|    Sep 20 Wed, 2017 10:00 pm
FLASH NEWS

മാള്‍ട്ടപ്പനി ബാധിച്ച പശുക്കളെ ദയാവധം നടത്തും

Published : 26th September 2016 | Posted By: SMR

മണ്ണാര്‍ക്കാട്: വെറ്റിനറി സര്‍വകലാശാലയ്ക്കു കീഴിലുള്ള തിരുവിഴാംകുന്ന് ഫാമിലെ മള്‍ട്ടാ പനി ബാധിച്ച 90 പശുക്കളുടെയും ദയാവധം ഫാമില്‍നടത്തി കുഴിച്ചിടാന്‍ തീരുമാനിച്ചു. ഇന്നലെ ഫാമില്‍ ചേര്‍ന്ന ജനപ്രതിനിധികളുടെയും സര്‍വകലാശാല അധികൃതരുടെയും തൊഴിലാളി പ്രതിനിധികളുടെയും യോഗത്തിലാണ് ഇതു സംബന്ധിച്ചു തീരുമാനമായത്. രോഗം ബാധിച്ചു പശുക്കളെ അനസ്തീസ്യ മരുന്ന് കൂടിയ അളവില്‍ കുത്തിവച്ച് വധിക്കും.
ബോധം കെടുത്താനുള്ള മരുന്ന് ലഭിക്കാന്‍ ഏതാനും ദിവസം കൂടി താമസമുണ്ട്. ഇതു  ലഭിച്ച മുറക്ക് എത്രയും വേഗത്തില്‍ ദയാവധം നടത്തും. പശുക്കളുടെ ജഡം സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് ആഴത്തില്‍ കുഴിച്ചിടാനും യോഗത്തില്‍ തീരുമാനമായി. നടപടികള്‍ക്കായി 9 പേരടങ്ങുന്ന പത്ത് ടീമിനെ നിയോഗിക്കും. ഒരു ശാസ്ത്രജ്ഞനും, ഡോക്ടര്‍മാരും ഫാമിലെ ജീവനക്കാരും തൊഴിലാളികളും അടങ്ങുന്നതായിരിക്കും ഒമ്പതംഗ സംഘം.
ജനവാസ കേന്ദ്രങ്ങളില്‍ നിന്നു 1 കിലോ മീറ്റര്‍ അകലത്തിലാണ് ഇവയെ കുഴിച്ചിടുക. മാള്‍ട്ട പനി ബാധിച്ച പശുക്കളുടെ ജഡം കുഴിച്ചിടുന്നത് അന്താരാഷ്ട്ര ഏജന്‍സികളുടെ സുരക്ഷാ മാനദണ്ഡംപാലിച്ചായിരിക്കും. രോഗബാധിതരായ പശുക്കളെ മണ്ണുത്തിയിലെ വെന്റെറിങ് പ്ലാന്റില്‍ ദയാവധം നടത്താനിരുന്നത് മൃഗക്ഷേമ ബോര്‍ഡ് എതിര്‍ത്തതിനാലാണ് തിരുവിഴാംകുന്നില്‍ തന്നെ നടത്താന്‍ തീരുമാനിച്ചത്. മണ്ണുത്തിയിലെ ആധുനിക സൗകര്യങ്ങളുള്ള ഫാമില്‍ ദയാവധം നടത്തി ജൈവവളമാക്കുന്നതിനായിരുന്നു ലക്ഷ്യമിട്ടിരുന്നത്.
ഫാമിനെ എത്രയും വേഗം രോഗാണുവിമുക്തമാക്കി പുതിയ മാടുകളെ കൊണ്ടുവരുമെന്നും വെറ്ററിനറി രജിസ്ട്രാര്‍ ജോസഫ് മാത്യു പറഞ്ഞു. ഫാമില്‍ വെറ്ററിനറികോളജ് സ്ഥാപിക്കാനുള്ള പദ്ധതി സര്‍വകലാശാല സമര്‍പ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. എംഎല്‍എ അഡ്വ.എന്‍ ഷംസുദീന്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഇല്ലാസ്, പഞ്ചായത്തംഗങ്ങളായ വി പ്രീത, ജിനേഷ്, ഫാം മേധാവി ഷിബു സൈമണ്‍, ഡോ. മിനി ഡോ.ഉഷ, ശിവദാസന്‍, മനോമോഹന്‍  സംബന്ധിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക