|    Jun 25 Mon, 2018 7:43 am
FLASH NEWS

മാളക്കാര്‍ക്കും പോലിസിനും ആശ്വാസമായി പകല്‍ മോഷ്ടാവ് അറസ്റ്റില്‍

Published : 4th November 2016 | Posted By: SMR

മാള: ടൗണിലെ കച്ചവട സ്ഥാപനങ്ങളില്‍ നിന്നും പണം തട്ടിയെടുത്ത് കടന്ന കള്ളന്‍ പിടിയിലായി. പറവൂര്‍ പോലിസാണ് ചെറായി സ്വദേശിയായ പ്രതിയെ പിടികൂടിയത്. ചെറായി ഗൗരീശ്വര ക്ഷേത്രത്തിന് സമീപം താമസിക്കുന്ന നികര്‍ത്തില്‍ സജിത്(27) എന്ന യുവാവിനെയാണ് കഴിഞ്ഞ ദിവസം പറവൂര്‍ പോലിസ് അതി വിദഗ്ധമായി പിടികൂടിയത്. മാളയിലും പരിസര പ്രദേശങ്ങളില്‍ നിന്നും ഇയാള്‍ പതിനായിരങ്ങളാണ് തട്ടിയെടുത്തത്. പോലിസ് സ്റ്റേഷന് സമീപത്തു നിന്നു പോലും മോഷണങ്ങള്‍ നടത്തി പോലിസിന് തലവേദന സൃഷ്ടിച്ചിരുന്ന ഇയാളെ  മാസങ്ങളോളം നിരീക്ഷണം നടത്തിയാണ് വലയില്‍ വീഴ്ത്തിയത്. സിനിമാ സ്റ്റൈലാണ് കവര്‍ച്ചക്കായി തിരഞ്ഞെടുത്ത്.ബൈക്കില്‍ വ്യാപാര സ്ഥാപനത്തില്‍ എത്തും. കടയുടമയെ കൊണ്ട് ആവശ്യമുള്ള വസ്തുക്കളുടെ നീണ്ട ലിസ്റ്റ് എഴുതിക്കും. മാന്യമായ വേഷം ധരിച്ച് എത്തുന്ന യുവാവിനെ വ്യാപാരികള്‍ സംശയിക്കാറില്ല. സാധനങ്ങള്‍ എടുക്കുന്നതിനിടയില്‍ 500 രൂപ നീട്ടി ചില്ലറ ആവശ്യപ്പെടും. വ്യാപാരി പണം സൂക്ഷിക്കുന്ന വലിപ്പ് തുറന്ന് ചില്ലറ നല്‍കും. തുടര്‍ന്ന് ബാക്കി വസ്തുക്കള്‍ എടുക്കാന്‍ തുടങ്ങും. ഇതിനിടയില്‍ വിദഗ്ധമായി പണം മോഷ്ടിച്ച് സ്ഥലം വിടുകയാണ് പതിവ്. സ്റ്റേഷനു സമീപത്തെ ചായക്കട നടത്തുന്ന കുട്ടിയുടെ കടയിലെത്തി തട്ടിയെടുത്തത് പതിനായിരത്തില്‍ താഴെയാണ്. അഞ്ഞൂറ് രൂപ നോട്ടിന് ചില്ലറ ചോദിച്ചെത്തിയായിരുന്നു പണം കവര്‍ന്നത്. പോലിസ് സ്റ്റേഷന് സമീപത്തെ തന്നെ പഴയാറ്റില്‍ തോമസിന്റെ കടയില്‍ നിന്നും 25,000 രൂപ കവര്‍ന്നതും അടുത്തിടെയാണ്. സവാള വാങ്ങാനെത്തിയ ഇയാള്‍ കടയുടമയുടെ ശ്രദ്ധ തിരിച്ച് മേശയില്‍ സൂക്ഷിച്ചിരുന്ന പണം കൈക്കലാക്കി ബൈക്കില്‍ കടന്നുകളയുകയായിരുന്നു. ഇവിടെ നിന്നും പണം കവര്‍ന്നത് ഇയാളാണെന്ന് സമ്മതിച്ചതായി പോലിസ് പറഞ്ഞു. കോട്ടമുറിയിലെ രണ്ട് ഷോപ്പുകളാണ് കവര്‍ച്ചക്കായി തിരഞ്ഞെടുത്തത്. ഇവിടെചിക്കന്‍ സെന്റ ര്‍ നടത്തുന്ന വാഴപ്പിള്ളി ലോനപ്പന്റെ കടയില്‍ നിന്നും 49000 രൂപയാണ് മോഷ്ടിച്ചത്. 50 മീറ്റര്‍ മാറി കോട്ടമുറി വലിയവീട്ടില്‍ ഷെരീഫിന്റെ പലചരക്ക് കടയില്‍ നിന്നും 640 രൂപയും എടുത്തു. പട്ടാപ്പകല്‍ മോഷണം നടത്തി മുങ്ങിയ തസ്‌കരവീരന്‍ വീണ്ടും പ്രത്യക്ഷപ്പെട്ട് കവര്‍ച്ച നടത്തുന്നത് മാളയെ ഞെട്ടിച്ചിരുന്നു. പൊയ്യ പൂപ്പത്തിയിലെ ഇരുമ്പ് വ്യാപാരി കുന്നത്തേരി അബ്ദുവിന്റെ ഷോപ്പില്‍ എത്തി ഉടമയെ കബളിപ്പിച്ച് കവര്‍ന്നെടുത്തത് 20000  രൂപ. അന്നമനട ടൗണില്‍ ഫ്രൂട്ട്‌സ് കട നടത്തുന്ന ഇസ്മയിലില്‍ നിന്നും 25000 രൂപ. മാളയില്‍ കഴിഞ്ഞ വര്‍ഷം മുതല്‍ പോലിസ് സ്റ്റേഷനു ചുറ്റുമായി ആറ് സ്ഥാപനങ്ങളില്‍ ഒരേ രീതീയില്‍ കവര്‍ച്ചകള്‍ നടത്തിയിരുന്നു.2015ല്‍ മാള മസ്ജിദ് റോഡിലെ വളം വില്‍പന ഷോപ്പില്‍ നിന്നും 12000 രൂപ കവര്‍ന്നു. കഴിഞ്ഞ ഒക്ടോബറില്‍ മാള മെയിന്‍ റോഡിലെ ബേക്കറിയില്‍ നിന്നും 6000 രൂപ മോഷ്ടിച്ചു. ഡിസംബറില്‍ മാള ജങ്ഷനിലെ സി കെ ഇസ്മായിലിന്റെ പലചരക്ക് കടയില്‍ നിന്നും അയ്യായിരം രൂപ തട്ടിയെടുത്തു. ജനുവരിയില്‍ അഷ്ടമിച്ചിറയിലെ ക്ഷേത്രത്തിനു സമീപമുള്ള പലചരക്ക് വ്യാപാരിയെ കബളിപ്പിച്ചെടുത്തത് പതിനായിരം. ഇതേ തുടര്‍ന്ന് പോലിസ് പ്രതിയുടെ രേഖാചിത്രം തയാറാക്കിയിരുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss