|    Mar 23 Fri, 2018 5:09 am

മാവേലി സ്റ്റോറുകളില്‍ മല്‍സ്യവും മാംസവും വിപണനത്തിനെത്തിക്കും : മന്ത്രി

Published : 13th August 2017 | Posted By: fsq

 

കണ്ണാടിപ്പറമ്പ്: കാലഘട്ടത്തിനനുസരിച്ച് ഷോപ്പിങ് മാള്‍ മാതൃകയില്‍ സപ്ലൈകോ സ്റ്റോറുകളെ നവീകരിക്കുമെന്നു മന്ത്രി തിലോത്തമന്‍. കണ്ണാടിപ്പറമ്പ് പീടികത്തെരുവില്‍ മാവേലി സ്റ്റോര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മാള്‍ മാതൃകയില്‍ എല്ലാ ഉല്‍പ്പന്നങ്ങളും ഒരു കുടക്കീഴില്‍ ലഭ്യമാക്കാനാണു സര്‍ക്കാരിന്റെ ശ്രമം. ഇതിന്റെ ഭാഗമായി മല്‍സ്യവും മാംസവും സപ്ലൈകോ സ്റ്റോറുകളിലൂടെ വിതരണം ചെയ്യാന്‍ നടപടി തുടങ്ങിയിട്ടുണ്ട്. പൊതുമേഖലാ സ്ഥാപനമായ മീറ്റ് പ്രൊഡക്റ്റ്‌സ് ഓഫ് ഇന്ത്യയുടെ മായമില്ലാത്ത മാംസ ഉല്‍പ്പന്നങ്ങള്‍ സ്റ്റോറുകളിലെത്തിക്കാന്‍ അവരുമായി ചര്‍ച്ച നടത്തിയിട്ടുണ്ട്. ഇതിനായി ഉല്‍പ്പാദനം മൂന്നിരട്ടിയായി വര്‍ധിപ്പിക്കാന്‍ അവര്‍ തീരുമാനിച്ചിട്ടുണ്ട്. ശുദ്ധ മല്‍സ്യം ലഭ്യമാക്കാന്‍ ഫിഷറീസ് മന്ത്രിയുമായി സംസാരിച്ചിട്ടുണ്ട്. ഈ വര്‍ഷം മലയാളികള്‍ക്ക് വിലക്കുറവിന്റെയും ഭക്ഷ്യ സമൃദ്ധിയുടെയും ഓണമായിരിക്കും. പ്രധാന വ്യാപാര കേന്ദ്രമായ മാങ്ങാട് ദേശീയപാതയോരത്തെ മാവേലി സ്റ്റോര്‍ സപ്ലൈകോ സൂപ്പര്‍മാര്‍ക്കറ്റായി ഉയര്‍ത്തും. ഇതുമായി ബന്ധപ്പെട്ട് ടി വി രാജേഷ് എംഎല്‍എയുടെ ആവശ്യം അംഗീകരിച്ചു. ജീവനക്കാരുടെ കുറവാണ് കൂടുതല്‍ കേന്ദ്രങ്ങള്‍ തുടങ്ങാന്‍ തടസ്സം.ഈ പ്രശ്‌നം പരിഹരിക്കുപ്പെടുന്നതോടെ മാങ്ങാട്ടുള്ള മാവേലി സ്റ്റോറിനെ സൂപ്പര്‍മാര്‍ക്കറ്റായി ഉയര്‍ത്താന്‍ നടപടി സ്വീകരിക്കും. സാധനങ്ങള്‍ കുറഞ്ഞ വിലയ്ക്ക് ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുന്നതിന് കഴിഞ്ഞ വര്‍ഷം സബ്‌സിഡി ഇനത്തില്‍ 440 കോടി രൂപയാണ് സപ്ലൈകോ ചെലവഴിച്ചത്. സബ്‌സിഡിയില്ലാത്ത സാധനങ്ങളുടെ വന്‍തോതിലുള്ള വില്‍പനയിലൂടെ ലഭിക്കുന്ന ലാഭമാണ് ഇതിനായി ഉപയോഗിക്കുന്നത്. അതുകൊണ്ട് മാവേലി സ്റ്റോറുകളില്‍ നിന്ന് സബ്‌സിഡി സാധനങ്ങള്‍ മാത്രം വാങ്ങാതെ വീട്ടിലേക്കു വേണ്ട മുഴുവന്‍ സാധനങ്ങള്‍ വാങ്ങുന്ന രീതിയുണ്ടാവണമെന്നും അദ്ദേഹം പറഞ്ഞു.  കെ എം ഷാജി എംഎല്‍എ അധ്യക്ഷത വഹിച്ചു. നാറാത്ത് പഞ്ചായത്ത് പ്രസിഡന്റ് കെ ശ്യാമള ആദ്യവില്‍പന നിര്‍വഹിച്ചു. സപ്ലൈകോ ജനറല്‍ മാനേജര്‍ കെ വേണുഗോപാല്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് കാണി കൃഷ്ണന്‍, ജില്ലാ പഞ്ചായത്തംഗം അജിത്ത് മാട്ടൂല്‍, പി ഷൈമ, എ പുരുഷോത്തമന്‍, കെ റഹ്്മത്ത്, മുഹമ്മദലി ആറാംപീടിക, കെ പി നിഷ, പി ലീന സംസാരിച്ചു. കോലത്തുവയലില്‍ നടന്ന ചടങ്ങില്‍ ടി വി രാജേഷ് എംഎല്‍എ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഇ പി ഓമന ആദ്യ വില്‍പന നിര്‍വഹിച്ചു. സപ്ലൈകോ ജനറല്‍ മാനേജര്‍ കെ വേണുഗോപാല്‍, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി ഗോവിന്ദന്‍, ജില്ലാ പഞ്ചായത്തംഗം പി പി ഷാജിര്‍, കെ ലക്ഷ്മണന്‍, എം വി രാജന്‍, സി നിഷ, ജനപ്രതിനിധികള്‍, പാര്‍ട്ടി പ്രതിനിധികള്‍ സംസാരിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss