|    Feb 24 Sat, 2018 9:36 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

മാവോവാദികളുടെ കൊലപാതകം: ജില്ലാ പോലിസ് മേധാവിയുടെ റിപോര്‍ട്ട് മനുഷ്യാവകാശ കമ്മീഷന്‍ സ്വീകരിച്ചില്ല

Published : 17th January 2017 | Posted By: fsq

maoists-nilambur

തിരുവനന്തപുരം: നിലമ്പൂര്‍ വനമേഖലയില്‍ രണ്ടു മാവോവാദികള്‍ കൊല ചെയ്യപ്പെട്ട സംഭവത്തില്‍ മലപ്പുറം ജില്ലാ പോലിസ് മേധാവി സമര്‍പ്പിച്ച അന്വേഷണ റിപോര്‍ട്ട് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ സ്വീകരിച്ചില്ല. പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ടുകളും നിഗമനങ്ങളും എഫ്‌ഐആറും മജിസ്റ്റീരിയല്‍ എന്‍ക്വയറി റിപോര്‍ട്ടും ഉള്‍പ്പെടെയുള്ള സമഗ്ര റിപോര്‍ട്ട് മൂന്നാഴ്ചയ്ക്കകം നല്‍കാന്‍ കമ്മീഷന്‍ അംഗം കെ മോഹന്‍കുമാര്‍ സംസ്ഥാന പോലിസ് മേധാവിക്ക് നിര്‍ദേശം നല്‍കി. ഏറ്റുമുട്ടല്‍ നടത്തിയ സംഘത്തിന്റെ നിയമനം, നിയോഗം, നിയന്ത്രണം എന്നിവയിലൊന്നും ജില്ലാ പോലിസ് മേധാവിക്കു നിയമപരമായ ചുമതലയുണ്ടായിരുന്നതായി കരുതുന്നില്ലെന്ന് കമ്മീഷന്‍ നിരീക്ഷിച്ചു. വെടിവയ്പ് സംബന്ധിച്ച് വിശദമായ റിപോര്‍ട്ട് ഹാജരാക്കാന്‍ കമ്മീഷന്‍ ഡിജിപിക്ക് നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍, മലപ്പുറം ജില്ലാ പോലിസ് മേധാവി അയച്ച റിപോര്‍ട്ടില്‍ കമ്മീഷന്‍ ആവശ്യപ്പെട്ടിരുന്ന കാര്യങ്ങളെക്കുറിച്ചുള്ള വിശദമായ പരാമര്‍ശങ്ങള്‍ ഉള്‍പ്പെട്ടിരുന്നില്ല. സംഭവത്തില്‍ സിആര്‍പിസി 158, 176 വകുപ്പു പ്രകാരമുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ടോ എന്നു രേഖ സഹിതം കമ്മീഷനെ അറിയിക്കണം. ഏറ്റുമുട്ടലിനെക്കുറിച്ച് മജിസ്‌ട്രേറ്റ്തല അന്വേഷണം നടന്നോ എന്നും അന്വേഷണം ഏതെങ്കിലും പ്രത്യേക ഉദ്യോഗസ്ഥനെ ഏല്‍പിച്ചിരുന്നോ എന്നും അറിയുന്നതിനു വേണ്ടിയാണിത്. മനുഷ്യാവകാശ ലംഘനവുമായി ബന്ധപ്പെട്ട പരാതിയില്‍ കൂടുതല്‍ തൃപ്തികരവും ശ്രദ്ധാപൂര്‍വവുമായ നടപടികള്‍ കമ്മീഷന്‍ പ്രതീക്ഷിക്കുന്നതായും കെ മോഹന്‍കുമാര്‍ ഉത്തരവില്‍ പറഞ്ഞു. തണ്ടര്‍ബോള്‍ട്ട് കമാന്‍ഡോകളും എഎന്‍എസ് ടീമുമാണ് നിലമ്പൂര്‍ വനമേഖലയില്‍ നിയുക്തരായിരുന്നതെന്ന് ജില്ലാ പോലിസ് മേധാവിയുടെ റിപോര്‍ട്ടില്‍ പറയുന്നു. ഇവരെ നയിച്ചത് ഏതു റാങ്കിലുള്ള ഉദ്യോഗസ്ഥനാണെന്ന് റിപോര്‍ട്ടില്‍ വ്യക്തമല്ലെന്നും കമ്മീഷന്‍ നിരീക്ഷിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss