|    Aug 15 Wed, 2018 6:45 am
FLASH NEWS

മാള പോസ്‌റ്റോഫിസ് റോഡിലൂടെയുള്ള യാത്ര ദുരിതമയം

Published : 3rd August 2018 | Posted By: kasim kzm

മാള: ടൗണിലെ വാഹനത്തിരക്കേറിയ പോസ്‌റ്റോഫിസ് റോഡിലൂടെയുള്ള യാത്ര ദുരിതമയമാവുന്നു. മണിക്കൂറില്‍ നൂറുകണക്കിന് വാഹനങ്ങള്‍ ഇരുഭാഗങ്ങളിലേക്കും കടന്നു പോവുന്ന റോഡാണിത്. തൃശൂര്‍, ഇരിങ്ങാലക്കുട, ചാലക്കുടി, കൊടുങ്ങല്ലൂര്‍ തുടങ്ങിയയിടങ്ങളില്‍ നിന്നുള്ള ബസ്സുകള്‍ മാള പഞ്ചായത്ത് ബസ് സ്റ്റാന്റിലേക്ക് വരുന്നത് പോസ്‌റ്റോഫിസ് റോഡ് വഴിയാണ്.
തിരികെ പോവുന്നതും ഇതുവഴി തന്നെയാണ്. ഇവിടങ്ങളില്‍ നിന്നടക്കമുള്ള മറ്റനേകം വാഹനങ്ങളും ഇതുവഴി തന്നെയാണ് കടന്നു പോവുന്നത്. നാലമ്പല ദര്‍ശനകാലമായതിനാല്‍ അത്തരം വാഹനങ്ങളും ഒട്ടനവധിയാണെത്തുന്നത്. ഇതിനിടയിലാണ് ഇരുചക്ര വാഹനങ്ങളും കാല്‍നട യാത്രികരും ഇതിലൂടെ യാത്ര ചെയ്യുന്നത്. നാല് വാഹനങ്ങള്‍ ഇരുഭാഗത്തേക്കും ഒരുമിച്ചെത്തിയാല്‍ ഗതാഗതക്കുരുക്ക് രൂപപ്പെടാന്‍ റോഡിന്റെ തകര്‍ച്ച കാരണമാകുന്നുണ്ട്. ചെളിവെള്ളവും ഇളകി കിടക്കുന്ന മെറ്റലും തെറിക്കുന്നതിനൊപ്പം ഗതാഗതക്കുരുക്ക് രൂപപ്പെടുമ്പോഴുണ്ടാകുന്ന നിരന്തരമായ എയര്‍ ഹോണിന്റെ ശബ്ദവും സഹിക്കേണ്ട ഗതികേടിലാണ് റോഡിനിരുവശവുമുള്ള വ്യാപാരികളും മറ്റും.
മാള ഗവണ്‍മെന്റ് ആശുപത്രിയില്‍ നിന്നടക്കമുള്ള ആംബുലന്‍സുകള്‍ക്കും മാള ഫയര്‍ ആന്റ് റെസ്‌ക്യൂ സെന്ററിലെ ഫയര്‍ ഫോഴ്‌സ് വാഹനത്തിനും വരെ പല സമയങ്ങളിലും ഗതാഗതക്കുരുക്കില്‍പെട്ട് കിടക്കേണ്ടി വരുന്ന അവസ്ഥ വരെയുണ്ട്.
നാല് വര്‍ഷം മുന്‍പ് 8.1 കോടി രൂപ ചെലവഴിച്ച് കൊടകര മാള കൊടുങ്ങല്ലൂര്‍ റോഡ് ബി എം ബി സി ടാറിങ് നടത്തിയപ്പോള്‍ അനുബന്ധമായി പോലിസ് സ്‌റ്റേഷന്‍ വരെ ഈ റോഡും ഈ റോഡിലും ടാറിംഗ് നടത്തിയിരുന്നു. അതിന് ശേഷമാണ് മാള മള്‍ട്ടി ജി പി കുടിവെള്ള പദ്ധതിക്കായി റോഡിന്റെ ഇരുവശവും പൊളിച്ചത്.
റോഡ് പൊളിച്ച് പൈപ്പിട്ട് മെറ്റലിങ് നടത്തിയ ശേഷം മാസങ്ങളൊരുപാട് ദുരിതം വിതച്ചിരുന്നു. പരാതി പ്രളയമുണ്ടായതിനും പത്രവാര്‍ത്തകളെയും തുടര്‍ന്നാണ് ടാറിങ് നടത്തിയത്. അതാണിപ്പോള്‍ പൊളിഞ്ഞ് ദുരിതം വിതക്കുന്നത്. പാടെ തകര്‍ന്ന റോഡിനെക്കുറിച്ച് ബന്ധപ്പെട്ടവരാരും തന്നെ തിരിഞ്ഞു നോക്കാതായതോടെ മാള ബസ് സ്റ്റാന്‍ഡിന് സമീപത്തായുള്ള ഓട്ടോ സ്റ്റാന്‍ഡിലെ അജയനെന്ന ഓട്ടോെ്രെഡവര്‍ മെറ്റലും മറ്റുമിട്ട് കുഴികളില്‍ പലതും അടച്ചു.
ഇത് ശ്രദ്ധയില്‍പെട്ട ഗ്രാമപ്പഞ്ചായത്തധികൃതര്‍ അന്ന് തന്നെ ഓടിച്ചൊരു ടാറിങ് നടത്തി. അതിന്റെ മെറ്റലുകളാണിപ്പോള്‍ കൂടുതലായി ദുരിതം വിതക്കുന്നത്. മഴ മാറി നില്‍ക്കുന്ന വേളയില്‍ ടാറിങ് നടത്താനുള്ള ഒരുക്കങ്ങള്‍ ഇപ്പോഴേ ചെയ്യണമെന്നാണ് ഉയരുന്ന ആവശ്യം.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss