|    Dec 11 Mon, 2017 9:40 am
FLASH NEWS

മാള കെഎസ്ആര്‍ടിസി ഡിപ്പോയില്‍ സര്‍വീസുകള്‍ റദ്ദാക്കി; ജനം വലഞ്ഞു

Published : 9th January 2017 | Posted By: fsq

മാള: കെഎസ്ആര്‍ടിസി മാള ഡിപ്പോയില്‍ നിന്നും സര്‍വ്വീസ് നടത്തുന്നവയില്‍ പകുതിയോളം ഷെഡ്യൂളുകള്‍ അയക്കാതെ ഞായറാഴ്ച ജനങ്ങളെ വലച്ചതായി പരാതി. ആകെയുള്ള 55 ഷെഡ്യൂളുകളില്‍ ഇന്നലെ അയച്ചത് 36 ഷെഡ്യൂളുകള്‍ മാത്രം. അത്യാവശ്യവും നാമമാത്രമായുള്ളതുമായ ഷെഡ്യൂളുകള്‍ അടക്കമാണ് ഇന്നലെ അയക്കാതിരുന്നത്. അവധി ദിവസമായ ഇന്നലെ നൂറ്കണക്കിന് യാത്രക്കാരാണ് പെരുവഴിയിലായത്. പുലര്‍ച്ചെ മുതല്‍ വൈകീട്ട് വരെയുള്ള ഷെഡ്യൂളുകളാണ് റദ്ദാക്കി മാളയിലെ ഉദ്യോഗസ്ഥര്‍ ജനങ്ങളെ വലച്ചത്. ഹോളിഡേ ക്യാന്‍സലേഷനും ഡീസല്‍ ക്ഷാമവുമാണ് ഇതിന് ന്യായീകരണമായി പറയുന്നത്. നാമമാത്രമായ സര്‍വ്വീസുകള്‍ മാത്രം അയക്കുന്ന എരവത്തൂര്‍ആലുവ, പൂപ്പത്തികണക്കന്‍കടവ്, വെണ്ണൂര്‍ആലുവ തുടങ്ങിയ റൂട്ടുകളിലെ ഷെഡ്യൂളുകളാണ് കൂടുതലായി റദ്ദാക്കിയത്. മാള-കൊടുങ്ങല്ലൂര്‍ റൂട്ടിനേയും റദ്ദാക്കല്‍ നടപടി ബാധിച്ചു. ആലുവയിലേക്കുള്ള പ്രധാനപ്പെട്ടതും ദൂരക്കുറവുള്ളതുമായ മാള എരവത്തൂര്‍ ആലുവ റൂട്ടിനേയാണ് ഈ നടപടി കൂടുതലായും ബാധിച്ചത്. മറ്റൊരു പ്രധാന റൂട്ടായ മാള-കൊടുങ്ങല്ലൂര്‍ റൂട്ടില്‍ ഓടിയിരുന്നവയില്‍ പലതും ഓടിക്കാതിരുന്നത് സ്വകാര്യ ബസ്സുകാര്‍ക്ക് ചാകരയായി. സൂചി കുത്താനിടമില്ലാത്ത വിധത്തില്‍ വരെയാണ് പല സ്വകാര്യ ബസ്സുകളും ഓടിയത്. നാമമാത്രമായ ട്രിപ്പുകള്‍ മാത്രമാണ് കെഎസ്ആര്‍ടിസി ഈ റൂട്ടില്‍ നടത്തിയത്. വിവാഹങ്ങളടക്കം നിരവധി പരിപാടികള്‍ക്കായി നൂറ്കണക്കിന് പേരാണ് വിവിധയിടങ്ങളിലേക്കായി യാത്രക്കിറങ്ങിയത്. മേഖലയുടെ വിവിധയിടങ്ങളിലായി മണിക്കൂറുകളോളമാണിവര്‍ ബസ് കാത്ത് നിന്നത്. ഇതിനിടെ അയച്ച ഷെഡ്യൂളുകളില്‍ ചിലത് ബ്രേക്ക് ഡൗണാവുകയുമുണ്ടായി. ശനിയാഴ്ച വൈകീട്ട് 5. 08 ന് തിരുവനന്തപുരത്തേക്ക് പോയ സൂപ്പര്‍ ഫാസ്റ്റ് ബസ് തിരുവനന്തപുരത്ത് എത്തിയപ്പോള്‍ കേടായി. തിരുവനന്തപുരം സര്‍വ്വീസുകള്‍ തന്നെയായ രണ്ട് ഫാസ്റ്റ് പാസഞ്ചര്‍ ബസ്സുകളും കേടായി. ഒരെണ്ണം ആലപ്പുഴയിലും മറ്റൊന്ന് അങ്കമാലിയിലുമാണ് കേടായത്. ദീര്‍ഘദൂര യാത്രക്കാരും ഇതിലൂടെ ദുരിതത്തിലായി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക