|    Mar 25 Sat, 2017 9:33 am
FLASH NEWS

മാളയിലെ പ്രധാന റോഡുകളില്‍ സുരക്ഷാ സംവിധാനങ്ങളില്ല; കാല്‍നടയാത്രികര്‍ ബുദ്ധിമുട്ടില്‍

Published : 23rd August 2016 | Posted By: SMR

മാള: ടൗണിലെ പ്രധാന റോഡുകളില്‍ സീബ്രാലൈനോ മറ്റ് സുരക്ഷാ സംവിധാനങ്ങളോ ഇല്ലാത്തത് അപകട ഭീഷണിയാവുന്നു. മാള ടൗണിലൂടെ കടന്ന് പോവുന്ന കൊടകര മാള കൊടുങ്ങല്ലൂര്‍ റോഡിലും മാള വലിയപറമ്പ് റോഡിലും സീബ്രാലൈനടക്കമുള്ള സുരക്ഷാ സംവിധാനങ്ങള്‍ ഒന്നും തന്നെ ഒരുക്കിയിട്ടില്ല. പഞ്ചായത്ത് ബസ് സ്റ്റാന്റിന് മുന്നിലൂടെ കടന്നു പോകുന്ന വലിയപറമ്പിലേക്കും വിവിധ വഴികളിലൂടെ പോകുന്ന ആലുവയിലേക്കുമുള്ള റോഡില്‍ ബസ് സ്റ്റാന്റിന് അല്‍പ്പം നീങ്ങി ഹമ്പ് ഇട്ടിട്ടുണ്ടെങ്കിലും യാതൊരു മുന്നറിയിപ്പും ഇവിടെയില്ല. ഓരോ ദിവസവും ആയിരക്കണക്കിന് പേരാണ് മാളയില്‍ വന്നു പോകുന്നത്.
കാല്‍നട യാത്രക്കാര്‍ റോഡ് മുറിച്ചു കടക്കുമ്പോള്‍ വാഹനങ്ങള്‍ നിര്‍ത്തി കൊടുക്കണമെന്നാണ് നിയമമെങ്കിലും ഡ്രൈവര്‍മാര്‍ അതിന് മുതിരാറില്ല. സീബ്രാലൈനുണ്ടെങ്കില്‍ ഈ നിയമം വാഹന ഡ്രൈവര്‍മാര്‍ കര്‍ശനമായി പാലിക്കേണ്ടതാണെങ്കിലും അതില്ലാത്തത് ഡ്രൈവര്‍മാര്‍ക്ക് സൗകര്യമാകുന്നു. ഹമ്പിന് രണ്ടു വശത്തുമായി പ്രത്യേക വരകളും ഹമ്പില്‍ റിഫ്‌ളെക്റ്ററും വേണ്ടതാണെങ്കിലും അവയൊന്നും തന്നെ സജ്ജീകരിച്ചിട്ടില്ല. പോസ്റ്റ് ഓഫിസ് റോഡിലൂടെ ഇറക്കമിറങ്ങി വരുന്ന വാഹനങ്ങള്‍ക്കാണ് ഇതുമൂലം ഏറെ ബുദ്ധിമുട്ട്. പല വാഹനങ്ങളും ഹമ്പറിയാതെ ഹമ്പിന് മേലേക്കൂടി ചാടിയാണ് അപ്പുറത്തെത്തുന്നത്. വാഹനത്തിന് തകരാറുണ്ടാവുന്നത് കൂടാതെ അവയിലുള്ള യാത്രക്കാര്‍ക്ക് ശാരീരിക ബുദ്ധിമുട്ടും ഉണ്ടാവുന്നു. സീബ്രാലൈന്‍ ഇല്ലാത്തതിനാല്‍ വാഹനങ്ങളുടെ ഒഴിവ് നോക്കിയാണ് കുട്ടികളും വൃദ്ധരും സ്ത്രീകളുമടങ്ങുന്ന യാത്രക്കാര്‍ റോഡ് മുറിച്ചു കടക്കുന്നത്. അമിത വേഗതയിലെത്തുന്ന വാഹനങ്ങള്‍ വലിയ തോതിലുള്ള ഭീഷണിയാണ് ഇത്തരത്തി ല്‍ കടന്നു പോകുന്നവര്‍ക്കുണ്ടാക്കുന്നത്. തിരക്കേറിയതും കുപ്പിക്കഴുത്ത് പോലെയുള്ളതുമായ മെയിന്‍ ജങ്ഷനിലും സുരക്ഷാ സംവിധാനങ്ങളില്ലാത്തത് ദുരിതങ്ങള്‍ക്ക് ഒപ്പം അപകട ഭീഷണിയുമാകുന്നു.
വീതി വളരെ കുറഞ്ഞ മാളയിലെ റോഡുകളിലൂടെ ഞ്ഞാണിന്‍മേല്‍ കളിയെന്നോണമാണ് ജനങ്ങള്‍ സഞ്ചരിക്കുന്നത്. ബിറ്റുമിന്‍ മെക്കാടം ബിറ്റുമിന്‍ കോണ്‍ഗ്രീറ്റ് റോഡ് നിര്‍മിക്കുമ്പോള്‍ ഇത്തരം സംവിധാനങ്ങള്‍കൂടി സ്ഥാപിക്കേണ്ടതുണ്ടെങ്കിലും അവ നടപ്പാക്കുന്നുണ്ടോ എന്ന് മോണിറ്ററിങ് നടത്താന്‍ പിഡബ്ല്യൂഡി ഉദ്യോഗസ്ഥര്‍ തയ്യാറാകാത്തതാണ് ഈ പ്രവണതക്ക് കാരണം. ഇവയെല്ലാം ഒരുക്കിയെന്ന് ഉറപ്പാക്കിയാല്‍ മാത്രമേ ബില്ല് അനുവദിച്ച് നല്‍കാവൂ എങ്കിലും ഉദ്യോഗസ്ഥര്‍ക്ക് കിട്ടേണ്ടത് കിട്ടിക്കഴിഞ്ഞാല്‍ പിന്നെ അതൊന്നും നടക്കുന്നില്ല എന്നാണ് ഉയരുന്ന ആക്ഷേപം.

(Visited 21 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക