|    Jan 19 Thu, 2017 8:35 pm
FLASH NEWS

മാള ടൗണില്‍ സ്ഥാപിച്ച സിസിടിവി കാമറകള്‍ ഭൂരിഭാഗവും പ്രവര്‍ത്തനരഹിതം

Published : 27th August 2016 | Posted By: SMR

മാള: മാള ടൗണില്‍ കൊട്ടിഘോഷിച്ച് നടപ്പാക്കിയ സിസിടിവി കാമറകളില്‍ ഭൂരിഭാഗവും പ്രവര്‍ത്തന രഹിതം. രണ്ട് വര്‍ഷം മുമ്പ് അന്നത്തെ ആഭ്യന്തര വകുപ്പുമന്ത്രി രമേഷ് ചെന്നിത്തല ഉല്‍ഘാടനം ചെയ്ത സിസിടിവി ക്യാമറ സിസ്റ്റം ഏതാനും മാസങ്ങള്‍ മാത്രമാണ് കാര്യക്ഷമമായി പ്രവര്‍ത്തിച്ചത്. പിന്നീട് ക്യാമറകളില്‍ ഓരോന്നായി മിഴിയടച്ച് തുടങ്ങി. മാള ടൗണിലെ മെയിന്‍ ജങ്ഷനില്‍ മൂന്ന് ക്യാമറകള്‍, ബസ്സ്സ്റ്റാന്റില്‍ രണ്ടെണ്ണം, യൂനിയന്‍ ബാങ്ക് പരിസരത്ത് രണ്ടെണ്ണം വീതവും കെ കെ റോഡിലും വണ്‍വേ റോഡിലും യഹൂദ ശ്മശാന പരിസരത്തും ഗംഗ തിയ്യേറ്റര്‍ പരിസരത്തും ബസ്സ്സ്റ്റാന്റ് പരിസരത്തും ഒന്നുവീതവുമാണ് ക്യാമറകള്‍ സ്ഥാപിച്ചിരിക്കുന്നത്.
ഒരു വര്‍ഷത്തോളമായി നാമമാത്രമായ ക്യാമറകള്‍ മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. നിലവില്‍ ബസ്സ്സ്റ്റാന്റ് പരിസരത്തുള്ള രണ്ട് ക്യാമറകള്‍ മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. 2014 ല്‍ 12 ക്യാമറകള്‍ സ്ഥാപിച്ചിരുന്ന സ്ഥാനത്താണ് കുറേക്കാലമായി രണ്ടോ മൂന്നോ ക്യാമറകള്‍ മാത്രം പ്രവര്‍ത്തിക്കുന്നത്. നിസ്സാര തകരാറുകള്‍ മാത്രമാണ് ക്യാമറകള്‍ക്കുള്ളത്. ക്യാമറകളുടെ ഫ്യൂസ് പോകല്‍, കണക്ടറിന്റെ തകരാര്‍ തുടങ്ങിയവയാണ് പ്രധാനമായുമുണ്ടാകുന്ന തകരാര്‍. വര്‍ഷം പ്രതി 25000 രൂപയാണ് ഇവയുടെ അറ്റകുറ്റ പണികള്‍ക്കായി വേണ്ടത്. ക്യാമറകളില്‍ ഏതെങ്കിലും പൂര്‍ണ്ണമായും തകരാറിലായാല്‍ പതിനായിരം രൂപയോളം ചിലവാകും. ക്യാമറകള്‍ സ്ഥാപിക്കുന്നതിന് മുന്‍പ് ടൗണിലെ ബാങ്കുകളും വ്യാപാര സ്ഥാപനങ്ങളും ഇവക്കായുള്ള സഹായങ്ങള്‍ വാഗ്ദാനം ചെയ്തിരുന്നെങ്കിലും പിന്നീട് ഭൂരിഭാഗം പേരും നിസ്സഹകരണമായിരുന്നു.
ഫെഡറല്‍ ബാങ്ക്, കാത്തലിക് സിറിയന്‍ ബാങ്ക്,സൗത്ത് ഇന്ത്യന്‍ ബാങ്ക്, എച്ച് ഡി എഫ് സി, ജില്ലാ സഹകരണ ബാങ്ക് തുടങ്ങിയ ബാങ്കുകളും മറ്റ് ധനകാര്യ സ്ഥാപനങ്ങളും ജ്വല്ലറികള്‍, തുണിക്കടകള്‍, ഹാര്‍ഡ് വെയര്‍ സ്ഥാപനങ്ങള്‍, സൂപ്പര്‍ ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍ തുടങ്ങി ടൗണിലെ ഭൂരിഭാഗം സ്ഥാപനങ്ങളും ഇതിനോട് സഹകരിക്കേണ്ടതാണെങ്കിലും ഏതാനും ചില സ്ഥാപനങ്ങള്‍ മാത്രമാണ് പദ്ധതിയോട് സഹകരിക്കുന്നത്. സിസിടിവി ക്യാമറകള്‍ ഒന്നൊന്നായി മിഴിപൂട്ടി തുടങ്ങിയതിന് ശേഷം നിരവധി മോഷണങ്ങളും തട്ടിപ്പുകളും മറ്റുമാണ് നടന്നത്.
പകല്‍ പോലും കടയുടമകളെ കബളിപ്പിച്ച് തട്ടിപ്പുകാര്‍ മുങ്ങിയിട്ടുണ്ട്. രാത്രിയുടെ മറവില്‍ മയക്കുമരുന്ന് വില്‍പ്പനയും അനാശാസ്യ പ്രവര്‍ത്തനങ്ങളും മറ്റും നടക്കുന്നുണ്ട്. സ്ഥാപിച്ചിട്ടുള്ള സിസിടിവി ക്യാമറകള്‍ എല്ലാം തന്നെ പ്രവര്‍ത്തനക്ഷമമായാല്‍ ഇത്തരം പ്രവണതകള്‍ക്ക് ഏറെ കുറവുണ്ടാകും. മാള കെ എസ് ആര്‍ടിസി മുതല്‍ ഫൊറോന ദേവാലയം വരെയും മെയിന്‍ ജങ്ഷനില്‍ നിന്നും യഹൂദ ശ്മശാനം വരെയുമാണ് 12 ക്യാമറകള്‍ സ്ഥാപിച്ചിരിക്കുന്നത്. ഓണത്തിന് മുന്‍പായി ക്യാമറകള്‍ എല്ലാം പ്രവര്‍ത്തക്ഷമമാക്കാന്‍ ശ്രമിക്കുന്നുണ്ടെന്ന് ചെയര്‍മാന്‍ മോഹനന്‍ മൂഴിക്കല്‍ അറിയിച്ചു. അതിനായി സഹകരണം ഓഫര്‍ ചെയ്തവരെല്ലാം സഹകരിക്കണമെന്നും അവര്‍ പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 17 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക