|    Apr 30 Sun, 2017 2:54 am
FLASH NEWS

മാവോവാദികളുടെ കൊല: കടുത്ത വിമര്‍ശനവുമായി സിപിഐ

Published : 25th November 2016 | Posted By: Navas Ali kn

padam-1-blur

നിലമ്പൂര്‍ വനമേഖലയില്‍ രണ്ട്‌ മാവോവാദികളെ ഏറ്റുമുട്ടല്‍ കൊലയെന്ന പേരില്‍ വെടിവെച്ചു കൊന്നതിനെതിരേ കടുത്ത വിമര്‍ശവുമായി സിപിഐ.മാവോവാദികളെ ഇല്ലായ്മ ചെയ്യുന്നത് പരിഷ്‌കൃത സമൂഹത്തിന് യോജിച്ചതല്ല എന്നാണ് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞത്. ആലപ്പുഴയില്‍ ജോയിന്റ് കൗണ്‍സില്‍ 40-ാം സംസ്ഥാന സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അഭിപ്രായം പറയുന്നവരെ നിശബ്ദരാക്കുന്നത് ശരിയായ രാഷ്ട്രീയമല്ല. അഭിപ്രായം പറയുന്ന മാവോവാദികളെ വെടിവച്ചു കൊല്ലാന്‍ ആര്‍ക്കാണ് അവകാശമെന്നും അദ്ദേഹം ചോദിച്ചു. ജനകീയ സമരങ്ങളോട് നരേന്ദ്രമോഡി സ്വീകരിക്കുന്ന നയമല്ല എല്‍ഡിഎഫ് സര്‍ക്കാര്‍ സ്വീകരിക്കേണ്ടത്. കേരളത്തില്‍ മാവോയിസ്റ്റുകള്‍ക്കെതിരേ ഇനി വെടിവെയ്പ് ആവര്‍ത്തിക്കരുതെന്ന് സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മാവോവാദികളെ വെടിവെച്ചു കൊന്നതുപോലെയുള്ള സംഭവങ്ങള്‍ കേരളത്തില്‍ നടക്കാന്‍ പാടില്ലാത്തതാണെന്ന് സിപിഐ സംസ്ഥാന അസി.സെക്രട്ടറി സത്യന്‍ മൊകേരി പറഞ്ഞു. ഇത് ഏറ്റുമുട്ടല്‍ കൊലയാണെന്ന് എങ്ങിനെയാണ് പറയുകയെന്നും അദ്ദേഹം ഒരു സ്വകാര്യ ചാനലിലെ ചര്‍ച്ചയില്‍ ചോദിച്ചു. മാവോവാദികളെ വെടിവെച്ചു കൊന്നത് കേരളാ പോലിസിന് അഭിമാനകരമാണെന്നാണ് ഡിജിപി പറയുന്നത്, എന്നാല്‍ ഇത് കേരളാ പോലിസിന് അപമാനകരമാണെന്നും സത്യന്‍ മൊകേരി പറഞ്ഞു. ഏറ്റുമുട്ടലിലാണ് മാവോവാദികളെ കൊന്നതെങ്കില്‍ ചിലര്‍ക്കെങ്കിലും പരിക്കേല്‍ക്കേണ്ടതായിരുന്നു. അങ്ങിനെ ആരെയെങ്കിലും കാണിക്കാനുണ്ടോ എന്നും അദ്ദേഹം ചോദിച്ചു.
സിപിഐ മാവോയിസ്റ്റിന്റെ കേന്ദ്രസമിതി അംഗമായ കുപ്പുസ്വാമി എന്ന ദേവരാജിനെയും കാവേരി എന്ന അജിതയെയും പോലിസ് ആസൂത്രിതമായി കൊലപ്പെടുത്തുകയായിരുന്നു എന്ന് മുതിര്‍ന്ന മനുഷ്യാവകാശ പ്രവര്‍ത്തകനായ എ വാസു. ഇവരെ ചതിയില്‍ പിടികൂടിയതിന് ശേഷം പിടികൂടിയെന്നു സംശയിക്കാവുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഇതൊരു ഏറ്റുമുട്ടല്‍ കൊലപാതകമല്ല മറിച്ച് വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകമാണ്. സത്യം എന്തായാലും പുറത്ത് വരും. സംഭവവുമായി ബന്ധപ്പെട്ട് പോലിസ് ഒരു വിവരവും പുറത്തു വിടുന്നില്ല. പകരം പലവിധ കഥകളാണ് പറഞ്ഞു കൊണ്ടിരിക്കുന്നത്. ജനങ്ങളെ ആശയക്കുഴപ്പത്തിലാക്കാനാണ് കഥകളിലൂടെ പോലിസ് ശ്രമിച്ചു കൊണ്ടിരിക്കുന്നത്. ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ച വിപ്ലവകാരികളുടെ മൃതദേഹങ്ങള്‍ അനാഥമാവാന്‍ അനുവദിക്കില്ലെന്നും എ വാസു പറഞ്ഞു.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day