|    Nov 23 Thu, 2017 6:44 pm
FLASH NEWS

മാളയിലെ ചക്കസംസ്‌കരണ ഫാക്ടറി യാഥാര്‍ഥ്യമായില്ല

Published : 7th August 2017 | Posted By: fsq

 

മാള: മറ്റൊരു ചക്കക്കാലം കഴിഞ്ഞിട്ടും മാളയിലെ ചക്ക സംസ്‌കരണ ഫാക്ടറി യാഥാര്‍ഥ്യമായില്ല.  പൊയ്യ പൂപ്പത്തിയില്‍ ഉദ്ഘാടന മാമാങ്കം നടത്തിയ ചക്ക സംസ്‌കരണ ഫാക്ടറിയുടെ പ്രവര്‍ത്തനം തുടങ്ങാത്തതിനെതിരെ വന്‍ പ്രതിഷേധമാണ് ഉയരുന്നത്. വി കെ രാജന്‍ കൃഷി മന്ത്രിയായിരിക്കേ പൊയ്യ ഗ്രാമപഞ്ചായത്തിലെ പൂപ്പത്തിയില്‍ 1996 ല്‍ പഴ സംസ്‌കരണ ഫാക്ടറിക്ക് തറക്കല്ലിട്ടതാണ്. അദ്ദേഹത്തിന്റെ മകന്‍ അഡ്വ. വി ആര്‍ സുനില്‍കുമാര്‍ കൊടുങ്ങല്ലൂര്‍ നിയോജക മണ്ഡലം എം എല്‍ എ ആയി ഒരു വര്‍ഷം പിന്നിട്ടിട്ടും പിതാവിന്റെ സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കാന്‍ സാധിച്ചിട്ടില്ല. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ചക്ക സംസ്‌കരണ ഫാക്ടറിയായി ഉദ്ഘാടനം നടത്തിയതാണ്. കേരള അഗ്രോ ഇന്‍ഡസ്ട്രീസ് കോര്‍പ്പറേഷന്റെ ആഭിമുഖ്യത്തില്‍ ചക്കയില്‍ നിന്നും വിവിധങ്ങളായ ഏഴ് ഉത്പന്നങ്ങള്‍ നിര്‍മിക്കുകയെന്ന ലക്ഷ്യവുമായാണ് സംസ്‌കരണശാല സ്ഥാപിച്ചിരിക്കുന്നത്. രണ്ടു ഘട്ടമായി 2.75 കോടി രൂപ അനുവദിക്കപ്പെട്ടിട്ടും ഫാക്ടറിയുടെ പ്രവര്‍ത്തനം ആരംഭിക്കാനോ ഉല്‍പ്പന്നങ്ങള്‍ പുറത്തിറക്കാനോ ബന്ധപ്പെട്ട അധികൃതര്‍ ഇതുവരെ തയ്യാറായിട്ടില്ല. ചക്കയില്‍നിന്നും ഹല്‍വ, ബിസ്‌കറ്റ്, ജാം തുടങ്ങിയ വ്യത്യസ്തങ്ങളായ ഉത്പന്നങ്ങളാണ് ഉദ്ദേശിക്കുന്നത്. ചക്കക്കുരു ഉപയോഗിച്ച് ബേബി ഫുഡ്, ചവണിയും മടലുമുപയോഗിച്ച് കാലിത്തീറ്റ നിര്‍മാണവും ലക്ഷ്യമാണ്. ഉത്പാദനവും വിപണനവും കെയ്‌കോയുടെ നേതൃത്വത്തിലാണ് നടക്കുക. കുടുംബശ്രീ യൂനിറ്റുകളുടെ സഹായത്തോടെയാണ് സംസ്‌കരണത്തിനാവശ്യമായ ചക്ക നാട്ടിന്‍പുറങ്ങളില്‍ നിന്നും സംഭരിക്കുക. ഒന്നര കോടി രൂപ ചെലവഴിച്ചാണ് സംസ്‌കരണശാലയുടെ ഒന്നാംഘട്ട നിര്‍മാണം പൂര്‍ത്തിയാക്കിയത്. പൂപ്പത്തിയിലെ ഒന്നരയേക്കര്‍ സ്ഥലത്തുള്ള സംസ്‌കരണശാലയുടെ രണ്ടാംഘട്ടത്തിനായി 1.25 കോടി രൂപകൂടി സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. രണ്ടാംഘട്ടത്തില്‍ മാങ്ങ, പൈനാപ്പിള്‍, പേരക്ക തുടങ്ങിയവയില്‍ മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ നിര്‍മിക്കുകയാണ് ലക്ഷ്യം. വി.കെ രാജന്‍ മാളയുടെ ജനപ്രതിനിധിയും കൃഷിമന്ത്രിയുമായിരിക്കേയാണ് പഴനീര്‍ സംസ്‌കരണത്തിനായി ഇവിടെ ഫാക്ടറി സ്ഥാപിക്കുന്നതിന് സ്ഥലം വാങ്ങുകയും ശിലാസ്ഥാപനം നടത്തി നടപടികളാരംഭിക്കുകയും ചെയ്തത്. അദ്ദേഹത്തിന്റെ അകാലചരമത്തോടെ നടപടികള്‍ നിശ്ചലമാവുകയായിരുന്നു. ടി എന്‍ പ്രതാപന്‍ എം.എല്‍.എയായെത്തിയപ്പോഴാണ് പഴനീര്‍ സംസ്‌കരണ ഫാക്ടറിയെ ചക്ക സംസ്‌കരണശാലയാക്കി മാറ്റിയതും നിര്‍മാണം പുനഃരാരംഭിക്കുകയും ചെയ്തത്. കെട്ടിട നിര്‍മാണവും മെഷിനറികളുടെ സ്ഥാപിക്കലും ഒരുവിധമായപ്പോഴും സംസ്ഥാന നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് അടുത്ത് വന്ന സാഹചര്യത്തിലും 2016 മാര്‍ച്ച് ഒന്നിന് അന്നത്തെ കൃഷി മന്ത്രി കെ.പി മോഹനന്‍ ഉല്‍പ്പാദനോദ്ഘാടനം നടത്തിയിരുന്നു. ഫാക്ടറി കോംപൗണ്ട് അടച്ചുപുട്ടിയിട്ട നിലയിലാണ്. ഇത്തവണയും പ്രകൃതി ഉല്‍പ്പാദിപ്പിക്കുന്ന കുറേയേറെ ചക്കകള്‍ അന്യസംസ്ഥാനങ്ങളിലേക്ക് കയറ്റിയയച്ചു. ഉദ്പാദിപ്പിക്കപ്പെട്ടവയിലേറേയും പ്ലാവിന്‍ ചുവട്ടില്‍ ചീഞ്ഞളിയുകയും ചെയ്തു. ഓരോ ചക്കയില്‍ നിന്നും നൂറ്കണക്കിന് രൂപയുടെ ഉല്‍പ്പന്നങ്ങള്‍ ഉണ്ടാക്കാമെന്നിരിക്കേയാണ് അന്യസംസ്ഥാനക്കാര്‍ക്ക് കൊള്ളലാഭം കൊയ്യാനായി ലോഡുകണക്കിന് ചക്ക ഓരോ വര്‍ഷവും കയറ്റി പോകുന്നത്. ജില്ലക്കാരനായ കൃഷി മന്ത്രി വി.എസ് സുനില്‍കുമാര്‍ ഇക്കാര്യത്തില്‍ അടുത്ത മാസം ഫാക്ടറിയുടെ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് പറഞ്ഞിട്ടുണ്ടെങ്കിലും വാഗ്ദാനം യാഥാര്‍ത്ഥ്യം ആകുമോ എന്നാണ് ജനങ്ങളില്‍ നിന്നുമുള്ള ആശങ്ക. ഒരു ചക്കക്കാലം കൂടി കഴിഞ്ഞിട്ടാണോ ഫാക്ടറിയുടെ പ്രവര്‍ത്തനം തുടങ്ങുന്നതെന്ന ചോദ്യവും ജനങ്ങളിലുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക