ടിക്കുന്ന് പരപ്പന്‍പാറ പുളിക്കത്തടത്തില്‍ സ്‌കറിയയുടെ വീട്ടിലാണ് നാലംഗ മാവോയിസ്റ്റുകള്‍ എത്തിയതെന്നാണ് പോലിസിനു ലഭിച്ച വിവരം. തിങ്കളാഴ്ച രാത്രി ഏഴരയോടെ എത്തിയ സംഘം ഇയാളുടെ വീട്ടില്‍ നിന്നും ഭക്ഷണം കഴിക്കുകയും അരി ഉള്‍പ്പെടെയുള്ളവ വാങ്ങിക്കുകയും ചെയ്ത് പത്തരയോടെയാണ് മടങ്ങിയത്. ചന്ദ്രു,കാര്‍ത്തിക്,ലത,ഉഷ എന്നിവരാണ് ഇവിടെയെത്തിയതെന്നാണ് പ്രാഥമിക നിഗമനം.ഇവരുടെ പക്കല്‍ എകെ 47 മെഷീന്‍ഗണ്ണുകള്‍ ഉണ്ടായതായും പോലിസ് പറഞ്ഞു. വിവരം പോലിസില്‍ അറിയിക്കരുതെന്ന് ഭീഷണിപ്പെടുത്തിയതിനാല്‍ ഇവര്‍ പുറത്ത് പറഞ്ഞിരുന്നില്ല. ഇന്നലെ വൈകിട്ടോടെയാണ് വിവരം താമരശ്ശേരി പോലിസില്‍ അറിയിച്ചത്. സംഭവത്തില്‍ യുഎപിഎ നിയമ പ്രകാരം പോലിസ് കേസെടുത്തു. കഴിഞ്ഞ ജൂലൈ 17 നു രാത്രിയില്‍ സ്‌കറിയയുടെ വീട്ടില്‍ മാവോവാദി കള്‍ എത്തിയിരുന്നു. അന്നും നാലംഗ സംഘമാണ് എത്തി ഭക്ഷണം പാകം ചെയ്തു കഴിക്കുകയും അരി അടക്കമുള്ള സാധനങ്ങളുമായി രക്ഷപ്പെടുകയും ചെയ്തത്. ഇതിനെ തുടര്‍ന്ന് തണ്ടര്‍ ബോള്‍ട്ടടക്കമുള്ള പോലിസ് മട്ടിക്കുന്ന് വന മേഖലയില്‍ തിരച്ചില്‍ നടത്തിയിരുന്നെങ്കിലും ആരെയും കണ്ടെത്താന്‍ സാധിച്ചിരുന്നില്ല.മലയോര മേഖലയില്‍ മാവോവാദി സാന്നിധ്യം ഇപ്പോഴും നില നില്‍കുന്നത് പോലിസിന് തലവേദന സൃഷ്ടിക്കുകയും ചെയ്യുന്നു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss