|    Jul 21 Sat, 2018 5:13 am
FLASH NEWS

മാളയില്‍ വിദ്യാര്‍ഥികള്‍ക്കിടയില്‍ കഞ്ചാവ് വ്യാപകം ; നാലു പേര്‍ പിടിയിലായി

Published : 8th September 2017 | Posted By: fsq

 

മാള: മാള മേഖലയില്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കിടയിലും കഞ്ചാവ് വില്‍പ്പനയും ഉപയോഗവും വ്യാപകം. പ്രായപൂര്‍ത്തിയാകാത്ത നാല് പേരാണ് ഇന്നലെ എക്‌സൈസ് അധികൃതരുടെ പിടിയിലായത്. ചെറിയ പാക്കറ്റുകളിലാക്കി വില്‍പ്പന നടത്തിയിരുന്ന 36 ഗ്രാം കഞ്ചാവുമായാണ് നാലുപേര്‍ മാള എക്‌സൈസ് സംഘത്തിന്റെ പിടിയിലായത്. പുത്തന്‍ചിറ കണ്ണികുളങ്ങരയില്‍ നിന്നാണ് 17 വയസ്സില്‍ താഴെ പ്രായമുള്ള നാല് കുട്ടികളെ കഴിഞ്ഞ ദിവസം പിടികൂടിയത്. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എസ് അനീര്‍ഷയുടെ നേതൃത്വത്തിലാണ് ഇവരെ പിടികൂടിയത്. പ്രിവന്റീവ് ഓഫിസര്‍ വിന്നി സിമേന്തി, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ പി കെ ചന്ദ്രന്‍, എ എസ് റിഹാസ്, കെ വി ബിബിന്‍, പി എം ശബരിനാഥ്, വനിതാ ഓഫീസര്‍ എ കെ അനീര്‍ഷ തുടങ്ങിയവര്‍ സംഘത്തിലുണ്ടായിരുന്നു. കുട്ടികളെ തൃശൂര്‍ ജുവൈനല്‍ കോടതിയില്‍ ഹാജരാക്കി.പുത്തന്‍ചിറ, പുളിയിലക്കുന്ന്, കണ്ണികുളങ്ങര പ്രദേശങ്ങളില്‍ കഞ്ചാവ് വില്‍പ്പന വ്യാപകമായി നടക്കുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്നാണ് മാള എക്‌സൈസ് സംഘം പരിശോധന നടത്തിയത്. 17 വയസ്സുകാരായ നാല് പേരും കാറ് റെന്റിനെടുത്ത് കഞ്ചാവുമായി പോകുന്നതിനിടെയാണ് പിടിയിലായത്. വിദ്യാര്‍ഥികളില്‍ കഞ്ചാവ് എത്തിക്കുന്നതിന് പിന്നില്‍ വലിയ സംഘം തന്നെയുണ്ടെന്ന് എക്‌സൈസ് അധികൃതര്‍ അറിയിച്ചു. ഇവരെ കുറിച്ചുള്ള വിവരം ലഭിച്ചിട്ടുണ്ടെന്നും ഉടന്‍ പിടിയിലാകുമെന്നും അന്വേഷണ സംഘം അറിയിച്ചു. ഏതാനും യുവാക്കള്‍ എക്‌സൈസ് സംഘത്തിന്റെ നിരീക്ഷണത്തിലാണ്. വ്യാജ മദ്യം, കഞ്ചാവ് തുടങ്ങിയ ലഹരി വസ്തുക്കളെക്കുറിച്ച് വിവരം ലഭിക്കുന്നവര്‍ 9400069601 എന്ന ഫോണ്‍ നമ്പറുമായി ബന്ധപ്പെടണമെന്ന് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എസ് അനീര്‍ഷ അറിയിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss