|    Aug 22 Tue, 2017 6:37 pm
FLASH NEWS

മാവൂര്‍ അങ്ങാടിയും മല്‍സ്യമാര്‍ക്കറ്റും ദുര്‍ഗന്ധകേന്ദ്രമാവുന്നു

Published : 30th July 2016 | Posted By: SMR

മാവൂര്‍: പകര്‍ച്ചവ്യാധികളും പകര്‍ച്ചപ്പനിയും പടര്‍ന്നുപിടിക്കുന്ന അവസ്ഥയില്‍ വീടുകളും അങ്ങാടികളും കേന്ദ്രീകരിച്ച് ശുചീകരണ പ്രവര്‍ത്തനം ഊര്‍ജിതമാക്കണമെന്ന് ആരോഗ്യവകുപ്പും ഗ്രാമപ്പഞ്ചായത്തും ജനങ്ങളെ ബോധവല്‍ക്കരിക്കുമ്പോള്‍ മാവൂര്‍ അങ്ങാടിയും മല്‍സ്യമാര്‍ക്കറ്റും ദുര്‍ഗന്ധകേന്ദ്രമായി മാറുന്നു.
മാര്‍ക്കറ്റില്‍ നിന്നുള്ള മലിനജലവും മാലിന്യവും റോഡില്‍ തളംകെട്ടി കിടന്ന് അസഹ്യമായ ദുര്‍ഗന്ധം ഉണ്ടാക്കുകയാണ്. മാര്‍ക്കറ്റില്‍ നിന്നും അങ്ങാടിയില്‍ നിന്നുമുള്ള മാലിന്യങ്ങള്‍ ചാക്കില്‍ കെട്ടിനിറച്ച് മാവൂര്‍ കൂളിമാട് റോഡരികില്‍ തള്ളുകയാണ് ചെയ്യുന്നത്.
മാര്‍ക്കറ്റില്‍ നിന്നുള്ള മലിനജലം ഒഴുകി പോവാതിരിക്കാന്‍ റോഡരികില്‍ ബണ്ട് കെട്ടി നിര്‍ത്തി നിക്ഷേപിക്കുകയാണ്. പുഴുക്കളും കൂത്താടിയും നിറഞ്ഞിരിക്കുകയാണ്. കൊതുകുകളുടെ കേന്ദ്രമായി മാവൂര്‍ മല്‍സ്യ മാര്‍ക്കറ്റ് മാറിയിട്ടും ആരോഗ്യ വകുപ്പ് അധികൃതര്‍ക്ക് ഒരു കുലുക്കവുമില്ല. മല്‍സ്യം വാങ്ങാ ന്‍ എത്തുന്നവര്‍ക്ക് ദുര്‍ഗന്ധവും കൊതുകുകടിയും മൂലം ബുദ്ധിമുട്ടനുഭവപ്പെടുന്നു. വഴിയാത്രക്കാര്‍ക്കും ബസ് കാത്തിരിക്കുന്നവരുടേയും സ്ഥിതിയും ഇതു തന്നെയാണ്. മാലിന്യങ്ങള്‍ നിര്‍മാര്‍ജനം ചെയ്യുന്നതിനുള്ള സംവിധാനം ഇല്ലാത്തതാണ് മാവൂരില്‍ മാലിന്യങ്ങള്‍ കുന്നുകൂടാന്‍ കാരണം.
മാര്‍ക്കറ്റിലെ പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യങ്ങള്‍ ശേഖരിച്ച് മറ്റ് ഇടങ്ങളില്‍ കൊണ്ടുപോയി കത്തിക്കുകയും ശേഷിക്കുന്നവ കുഴിച്ചുമൂടുകയുമാണ് ഇപ്പോള്‍ ചെയ്തുവരുന്നത്. പ്ലാസ്റ്റിക് വസ്തുക്കള്‍ കത്തിക്കുന്നതു മൂലം മറ്റു ആരോഗ്യപ്രശ്‌നങ്ങളും ഉണ്ടാകാനിടയാകുന്നു. ചെറൂപ്പ ഹെല്‍ത്ത് സെന്റര്‍ സ്ഥിതി ചെയ്യുന്ന ചെറൂപ്പ പ്രദേശത്തെ മാലിന്യങ്ങള്‍ റോഡരുകിലും സമീപക്കെ ജലാശയത്തിലും തള്ളുന്നത് പതിവായി മാറിയിരിക്കയാണ്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക