|    Feb 26 Sun, 2017 4:25 pm
FLASH NEWS

മാവോവാദികള്‍ കൊല്ലപ്പെട്ട സംഭവം: ദുരൂഹത നീങ്ങുന്നില്ല

Published : 26th November 2016 | Posted By: SMR

എടക്കര: നിലമ്പൂര്‍ വനത്തില്‍ പോലിസിന്റെ വെടിയേറ്റ് മാവോവാദികള്‍ മരിച്ച സംഭവത്തി ല്‍ ദുരൂഹത നീങ്ങുന്നില്ല. പോലിസുമായുണ്ടായ ഏറ്റുമുട്ടലിലാണ് കുപ്പു ദേവരാജ്, കാവേരി എന്ന അജിത എന്നിവര്‍ മരിച്ചതെന്നാണ് പോലിസിന്റെ ഭാഷ്യം. എന്നാല്‍, സംഭവസ്ഥലത്ത് ഏറ്റുമുട്ടല്‍ നടന്നതിന്റെ ലക്ഷണങ്ങളൊന്നും അവിടെ നിന്നും പുറംലോകത്തിന് ലഭിച്ച ചിത്രങ്ങളില്‍ കാണുന്നില്ല.
മാവോവാദി സംഘം വിശ്രമിക്കുന്നതിനിടെ ഒളിത്താവളം വളഞ്ഞ പോലിസ് സേന ഇവര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് വേണം കരുതാന്‍. മരിച്ചുകിടക്കുന്ന കുപ്പു ദേവരാജിന്റെ മുഖത്തോടു ചേര്‍ന്ന് പ്രവര്‍ത്തനക്ഷമമായ ഐപാഡ് കിടക്കുന്നത് ചിത്രത്തില്‍ വ്യക്തമായി കാണാം. ഐപാഡ് ഉപയോഗിക്കുന്നതിനിടെയായിരിക്കാം ഇയാള്‍ക്ക് വെടിയേറ്റത്. അതുപോലെ കാവേരിയുടെ പിന്‍ഭാഗത്തുനിന്നുമാണു വെടിയേറ്റിട്ടുള്ളത്. വ്യാഴാഴ്ച രാവിലെ 11.30നും 12നും ഇടയിലാണ് കണ്ടംതരിശ് വനത്തില്‍ മാവോവാദികള്‍ വെടിയേറ്റുമരിച്ചത്. 24മണിക്കൂറിലേറെ മൃതദേഹങ്ങള്‍ വനത്തില്‍ കിടന്നിട്ടും ഇന്‍ക്വസ്റ്റ് അടക്കമുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ വൈകിപ്പിച്ചത് ഏറെ ദുരൂഹതയുളവാക്കുന്നുണ്ട്.
ഉന്നത പോലിസ് ഉദ്യോഗസ്ഥരടക്കം സ്ഥലത്ത് ക്യാംപ് ചെയ്തിട്ടും സംഭവത്തെക്കുറിച്ച് യാതൊരുവിധ വിശദീകരണവും നല്‍കാന്‍ ആരും തയാറായില്ല. കോമ്പിങ് ഓപറേഷനിടെ മാവോവാദികള്‍ പോലിസിനുനേരെ വെടിയുതിര്‍ക്കുകയും പോലിസ് തിരിച്ചുനടത്തിയ വെടിവയ്പിലാണ് രണ്ടുപേര്‍ മരിച്ചതെന്നുമാണ് വ്യാഴാഴ്ച എടക്കര സ്റ്റേഷനില്‍ മാധ്യമങ്ങളെ കണ്ട തൃശൂര്‍ റേഞ്ച് ഐജി എംആര്‍ അജിത്കുമാര്‍ പറഞ്ഞത്. എന്നാല്‍, ഇതിന് വിരുദ്ധമാണ് സംഭവങ്ങളെന്നാണ് പുറത്തുവന്ന ചിത്രങ്ങളില്‍നിന്നു വ്യക്തമാവുന്നത്.
പടുക്ക കണ്ടംതരിശ് വനമേഖലയില്‍ മാവോവാദികള്‍ തമ്പടിച്ചിരുന്നതായി സൂചന
എടക്കര: കരുളായി റേഞ്ചിലെ പടുക്ക കണ്ടംതരിശ് വനമേഖലയില്‍ കഴിഞ്ഞ ഏതാനും മാസങ്ങളായി മാവോവാദികള്‍ സ്ഥിരം തമ്പടിച്ചിരുന്നതായി സൂചന. ടാര്‍പോളിന്‍ ഷീറ്റുകൊണ്ട് കെട്ടിമറച്ച രണ്ട് ഷെഡുകളാണ് ഇവിടെയുണ്ടായിരുന്നത്. ഷെഡുകള്‍ക്ക് ചുറ്റും സോളാര്‍ വൈദ്യുതി ഉപയോഗിച്ച് ഫെന്‍സിങ് നടത്തിയിരുന്നു. പന്ത്രണ്ട് വോള്‍ട്ടിന്റെ ബാറ്ററി, പാത്രങ്ങള്‍, ഭക്ഷണ സാധനങ്ങള്‍, മൊബൈല്‍ ഫോണുകള്‍, ഐപാഡ്, പുസ്തകങ്ങള്‍, ലഘുലേഖകള്‍, തോക്കുകള്‍, തിരകള്‍, മാപ്പുകള്‍, സ്‌ഫോടക വസ്തുക്കള്‍ എന്നിവ ഷെഡില്‍ നിന്നും കണ്ടെത്തിയതായാണ് സൂചന. വൈഫൈ അടക്കമുള്ള സംവിധാനങ്ങളും ഉണ്ടായിരുന്നതായും പറയപ്പെടുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 118 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day