|    Feb 25 Sun, 2018 5:28 pm
FLASH NEWS

മാവോവാദികള്‍ കൊല്ലപ്പെട്ട സംഭവം : തെളിവ് നശിപ്പിക്കാന്‍ പോലിസ് ശ്രമമെന്ന് കുപ്പു ദേവരാജിന്റെ സഹോദരന്‍

Published : 21st January 2017 | Posted By: fsq

 

മലപ്പുറം: നിലമ്പൂര്‍ കരുളായി വനത്തില്‍ മാവോവാദികള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ നിയമാനുസൃതമായ അന്വേഷണം നടന്നില്ലെന്നും ഏറ്റുമുട്ടല്‍ വ്യാജമാണെന്നതിനുള്ള തെളിവുകള്‍ നശിപ്പിക്കാന്‍ പോലിസ് ശ്രമിച്ചതായും, വെടിവയ്പ്പില്‍ കൊല്ലപ്പെട്ട കുപ്പുദേവരാജിന്റെ അനിയന്‍ ഡി ശ്രീധരന്റെ മൊഴി. കേസിന്റെ മജിസ്റ്റീരിയല്‍ അന്വേഷണം നടത്തുന്ന ജില്ലാ കലക്ടര്‍ അമിത് മീണക്കു മുമ്പാകെ നല്‍കിയ മൊഴിയിലാണു ഏറ്റുമുട്ടല്‍ വ്യാജമാണെന്ന തരത്തില്‍ ശ്രീധരന്‍ മൊഴി നല്‍കിയത്. 2014 ലെ സുപ്രിംകോടതി വിധിപ്രകാരമുള്ള അന്വേഷണം ഈ കേസില്‍ നടന്നില്ലെന്നും രണ്ടുപേര്‍ കൊല്ലപ്പെട്ടിട്ടും ക്രൈം രജിസ്റ്റര്‍ ചെയ്യാതിരുന്നതു ചട്ടലംഘനമാണെന്നും ശ്രീധരന്‍ ചൂണ്ടിക്കാട്ടി. അതോടൊപ്പം പോലിസന്വേഷണം മുന്‍വിധിയോടുകൂടിയാണു നടന്നതെന്നും അദ്ദേഹം പറഞ്ഞു. മരണ വിവരം ബന്ധുക്കളെ അറിയിച്ച് അവരുടെ സാനിധ്യത്തില്‍ മാത്രമേ ഇന്‍ക്വസ്റ്റ് നടത്താവൂവെന്ന സുപ്രിംകോടതി നിര്‍ദേശത്തെ മറികടന്നാണു സബ്ഡിവിഷനല്‍ മജിസ്‌ട്രേറ്റും മറ്റു പോലിസ് ഉദ്യോഗസ്ഥരും ചേര്‍ന്ന് ഇന്‍ക്വസ്്റ്റ് നടത്തിയതും മുഴുവന്‍ തെളിവുകളും നശിക്കാന്‍ കാരണമാക്കിയതും. നീണ്ട പത്തുമണിക്കൂറിനു ശേഷമാണു തൊട്ടടുത്തുള്ള എടക്കര പോലിസ് സ്‌റ്റേഷനില്‍ ഇതു സംബന്ധിച്ചു വിവരം നല്‍കുന്നത്. സംഭവ സ്ഥലത്തേക്കു ജനങ്ങളേയും ബന്ധുക്കളേയും മാധ്യമ പ്രവര്‍ത്തകരെപോലും കടത്തിവിടാതെ പോലിസിനു അനുകൂലമായി തെളിവുകള്‍ ഉണ്ടാക്കി. വെടിയുണ്ട ഉതിര്‍ത്തു എന്നുപറയുന്ന ആളുടെ വസ്ത്രം പരിശോധിച്ചാല്‍ വെടിമരുന്നിന്റെ അംശം കാണാന്‍ സാധിക്കുമായിരുന്നു. ഇതുപരിശോധിക്കാതെയും അതിനുള്ള സാഹചര്യം ഒരുക്കാതെയും ഇതു ഒരു ഏറ്റുമുട്ടല്‍ കൊലപാതകമായിട്ടാണു പോലിസ് പ്രചരിപ്പിച്ചത്. ഉയര്‍ന്ന പോലിസ് ഉദ്യോഗസ്ഥര്‍വരെ ഈ പ്രചാരണം ഏറ്റെടുത്തു. ജനങ്ങളേയും ബന്ധപ്പെട്ടവരേയും ബോധ്യപ്പെടുത്താന്‍ നിഷ്പക്ഷമായ അന്വേഷണത്തില്‍ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും സഹോദരന്‍ ശ്രീധരന്‍ പറഞ്ഞു. ഇതുസംബന്ധിച്ചു ലഭിക്കുന്ന കൂടുതല്‍ വിവരങ്ങള്‍ അറിയിക്കാമെന്നു പറഞ്ഞാണു ശ്രീധരന്‍ മടങ്ങിയത്. മനുഷ്യാവകാശ പ്രവര്‍ത്തകനായ അഡ്വ. തുഷാര്‍ നിര്‍മല്‍ സാരഥി, പിയുസിഎല്‍ സംസ്ഥാന സെക്രട്ടറി അഡ്വ. പി എ പൗരന്‍ എന്നിവര്‍ ശ്രീധരനൊപ്പമുണ്ടായിരുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss