|    Jul 20 Fri, 2018 8:21 pm
FLASH NEWS

മാളയിലെ അന്തര്‍ദേശീയ സ്‌റ്റേഡിയം പണി പൂര്‍ത്തീകരിക്കാന്‍ തീരുമാനം

Published : 6th August 2017 | Posted By: fsq

 

മാള: മാളയില്‍ നിര്‍മാണം പാതിവഴിയില്‍ നിലച്ച അന്തര്‍ദേശീയ സ്‌റ്റേഡിയത്തിന്റെ നിര്‍മാണം പുനഃരാരംഭിക്കാന്‍ സര്‍വ്വകക്ഷി യോഗത്തില്‍ തീരുമാനം. സ്‌റ്റേഡിയത്തിന്റെ നിര്‍മാണം പൂര്‍ത്തീകരിക്കുന്നതോടൊപ്പം പാടെ തകര്‍ന്ന് കിടക്കുന്ന യഹൂദ ശ്മശാനത്തിന്റെ ചുറ്റുമതില്‍ പുനഃനിര്‍മിക്കാനും യോഗത്തില്‍ തീരുമാനമെടുത്തു.യഹൂദ ശ്മശാനം കൈയ്യേറിയുള്ള നിര്‍മാണം അനുവദിക്കില്ലെന്ന് പറഞ്ഞ് പൈതൃക സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധങ്ങളാണ് നിര്‍മാണം പാതിവഴിയില്‍ നില്‍ക്കാന്‍ ഇടയാക്കിയത്. സമിതിയുമായി ചര്‍ച്ച നടത്താനും യോഗത്തില്‍ തീരുമാനമായി.വിദേശത്ത് നിന്നും ഇറക്കുമതി ചെയ്യുന്ന കൃത്രിമ പുല്ല് സ്ഥാപിക്കുന്ന നടപടിയാണ് ഇനി പ്രധാനമായി  നടത്തേണ്ടത്. ഇതെത്തിച്ചേര്‍ന്നിട്ടുണ്ട്. സ്‌റ്റേഡിയത്തില്‍ സെവന്‍സ് ഫുട്‌ബോള്‍ കോര്‍ട്ട് യാഥാര്‍ത്ഥ്യമാക്കുമെന്ന പ്രഖ്യാപനം  പ്രാവര്‍ത്തികമാക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ല. ഇതിനോട് ചേര്‍ന്നുള്ള  ബാഡ്മിന്റണ്‍, ടെന്നീസ് എന്നിവയ്ക്കുള്ള ഇന്റോര്‍ സ്‌റ്റേഡിയവും തുറന്ന് നല്‍കാനായിട്ടില്ല. സ്‌റ്റേഡിയത്തിനകത്ത് കോര്‍ട്ടും അനുബന്ധ സൗകര്യങ്ങളും ഒരുക്കാനുമായിട്ടില്ല. വൈദ്യുതി കണക്ഷനും ലഭിക്കേണ്ടതുണ്ട്. കഴിഞ്ഞ ഭരണസമിതിയുടെ കാലത്ത് നിര്‍മ്മാണം പൂര്‍ത്തിയാകുന്നതിന് മുമ്പേ ഉദ്ഘാടനം നടത്തി നേതാക്കളുടെ പേരുകള്‍ പേറുന്ന ശിലയും സ്ഥാപിച്ചു. എട്ട് കോടി രൂപയാണ് സ്‌റ്റേഡിയത്തിനായി വകയിരുത്തിയത്. മുന്‍ എംഎല്‍എ ടി എന്‍ പ്രതാപന്റെ ശ്രമഫലമായിട്ടാണ് ബജറ്റില്‍ ഫണ്ട് വകയിരുത്തിയത്. മുന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍  അനുവദിച്ച ഒരു കോടി രൂപ അന്താരാഷ്ട്ര നിലവാരമുള്ള സ്‌റ്റേഡിയം നിര്‍മാണത്തിന് അപര്യാപ്തമായതിനാലാണ്  ഫണ്ട്  എട്ട് കോടിയാക്കി ഉയര്‍ത്തിയത്.അന്തര്‍ ദേശീയ നിലവാരമുള്ള ഷട്ടില്‍ ബാഡ്മിന്റല്‍ കോര്‍ട്ട്, 200 മീറ്റര്‍ സിന്തറ്റിക് ട്രാക്ക്, ഹെല്‍ത്ത് ക്ലബ്ബ്, ഡ്രസിംഗ് റൂം, അര്‍ദ്ധ ഒളിമ്പിക്‌സ് നിലവാരമുള്ള നീന്തല്‍ കുളം, വോളിബോള്‍ ബാസ്‌കറ്റ് ബോള്‍ കോര്‍ട്ടുകള്‍, കൃത്രിമ പുല്ല് പാകിയ മൈതാനം, ഡ്രൈനേജ് സംവിധാനം എന്നിവയടങ്ങിയ സ്‌പോര്‍ട്‌സ് സമുച്ചയമാണ് വിഭാവനം ചെയ്തിരിക്കുന്നത്. യോഗത്തില്‍ മാള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി കെ സുകുമാരന്‍ അധ്യക്ഷത വഹിച്ചു. അഡ്വ. വി ആര്‍ സുനില്‍കുമാര്‍ എംഎല്‍എ, വിവിധ കക്ഷി നേതാക്കളായ ടി പി രവീന്ദ്രന്‍, ടി എം ബാബു, ജോണ്‍ കെന്നഡി, എ ആര്‍ അനില്‍കുമാര്‍, ജോര്‍ജ്ജ് നെല്ലിശ്ശേരി, പീറ്റര്‍ പാറേക്കാട്ട്, കെ പി വര്‍ഗ്ഗീസ് തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss