|    Jul 20 Fri, 2018 10:18 pm
FLASH NEWS

മാള പഞ്ചായത്ത് ബസ്സ്റ്റാന്റ് കെട്ടിടം അപകടാവസ്ഥയില്‍

Published : 21st September 2017 | Posted By: fsq

 

മാള: ഗ്രാമപഞ്ചായത്തിന്റെ അധീനതയിലുള്ള മാള ബസ് സ്റ്റാന്റ് അപകടാവസ്ഥയി തുടങ്ങിയിട്ട് ഏറെ കാലമായെങ്കിലും തിരിഞ്ഞു നോക്കാന്‍ പോലും പഞ്ചായത്ത് ഭരണാധികാരികള്‍ തയ്യാറാകുന്നില്ലെന്ന് ആക്ഷേപം. വര്‍ഷങ്ങളായി ബസ് സ്റ്റാന്റ് കെട്ടിടത്തിന്റെ മേല്‍ക്കൂരയുടെ ഭാഗങ്ങള്‍ പലയിടങ്ങളിലായി അടര്‍ന്ന് വീണ് കൊണ്ടിരിക്കയാണ്. കോണ്‍ഗ്രീറ്റ് കഷ്ണങ്ങള്‍ തലയിലും മറ്റും വീണ് ഒട്ടേറെ യാത്രക്കാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. മഴക്കാലമായാല്‍ കെട്ടിടത്തിന്റെ പലഭാഗങ്ങളിലും യാത്രക്കാര്‍ക്ക് നില്‍ക്കാനോ ഇരിക്കാനോ ആകാത്ത അവസ്ഥയാണ്. കോണ്‍ഗ്രീറ്റ് കഷ്ണങ്ങള്‍ അടര്‍ന്ന് വീഴുന്നതിന് പുറമേ ചോര്‍ച്ചയുമുണ്ട്. കെട്ടിടത്തിന്റെ നടുഭാഗത്ത് പുരുഷന്‍മാര്‍ക്ക് ഇരിക്കാനായുള്ള ഇരിപ്പിടം പൂര്‍ണ്ണമായും ഉപയോഗിക്കാനാത്ത അവസ്ഥയാണ്. കോണ്‍ഗ്രീറ്റ് മേല്‍ക്കൂരയുടെ നടുക്കായുള്ള ഭാഗത്ത് നിന്നാണ് ഇവിടെ വെള്ളം വീഴുന്നത്. 25 വര്‍ഷം മുന്‍പ് പണിത കെട്ടിടത്തിന്റെ അറ്റകുറ്റ പണികള്‍ കാലാകാലങ്ങളില്‍ ചെയ്യാത്തതാണ് ഈയവസ്ഥക്ക് കാരണമെന്നാണ് വിദഗ്ധാഭിപ്രായം. ബസ് സ്റ്റാന്റിനുള്ളില്‍ കുട ചൂടി നിന്നാല്‍ മാത്രമേ നനയാതിരിക്കൂ എന്ന അവസ്ഥയാണ്. കടമുറികളില്‍ പലതിലും സമാന രീതിയില്‍ മഴവെള്ളവും കോണ്‍ഗ്രീറ്റ് കഷ്ണങ്ങളും വീഴുന്നുണ്ട്. പല വ്യാപാരികളും സ്വന്തം ചിലവില്‍ അറ്റകുറ്റ പണികള്‍ ചെയ്തതിനാല്‍ അത്തരക്കാര്‍ക്ക് വലിയ പ്രശ്‌നങ്ങളില്ല. കാലാകാലങ്ങളില്‍ മാറി മാറി വരുന്ന ഗ്രാമപഞ്ചായത്ത് ഭരണസമിതികള്‍ ഇക്കാരങ്ങളില്‍ ശ്രദ്ധ പുലര്‍ത്തുന്നില്ലെന്നാണ് ആക്ഷേപം. 1992 നവംബര്‍ 15 ന് അന്നത്തെ മുഖ്യമന്ത്രി ആയിരുന്ന കെ കരുണാകരന്‍ ശിലാസ്ഥാപനം നടത്തി 1994 ജൂണ്‍ 14 ന് അദ്ധേഹം തന്നെ ഉദ്ഘാടനം ചെയ്ത കെട്ടിടമാണിത്. 15 കടമുറികളില്‍ നിന്നും ലക്ഷക്കണക്കിന് രൂപയാണ് ഓരോ മാസവും പഞ്ചായത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. പഞ്ചായത്ത് ഭരണസമിതി ഇക്കാര്യത്തില്‍ അടിയന്തിര ശ്രദ്ധ പുലര്‍ത്തണമെന്ന് മാള പ്രതികരണ വേദി യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് സലാം ചൊവ്വര യോഗത്തില്‍ അധ്യക്ഷത വഹിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss