|    Sep 23 Sun, 2018 5:53 am
FLASH NEWS

മാവുകള്‍ പൂത്തു; കര്‍ഷകര്‍ക്ക് പ്രതീക്ഷയും ആശങ്കയും

Published : 23rd January 2017 | Posted By: fsq

 

ഇരിക്കൂര്‍: കാലവര്‍ഷവും തുലാവര്‍ഷവും ദുര്‍ബലമാവുകയും കാലാവസ്ഥയിലെ വ്യതിയാനവും മഴക്കുറവും കാരണം താമസിച്ചെങ്കിലും ഗ്രാമങ്ങളിലെ മാവുകളെല്ലാം പൂത്തുലഞ്ഞതോടെ കര്‍ഷകമനസ്സുകളില്‍ ആകാംക്ഷയും പ്രതീക്ഷയും ഒപ്പം ആശങ്കയും. ആറു മാസത്തെ ഇടവേളയ്ക്കു ശേഷമാണ് മാവുകള്‍ വീണ്ടും പൂത്തുതുടങ്ങിയത്. മാവുകള്‍ പൂക്കാന്‍ തുടങ്ങിയതോടെ മലയോര ജനതയും കര്‍ഷകരും ആശ്വാസത്തിന്റെ കണക്കുകൂട്ടലും തുടങ്ങിയിരിക്കുകയാണ്. മുന്‍കാലങ്ങളെ അപേക്ഷിച്ച് ഒരു മാസം പിന്നിട്ടാണ് ഗ്രാമങ്ങളിലെ മാവുകളെല്ലാം പൂക്കാന്‍ തുടങ്ങിയത്. കാലാവസ്ഥയില്‍ വന്ന മാറ്റമാണിതിനു കാരണം. ഇത് ഇത്തവണത്തെ മാങ്ങ ഉല്‍പാദനത്തെ സാരമായി ബാധിച്ചേക്കുമോ എന്ന ആശങ്കയും കര്‍ഷകരിലും നാട്ടുകാരിലുമുണ്ട്. മലയോര മാവു കര്‍ഷകര്‍ ഒട്ടേറെ കടബാധ്യതകള്‍ നികത്താനും അത്യാവശ്യ കാര്യങ്ങളുമെല്ലാം നിറവേറ്റാനുമായി ഓരോ വര്‍ഷത്തെയും മാങ്ങ ഉല്‍പാദനത്തെയാണ് ആശ്രയിക്കുന്നത്. കഴിഞ്ഞ വര്‍ഷം മാങ്ങ കുറവായിട്ടും നല്ലവില കിട്ടിയിരുന്നത് കര്‍ഷകര്‍ക്ക് ഏറെ ആശ്വാസമായിരുന്നു. ഇപ്പോള്‍ ഇതരസംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന പഴുത്ത മാങ്ങയ്ക്കു മാര്‍ക്കറ്റില്‍ 100 രൂപയ്ക്ക് മുകളിലും പച്ച മാങ്ങയ്ക്ക് 60 രൂപയുമാണ് വില. ഇത്തവണത്തെ കഠിനമായ ചൂടില്‍ പുവുകള്‍ കരിഞ്ഞുപോവുമോയെന്ന ആശങ്കയും കര്‍ഷകര്‍ക്കുണ്ട്. മാവുകള്‍ പൂത്തുലഞ്ഞതോടെ മാവ് പാട്ടക്കാരും കണ്ണിമാങ്ങക്കച്ചവടക്കാരും വന്‍തോതില്‍ രംഗത്തുണ്ട്. നമ്പ്യാര്‍ മാങ്ങ എന്ന പേരില്‍ അറിയപ്പെടുന്ന കുറ്റിയാട്ടൂര്‍ മാങ്ങയ്ക്കു വിദേശങ്ങളില്‍ പോലും വന്‍ ഡിമാന്റാണുള്ളത്. മിക്ക സ്ഥലങ്ങളിലും പാട്ടകച്ചവടക്കാര്‍ മാവുകള്‍ ഏറ്റെടുത്തുകഴിഞ്ഞു. ഈവര്‍ഷത്തിലും നല്ല വില കിട്ടുമെന്ന പ്രതീക്ഷയിലാണ് കര്‍ഷകര്‍. റോഡരികിലെ നാട്ടുമാങ്ങകള്‍ ലേലം ചെയ്യണമെന്ന ആവശ്യവുമായി കുട്ടികളും രംഗത്തുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss