|    Feb 22 Wed, 2017 12:27 pm
FLASH NEWS

മാവോവാദികളെ വെടിവച്ചു കൊല്ലാന്‍ ആഭ്യന്തരവകുപ്പ് ഒരുമാസം മുമ്പ് നിര്‍ദേശം നല്‍കി

Published : 28th November 2016 | Posted By: SMR

കെ പി ഒ റഹ്മത്തുല്ല

മലപ്പുറം: നിലമ്പൂര്‍ വനത്തില്‍ മാവോവാദികളെ കണ്ടെത്തി വെടിവച്ചുകൊല്ലാന്‍ ഒരുമാസം മുമ്പ് തണ്ടര്‍ബോള്‍ട്ട്, തീവ്രവാദവിരുദ്ധ സേന എന്നിവയ്ക്ക് മുഖ്യമന്ത്രിയുടെ അറിവോടെ ആഭ്യന്തരവകുപ്പ് രഹസ്യനിര്‍ദേശം നല്‍കിയ വിവരം പുറത്തായി. മാവോവാദി സംഘത്തിലെ മലയാളികളെ ഒഴിവാക്കണമെന്നും നിര്‍ദേശമുണ്ടായിരുന്നു. മലയാളികള്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടാല്‍ വലിയ പ്രതിഷേധം ഉണ്ടാവുമെന്ന തിരിച്ചറിവായിരുന്നു ഇതിനു കാരണം. സേനയിലെ ചിലര്‍ തന്നെയാണ് ഈ വിവരം പുറത്തുവിട്ടത്.
ഉന്നത നേതാക്കള്‍ അടക്കമുള്ള മാവോവാദി സംഘം നിലമ്പൂര്‍ വനത്തില്‍ ക്യാംപ് ചെയ്യുന്നതായി ഫോണ്‍ സന്ദേശങ്ങളില്‍ നിന്നു മനസ്സിലായതായി തമിഴ്‌നാട് രഹസ്യാന്വേഷണ വിഭാഗമാണു കേരള പോലിസിനു വിവരം കൈമാറിയത്. വിക്രം ഗൗഡയും സോമന്‍ വയനാടും ഉള്‍പ്പെടെ സംഘത്തിലുണ്ടെന്ന് രണ്ടുമാസം മുമ്പുതന്നെ തമിഴ്‌നാട് പോലിസ് തിരിച്ചറിഞ്ഞിരുന്നു. ഇതിന്റെയടിസ്ഥാനത്തില്‍ മാവോവാദികളെ കണ്ടെത്തിയാല്‍ വെടിവച്ചു കൊല്ലാനാണ് ആഭ്യന്തരവകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രിയും ഡിജിപിയും തണ്ടര്‍ബോള്‍ട്ടിനും തീവ്രവാദവിരുദ്ധ സേനയ്ക്കും നിര്‍ദേശം നല്‍കിയത്.
ഈ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ സേന കാട്ടില്‍ നാലും അഞ്ചും ദിവസം തുടര്‍ച്ചയായി പരിശോധനകള്‍ നടത്തിയിരുന്നു. ഇതര സംസ്ഥാനങ്ങളില്‍ നിരവധി കേസുകളില്‍ പ്രതിയായ ദേവരാജനടക്കമുള്ളവരെ കൊലപ്പെടുത്തിയാല്‍ കേരള പോലിസിന്റെ മുഖച്ഛായ തന്നെ മാറുമെന്ന കണക്കുകൂട്ടലിലായിരുന്നു പുതിയ ഉത്തരവ്.
മലയാളിയായ മാവോവാദി നേതാവ് സോമന്‍ വയനാടിനെ 300ഉം 200ഉം മീറ്റര്‍ മാത്രം അകലെ തണ്ടര്‍ബോള്‍ട്ടിന്റെ പരിശോധനകളില്‍ കണ്ടെത്തിയിരുന്നു. എന്നാല്‍ ഇയാളെ തിരിച്ചറിഞ്ഞു പുതിയ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ ഒഴിവാക്കുകയായിരുന്നു. പോലിസ് വെടിവച്ചുകൊന്ന കുപ്പു ദേവരാജന്‍ മകളുമായി സംസാരിക്കാന്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതാണു സേനയ്ക്ക് സഹായമായത്. ഈ നമ്പര്‍ മനസ്സിലാക്കിയ തമിഴ്‌നാട് ക്യൂ ബ്രാഞ്ച് തുടര്‍ന്ന് സൈബര്‍ പരിശോധനയില്‍ നിലമ്പൂര്‍ വനത്തിനുള്ളിലാണു ഫോണ്‍ ഉപയോഗിക്കുന്നതെന്നു കണ്ടെത്തി.
അവര്‍ നല്‍കിയ വിവരം കേരള പോലിസിന് നിര്‍ണായകമായി. അതിന്റെ അടിസ്ഥാനത്തില്‍ തണ്ടര്‍ബോള്‍ട്ട് വനത്തിനുള്ളിലെ ഒരു ആദിവാസി യുവാവിനെ ചാരനായി നിയോഗിക്കുകയും ചെയ്തിരുന്നു. മാവോവാദികളുടെ വിശ്വാസം ആര്‍ജിച്ച ഇയാള്‍ എല്ലാ വിവരവും പോലിസിനു കൈമാറിയിരുന്നു.
മുമ്പ് നക്‌സല്‍ ബന്ധം പുലര്‍ത്തിയിരുന്നുവെങ്കിലും പിന്നീട് സംഘടന വിട്ട പാണ്ടിക്കാട് സ്വദേശിയായ യുവാവിന്റെ സഹായവും തണ്ടര്‍ ബോള്‍ട്ടിനും തീവ്രവാദവിരുദ്ധ സേനയ്ക്കും ലഭിച്ചു. സംഭവത്തിന് ഒരാഴ്ച മുമ്പ് കുപ്പു ദേവരാജനെയും അജിതയെയും ഇവര്‍ക്കു കാവല്‍ നില്‍ക്കുന്ന സായുധസംഘത്തെയും തണ്ടര്‍ബോള്‍ട്ട് അകലെനിന്നു നിരീക്ഷിച്ചിരുന്നു.
മാവോവാദികളെ വെടിവച്ചുകൊല്ലാനുള്ള നിര്‍ദേശം തണ്ടര്‍ബോള്‍ട്ടിലെയും തീവ്രവാദവിരുദ്ധ സേനയിലെയും ഉയര്‍ന്ന ഉദ്യോഗസ്ഥന്‍മാര്‍ക്കു മാത്രമാണ് അറിയാമായിരുന്നത്. സംസ്ഥാന പോലിസിന്റെ ഇമേജ് വര്‍ധിപ്പിക്കാന്‍ മാവോവേട്ട സഹായകരമാവുമെന്ന കണക്കുകൂട്ടലിലാണു പിണറായിയും ഡിജിപിയും ഇവരെ കാണുന്നിടത്തുവച്ച് വെടിവച്ചുകൊല്ലാന്‍ നിര്‍ദേശം നല്‍കിയത്. അത് യാഥാര്‍ഥ്യമായതോടെ കണക്കുകൂട്ടലുകള്‍ പിഴച്ചു.
വ്യാജ ഏറ്റുമുട്ടല്‍ എന്ന രീതിയില്‍ കാര്യങ്ങള്‍ വന്നതോടെ എല്ലാം തകിടംമറിഞ്ഞു. മാധ്യമങ്ങളോടു വിവരങ്ങള്‍ വ്യക്തമാക്കാതെ മുഖ്യമന്ത്രിയും ഡിജിപിയും റേ—ഞ്ച് ഐജിയും പാലിച്ച മൗനം ദുരൂഹത വര്‍ധിപ്പിക്കുകയും ചെയ്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 146 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക