|    Jan 16 Mon, 2017 10:48 pm
FLASH NEWS

മാള ടൗണിലെ ഷോപ്പിങ് കോംപ്ലക്‌സുകളില്‍ അടിസ്ഥാന സൗകര്യങ്ങളില്ല; അധികാരികളുടെ നിസ്സംഗതയില്‍ വ്യാപക പ്രതിഷേധം

Published : 19th August 2016 | Posted By: SMR

മാള: മാള ടൗണിലെ ഷോപ്പിങ്‌കോംപ്ലക്‌സുകളിലെ അടിസ്ഥാന സൗകര്യങ്ങള്‍ കുറവാണെന്നും അപകട മുന്‍കരുതലുകളൊന്നും തന്നെയില്ലെന്നും വ്യാപകമായ ആക്ഷേപം. ഷോപ്പിങ് കോംപ്ലക്‌സുകള്‍ക്ക് വേണ്ടതായ പല കാര്യങ്ങളും മാളയിലെ ഷോപ്പിങ് കോംപ്ലക്‌സുകളില്‍ ചെയ്തിട്ടില്ല. ഷോപ്പിങ് കോംപ്ലക്‌സുകളിലെ റൂമുകള്‍ക്കാനുപാതികമായി ശുചിമുറികള്‍ മാളയിലെ ഇരുപതില്‍പ്പരം വരുന്ന ഒരു ഷോപ്പിങ് കോംപ്ലക്‌സുകളിലുമില്ല.
ഉള്ളവയില്‍ തന്നെ ആവശ്യത്തിന് ജല ലഭ്യതയുമില്ല. ഇ വിടെ വിവിധ സ്ഥാപനങ്ങളില്‍ നൂറ്കണക്കിന് സ്ത്രീ ജീവനക്കാരാണ് ജോലിയെടുക്കുന്നത്. ഇവര്‍ക്കും പുരുഷ ജീവനക്കാര്‍ക്കും സ്ഥാപനങ്ങളില്‍ എത്തുന്ന ഉപഭോക്താക്കള്‍ക്കും പ്രാഥമിക കാര്യങ്ങള്‍ നിര്‍വ്വഹിക്കുന്നതിന് വളരെയേറെ ബുദ്ധിമുട്ടാണ് അനുഭവപ്പെടുന്നത്.
വാട്ടര്‍ അതോറിറ്റിയുടെ ജലമാണ് ഭൂരിഭാഗം ഷോപ്പിങ് കോ ംപ്ലക്‌സുകളിലെയും ശുചിമുറികളില്‍ ഉപയോഗിക്കുന്നത്. വാട്ടര്‍ അതോറിറ്റിയുടെ ജലവിതരണമുള്ള ദിവസങ്ങളില്‍ മാത്രമാണ് അത്തരം ശുചിമുറികളില്‍ വെള്ളമെത്തുന്നത്.
പലയിടത്തായി പൈപ്പ് പൊട്ടി ജലം പാഴാകുന്നതിനാല്‍ ഫോഴ്‌സ് കുറഞ്ഞെത്തുന്ന വെള്ളം കെട്ടിടങ്ങള്‍ക്ക് മേലെ സ്ഥാപിച്ചിട്ടുള്ള ടാങ്കുകളില്‍ ജലമെത്തുന്നില്ലെന്നാണ് കെട്ടിടമുടമകളുടെ ന്യായീകരണം. പഞ്ചായത്തിന്റെ അധീനതയിലുള്ള ബസ്സ് സ്റ്റാന്റ് കം ഷോപ്പിങ് കോംപ്ലക്‌സില്‍ ഇരുപത്തിനാലോളം കടമുറികളുണ്ടെങ്കിലും കെട്ടിടത്തില്‍ ഒരു ശുചിമുറി പോലുമില്ല. ഇവിടെയുള്ളവരെല്ലാം തന്നെ പണം കൊടുത്ത് ഉപയോഗിക്കുന്ന കംഫര്‍ട്ട് സ്‌റ്റേഷനെയാണ് ആശ്രയിക്കുന്നത്.
കുറച്ചു നാളായി ഈ കംഫര്‍ട്ട് സ്‌റ്റേഷന്‍ പ്രവര്‍ത്തന രഹിതമായതിനാല്‍ ആ വഴിയും അടഞ്ഞതിനാല്‍ ഏറെ ദുരിതത്തിലാണ് സ്ഥാപനങ്ങളിലുള്ളവരും മറ്റും. പഞ്ചായത്ത് ബസ്സ് സ്റ്റാന്റിന് അടുത്തായുള്ള പടയാട്ടി ഷോപ്പിങ് കോംപ്ലക്‌സിലും സമീപത്തെ മറ്റ് ഷോപ്പിങ്‌കോംപ്ലക്‌സുകളിലും നാല്‍പ്പതോളം മുറികള്‍ക്കായി ഒരു ശുചിമുറി മാത്രമാണുള്ളത്.
ഇവയില്‍ തന്നെ മിക്കവാറും സമയങ്ങളില്‍ വെള്ളമുണ്ടാവാറില്ല. ഇതുമൂലം സ്ഥാപനങ്ങളിലെ ജീവനക്കാരില്‍ പലരും മൂത്രമൊഴിക്കല്‍ മാറ്റി വെക്കുന്നതിനാലുള്ള ശാരീരിക ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ട്. പ്രത്യേകിച്ച് സ്ത്രീ ജീവനക്കാര്‍ക്ക്. ഒരു ഷോപ്പിങ് കോംപ്ലക്‌സുകളിലും പാര്‍ക്കിങ് സൗകര്യം ഏര്‍പ്പെടുത്തിയിട്ടില്ല. ഇതിനാല്‍ കടകള്‍ക്ക് മുന്നിലായാണ് ബൈക്കും കാറുമടക്കമുള്ള വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത്.അതിനാല്‍ തന്നെ ഗതാഗത കുരുക്കും നിത്യ സംഭവമാണ്. വാഹനങ്ങള്‍ തലങ്ങും വിലങ്ങും പാര്‍ക്ക് ചെയ്യുന്നതിനാല്‍ എന്തെങ്കിലും അത്യാഹിതമുണ്ടായാല്‍ രക്ഷാ പ്രവര്‍ത്തനത്തിന് സമയമേറെയെടുക്കും. വാഹനങ്ങള്‍ നിറഞ്ഞ് കിടക്കുന്നതിനാല്‍ ഫയര്‍ ഫോഴ്‌സിന്റെ വാഹനം കടത്താനേറെ സമയമെടുക്കും.
ബഹുനില കെട്ടിടങ്ങള്‍ പണിയുമ്പോള്‍ പാലിക്കേണ്ട സുരക്ഷാ മാനദണ്ഡങ്ങളൊന്നും തന്നെ പാലിച്ചിട്ടില്ല മാളയിലെ ഷോപ്പിങ് കോംപ്ലക്‌സുകളിലൊന്നും. മഴ പെയ്താല്‍ പല ഷോപ്പിങ് കോംപ്ലക്‌സുകളിലെയും കെട്ടിടങ്ങള്‍ക്ക് ഇടയിലെ ഒഴിഞ്ഞ സ്ഥലത്ത് വെള്ളം കെട്ടിക്കിടന്ന് ഉണ്ടാവുന്ന ദുരിതം വേറെയാണ്. കുഴികള്‍ രൂപപെട്ട് ചെളി നിറഞ്ഞുള്ള ദുരിതം ഏറെയാണ്. നിയമങ്ങളെല്ലാം കാറ്റില്‍ പറത്തിയാണ് മാളയിലെ പഞ്ചായത്ത് ഷോപ്പിങ് കോംപ്ലക്‌സടക്കമുള്ളവ. എന്തെങ്കിലും ദുരന്തം ഉണ്ടാകുന്നതിന് മുന്‍പേ തന്നെ ബന്ധപ്പെട്ട അധികാരികള്‍ ഇക്കാര്യത്തില്‍ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നും ജനങ്ങളുടെ ദുരിതങ്ങള്‍ക്ക് അറുതി വരുത്തണമെന്നുമാണ് ഉയരുന്ന ആവശ്യം.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 19 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക