|    Apr 26 Thu, 2018 1:26 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

മാവോവാദികള്‍ കൊല്ലപ്പെട്ട സംഭവം: സബ് കലക്ടര്‍ അന്വേഷിക്കും

Published : 28th November 2016 | Posted By: SMR

തിരുവനന്തപുരം: നിലമ്പൂര്‍ കരുളായി വനമേഖലയില്‍ രണ്ടു മാവോവാദികള്‍ കൊല്ലപ്പെട്ട സംഭവത്തെക്കുറിച്ച് മജിസ്റ്റീരിയല്‍ അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. സംഭവത്തെക്കുറിച്ച് സമഗ്രമായി അന്വേഷിച്ച് റിപോര്‍ട്ട് നല്‍കാന്‍ പെരിന്തല്‍മണ്ണ സബ് കലക്ടറെ ചുമതലപ്പെടുത്തി. ഏറ്റുമുട്ടല്‍ മരണത്തിന്റെ അടിസ്ഥാനത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസ് ഐജി ബല്‍റാം കുമാര്‍ ഉപാധ്യായയുടെ നേതൃത്വത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. അതേസമയം, ജുഡീഷ്യല്‍ അന്വേഷണമെന്ന ആവശ്യത്തിനു തടയിടാനാണ് മജിസ്‌ട്രേറ്റുതല അന്വേഷണം പ്രഖ്യാപിച്ചതെന്നും വാദമുയരുന്നുണ്ട്.
കഴിഞ്ഞ വ്യാഴാഴ്ചയാണ് നിലമ്പൂര്‍ കരുളായി വനത്തില്‍ മാവോവാദികളായ കുപ്പു ദേവരാജും അജിത എന്ന കാവേരിയും കൊല്ലപ്പെട്ടത്. പോലിസുമായുണ്ടായ ഏറ്റുമുട്ടലിലാണ് ഇരുവരും മരണപ്പെട്ടതെന്നാണ് ഔദ്യോഗിക ഭാഷ്യം. എന്നാല്‍, ഈ വാദത്തെ ചോദ്യം ചെയ്ത് മനുഷ്യാവകാശ പ്രവര്‍ത്തകരും സാംസ്‌കാരിക പ്രവര്‍ത്തകരും രംഗത്തെത്തുകയും ഇടതുമുന്നണിയില്‍ തന്നെ എതിര്‍ശബ്ദങ്ങള്‍ ഉയരുകയും ചെയ്ത പശ്ചാത്തലത്തിലാണ് സംഭവത്തെക്കുറിച്ച് മജിസ്റ്റീരിയല്‍തല അന്വേഷണത്തിനു സര്‍ക്കാര്‍ ഉത്തരവിട്ടത്.
ഏറ്റുമുട്ടലുകളില്‍ മരണം ഉണ്ടായാല്‍ അതില്‍ പങ്കെടുക്കാത്ത മറ്റൊരു ഏജന്‍സി അന്വേഷിക്കണമെന്ന സുപ്രിംകോടതി മാര്‍ഗനിര്‍ദേശത്തിന്റെ പശ്ചാത്തലത്തിലാണ് ക്രൈംബ്രാഞ്ച് അന്വേഷണത്തിനു കഴിഞ്ഞ ദിവസം സംസ്ഥാന പോലിസ് മേധാവി ലോക്‌നാഥ് ബെഹ്‌റ ഉത്തരവിട്ടത്. ഇതിനു പിന്നാലെയാണ് മജിസ്റ്റീരിയല്‍തല അന്വേഷണത്തിനും സര്‍ക്കാര്‍ ഉത്തരവിട്ടത്. ഇതോടെ സംഭവത്തില്‍ രണ്ട് അന്വേഷണവും നടക്കും. കൊലപാതകം മാത്രം ക്രൈംബ്രാഞ്ച് അന്വേഷിക്കുമ്പോള്‍, സമഗ്രമായിട്ടായിരിക്കും മജിസ്റ്റീരിയല്‍തല അന്വേഷണമുണ്ടാവുക.
കഴിഞ്ഞ ദിവസം പുറത്തുവന്ന പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ടില്‍ അജിതയുടെയും കുപ്പു ദേവരാജിന്റെയും ദേഹത്ത് നിരവധി മുറിവുകള്‍ സംഭവിച്ചതായും ആന്തരികാവയവങ്ങള്‍ക്ക് ക്ഷതമേറ്റതായും വ്യക്തമായിരുന്നു. അജിതയ്ക്ക് 19 വെടിയുണ്ടകളാണ് കൊണ്ടത്. 13 വെടിയുണ്ടകള്‍ ശരീരം തുളച്ചു പുറത്തുപോയി. ആറു വെടിയുണ്ടകള്‍ ശരീരത്തില്‍ നിന്നു കണ്ടെത്തിയിട്ടുണ്ട്. കുപ്പു ദേവരാജിന് ഏഴു വെടിയുണ്ടയാണ് ഏറ്റത്. ഇതൊക്കെ ഏറ്റുമുട്ടലല്ല, ഏകപക്ഷീയമായ വെടിവയ്പാണ് നടന്നതെന്ന് വ്യക്തമാക്കുകയാണ്. തണ്ടര്‍ബോള്‍ട്ടും സംഘവും മാവോവാദികളെ വളഞ്ഞിട്ട് തലങ്ങും വിലങ്ങും വെടിവച്ചു കൊലപ്പെടുത്തിയെന്ന സംശയമാണ് പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട് ബലപ്പെടുത്തുന്നത്.
അതിനിടെ, ഇരുവരുടെയും ഇന്‍ക്വസ്റ്റ് നടപടികളിലും അട്ടിമറി നടന്നതായി സംശയം ഉയര്‍ന്നിട്ടുണ്ട്. കൊലപാതകം വിവാദമായിട്ടും ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിന്റെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടത്താതെ ആര്‍ഡിഒയുടെ കീഴിലാണ് നടപടികള്‍ പൂര്‍ത്തിയായത്. ഇതു ചട്ടലംഘനമാണെന്നും മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ആരോപിക്കുന്നു. കൂടുതല്‍ വിമര്‍ശനങ്ങളും പ്രതിഷേധവും ഉയരുമെന്ന സൂചനയെ തുടര്‍ന്നാണ് മജിസ്റ്റീരിയല്‍ അന്വേഷണത്തിന് സര്‍ക്കാര്‍ വഴങ്ങിയത്. രണ്ടാഴ്ചയ്ക്കകം റിപോര്‍ട്ട് നല്‍കാന്‍ മനുഷ്യാവകാശ കമ്മീഷനും സംസ്ഥാന പോലിസ് മേധാവിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം നിലമ്പൂരില്‍ മാവോവാദികള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഇപ്പോള്‍ പ്രഖ്യാപിച്ച ക്രൈംബ്രാഞ്ച്/ മജിസ്റ്റീരിയല്‍ അന്വേഷണം സത്യം കണ്ടെത്തുന്നതിന് അപര്യാപ്തമാണെന്നും ഇക്കാര്യത്തില്‍ വിശ്വാസയോഗ്യമായ നിലയില്‍ അന്വേഷണം നടത്തി സത്യം പുറത്തുകൊണ്ടുവരുന്നതിന് ജുഡീഷ്യല്‍ അന്വേഷണത്തിനു സര്‍ക്കാര്‍ തയ്യാറാകണമെന്നും കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍ ആവശ്യപ്പെട്ടു. പോലിസ് നടപടിയെക്കുറിച്ച് ദുരൂഹതകളും സംശയങ്ങളും ഉയര്‍ന്നുവന്ന സാഹചര്യത്തില്‍ പോലിസിന്റെ തന്നെ മറ്റൊരു വിഭാഗമായ ക്രൈംബ്രാഞ്ച് അന്വേഷിച്ചാല്‍ വിശ്വാസ്യത ഉണ്ടാവില്ല. അതുപോലെ സര്‍ക്കാരിനു കീഴിലെ ഉദ്യോഗസ്ഥനായ സബ് കലക്ടര്‍ നടത്തുന്ന മജിസ്റ്റീരിയല്‍ അന്വേഷണവും നിഷ്പക്ഷമാവുമെന്ന് സ്വാഭാവികമായി ജനങ്ങള്‍ കരുതില്ല.  ഹൈക്കോടതിയിലെ സിറ്റിങ് ജഡ്ജിയോ ലഭ്യമല്ലെങ്കില്‍ ഹൈക്കോടതി റിട്ട.  ജഡ്ജിയെയോ അന്വേഷണ കമ്മീഷനാക്കുന്നതാണ് ഉചിതമെന്നും സുധീരന്‍ മുഖ്യമന്ത്രിക്ക് അയച്ച കത്തില്‍ ആവശ്യപ്പെട്ടു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss