|    Jul 20 Fri, 2018 11:57 pm
FLASH NEWS

മാള ടൗണ്‍ വികസനം; സ്ഥാപനങ്ങള്‍ വാടകക്കെടുത്ത് നടത്തിയവര്‍ ദുരിതത്തില്‍

Published : 31st October 2016 | Posted By: SMR

മാള: മാള ടൗണ്‍ കെട്ടിടങ്ങള്‍ അരിഞ്ഞ് നീക്കല്‍ പുരോഗമിക്കുമ്പോള്‍ നെഞ്ചില്‍ നെരിപ്പോടുമായി ചിലര്‍. പതിറ്റാണ്ടുകളായി തങ്ങളുടെ ഉപജീവനമാര്‍ഗ്ഗമാണ് നഷ്ടപെടുന്നത് എന്നതാണ് ഇവര്‍ നേരിടുന്ന പ്രശ്‌നം. ഇവര്‍ക്ക് നിലവിലെ സ്ഥലത്ത് പുതിയ കെട്ടിടം നിര്‍മിക്കാനാവില്ല.ടൗണില്‍ മറ്റു പ്രദേശത്ത് നിര്‍മാണവും സാധ്യമല്ല. കച്ചവട സ്ഥാപനങ്ങളുടെ മുഖം അരിയുന്നു എന്ന പേരില്‍ കെട്ടിടത്തിന്റെ അധികഭാഗവും നഷ്ടപ്പെട്ടവരാണിക്കൂട്ടര്‍. എന്നാല്‍ ഇവരുടെ സങ്കടം കേള്‍ക്കാനോ പരിഹാരം തേടാനോ ആരുമില്ലെന്നിവര്‍ പറയുന്നു. നിര്‍ദിഷ്ട കൊടകര കൊടുങ്ങല്ലൂര്‍ പാത വികസനവുമായി ബന്ധപെട്ടാണ് മാള ടൗണ്‍ റോഡ് വീതി കൂട്ടുന്നത്. കെട്ടിട ഉടമകള്‍ക്കാണ് അധികൃതര്‍ നഷ്ടപരിഹാര സംഖ്യ നല്‍കുന്നത്.ഇതേ കെട്ടിടം വാടകയ്ക്ക് നടത്തിയവര്‍ പെരുവഴിയിലായി. ഇതോടൊപ്പം സ്ഥാപനത്തിന്റെ സിംഹഭാഗം നഷ്ടപ്പെട്ടവര്‍ പുനര്‍നിര്‍മാണത്തിന് ഇരുട്ടില്‍ തപ്പുകയാണ്. ചരിത്രമുറങ്ങുന്ന പുരാതന അങ്ങാടിയുടെ പൈതൃകം നഷ്ടപെടാതെ നിലനിറുത്തണമെന്ന ആവശ്യം അധികൃതര്‍ അംഗീകരിച്ചില്ല. ബൈപ്പാസ് ആശയവും തള്ളികളഞ്ഞു. കെട്ടിടം പൊളിച്ചുമാറ്റല്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കുന്നതിന് വി ആര്‍ സുനില്‍കുമാര്‍ എംഎല്‍എ ശ്രമം നടത്തിയിരുന്നു. നീക്കം ചെയ്യാത്തവ അടിയന്തിരമായി നീക്കണമെന്ന് നിര്‍ദേശവും ഉണ്ടായി. ചില കെട്ടിടങ്ങളുടെ കാര്യത്തില്‍ പക്ഷെ, തീരുമാനം വൈകി. രണ്ട് വ്യാപാരികള്‍ കോടതിയില്‍ പോയി. കെട്ടിടം പൊളിക്കെതിരെ സ്‌റ്റേ സമ്പാദിച്ചു. ഇവരുടേയും പ്രശ്‌നവും ഒന്ന് തന്നെയാണ്. തങ്ങള്‍ വികസനത്തിന് എതിരല്ലന്നാണ് ഇവര്‍ പറയുന്നത്. എന്നാല്‍ ഇരകളുടെ ഭാഗത്ത് ആരുമില്ലന്ന് ഇവര്‍ സങ്കടം പറയുന്നു. കെട്ടിടങ്ങള്‍ പൊളിക്കാന്‍ നോട്ടിസ് നല്‍കിയവര്‍ വച്ചു താമസിപ്പിക്കുന്നു എന്നാണ് പരാതി. ഇതിനെതിരെ പഞ്ചായത്ത് സെക്രട്ടറി മെമ്മോ നല്‍കിയിരുന്നു.പ്രശ്‌നത്തിന്റെ ഗൗരവമറിഞ്ഞ് കഴിഞ്ഞ 23ന് പരിഹാരത്തിനായി കലക്ടര്‍ എ കൗശികന്‍ മാളയിലെത്തി. അദ്ദേഹം കെട്ടിട ഉടമകള്‍ നല്‍കിയ പരാതി പരിശോധിച്ചു. കച്ചവടസ്ഥാപന ഉടമകളുടെ പരാതി സംബന്ധിച്ച് 15 ദിവസത്തിനകം പഠനം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സബ്ബ് കമ്മറ്റി രൂപീകരിച്ചു. ലാന്റ് അക്വസിഷന്‍ തഹസില്‍ദാര്‍,ടൗണ്‍ പ്ലാനര്‍,പിഡബ്ലിയുഡി എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍,പഞ്ചായത്ത് സെക്രട്ടറി, അസിസ്റ്റന്റ് എഞ്ചിനീയര്‍ എന്നിവരെ സമിതി അംഗങ്ങളായി തീരുമാനിച്ചു.ഒരുമാസത്തിലേറെക്കാലം പിന്നിടുമ്പോഴും പ്രശ്‌നങ്ങള്‍ ബാക്കിയാവുകയാണ്.മാള ടൗണിലെ വടക്ക് ഭാഗത്തെ ടാക്‌സി സ്റ്റാന്‍ഡു മുതല്‍  കെഎസ്ആര്‍ടിസി സ്റ്റാന്‍ഡുവരേയുള്ള റോഡിന് വീതി കൂട്ടുന്നതിനാണ് പൊളിച്ചു നീക്കല്‍ നടക്കുന്നത്. 57 സ്ഥാപനങ്ങളാണ് ഇങ്ങിനെ പൊളിക്കുന്നത്. ഇവയെ എബിസി എന്നിങ്ങനെ മൂന്നാക്കിയിട്ടുണ്ട്. ചില സ്ഥാപന ഉടമകള്‍ സര്‍ക്കാറുമായുള്ള വ്യവസ്ഥ സ്വീകരിക്കാന്‍ വിമുഖത പ്രകടിപ്പിച്ചതാണ് കടമ്പയായത്. ഇവരുടെ ഭൂമിക്കുള്ള നഷ്ടപരിഹാര സംഖ്യകോടതിയില്‍ കെട്ടിവച്ചാവും കെട്ടിടം നീക്കം ചെയ്യല്‍.അതേ സമയംസ്ഥലം വിട്ടുനല്‍കിയവര്‍ക്ക് നിലവിലുള്ള കെട്ടിടത്തിന്റെ മേല്‍ക്കൂര പുതുക്കി പണിയുന്നതിന് അനുമതി ഉണ്ട്. ഇതു പക്ഷെ റോഡില്‍ നിന്നും നിശ്ചിത ദൂരം നീക്കി വേണമെന്നാണ്ചട്ടം. ഈ ചട്ടത്തില്‍ ഇളവു നല്‍കിയതായി വ്യാപാരികള്‍ പറയുന്നു. ഇത് സബ് കമ്മിറ്റി പരിശോധിക്കുമെന്നാണ് സൂചന. അപ്പോഴും ഇരകളുടെ കാര്യത്തില്‍ നിസ്സഹായത പ്രകടിപ്പിക്കുകയാണ് അധികൃതര്‍.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss