|    Jan 21 Sat, 2017 4:27 pm
FLASH NEWS

മാല മോഷണം; വൃദ്ധ ദമ്പതികള്‍ രണ്ടു വര്‍ഷത്തിനു ശേഷം പിടിയില്‍

Published : 18th October 2016 | Posted By: Abbasali tf

ആര്‍പ്പൂക്കര: രണ്ടു വര്‍ഷം മുമ്പ് രോഗിയുടെ മാതാവിന്റെ മാല മോഷ്ടിച്ച വൃദ്ധ ദമ്പതികളെ ഗാന്ധിനഗര്‍ പോലിസ് പിടികൂടി. തൊടുപുഴ കരിമണ്ണൂര്‍ തങ്കുഴിയില്‍ തോമസ് (80), ഭാര്യ ലല്ലി (75) എന്നിവര്‍ ചേര്‍ത്തല കടക്കരപ്പള്ളി പുറച്ചിരില്‍ ഗോപിദാസിന്റെ ഭാര്യ മിനിയുടെ മൂന്നര പവന്‍ സ്വര്‍ണമാല മോഷ്ടിച്ച കേസിലാണ് പിടിയിലായത്. പോലിസ് പറയുന്നതിങ്ങനെ- രണ്ട് വൃക്കകളും തകരാറിലായതിനെ തുടര്‍ന്ന് മിനിയുടെ മകന്‍ ബിബിന്‍ദാസ് (20) കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുമ്പോഴാണ് മാല മോഷ്ടിക്കപ്പെട്ടത്.  2014 സെപ്തംബര്‍ 17നാണ് ബിബിന്‍ദാസിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. ആശുപത്രിയിലെ 16ാം വാര്‍ഡിലാണ് കിടത്തിയത്. അഞ്ചു കിടക്കകള്‍ മാത്രമാണ് ഈ വാര്‍ഡിലുണ്ടായിരുന്നത്. മോഷണം നടന്ന ദിവസം മൂന്ന് രോഗികള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഒരു ദിവസം ബിബിന്‍ ചികില്‍സയില്‍ കഴിയുന്ന വാര്‍ഡിലെത്തിയ തോമസും ഭാര്യ ലില്ലിയും മിനിയുമായി പരിചയപ്പെട്ടു. തങ്ങളുടെ മകനും വൃക്ക രോഗിയാണെന്നും നെഫ്രോളജി വാര്‍ഡില്‍ കിടക്കുകയാണെന്നും ഇവര്‍ മിനിയെ ധരിപ്പിച്ചു. പിന്നീട് പലതവണ ഇവര്‍ വാര്‍ഡിലെത്തി മിനിയും മകനുമായി സംസാരിച്ചു. മോഷണം നടന്ന ദിവസം മിനി ആശുപത്രിയില്‍ നിന്ന ലഭിച്ച പാല്‍ പുറത്തുകൊണ്ടു പോയി ചൂടാക്കി വാര്‍ഡില്‍ തിരികെയെത്തുമ്പോള്‍ തോമസും ലില്ലിയും മകന്റെ സമീപത്ത് ഇരിക്കുകയായിരുന്നു. ഈ സമയത്ത് മറ്റു രണ്ടു രോഗികളും പുറത്തുപോയിരുന്നു. മിനി വാര്‍ഡില്‍ പ്രവേശിച്ച ഉടന്‍ സമീപത്തെ കിടക്കയില്‍ ഇരുന്ന ലില്ലി മിനിയുടെ അടുത്തേക്ക് വന്നിരിക്കുകയും സംസാരത്തിനിടയില്‍ എന്തോ മൂക്കിലേക്ക് ശ്വസിപ്പിക്കുകയും അല്‍പ സമയത്തിനുശേഷം മിനി ബോധക്ഷയമുണ്ടാവുകയും ചെയ്തു. ഈ സമയം ബിബിന്‍ദാസ് ഉറക്കത്തിലായിരുന്നു. കുറച്ച് സമയത്തിനു ശേഷം മിനിക്കു ബോധം വന്നപ്പോഴാണ് മാല കാണാതായ വിവരം അറിയുന്നത്. ഈ സമയം സമീപത്തെ മറ്റ് രോഗികളുടെ ബന്ധുക്കളും എത്തി. ഇവര്‍ ചേര്‍ന്ന് ആശുപത്രി പരിസരത്ത് ദമ്പതികളെ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്ന് പോലിസ് എയ്ഡ് പോസ്റ്റില്‍ വിവരം അറിയിച്ചു. ഗാന്ധിനഗര്‍  പോലിസില്‍ പരാതി നല്‍കുകയും ചെയ്തു. പിന്നീട് കഴിഞ്ഞ വര്‍ഷം ബിബിന്‍ ദാസിനെ ഡയാലിസിസിനു കൊണ്ടുവന്നപ്പോള്‍ മെഡിക്കല്‍ കോളജ് പരിസരത്തു വച്ച് ഇവരെ കണ്ടിരുന്നു. ബിബിന്‍ ദാസ് വന്ന ഓട്ടോറിക്ഷക്കാരനുമായി മിനി ഇവരെ പിന്‍തുടര്‍ന്നെങ്കിലും മറ്റൊരു ഓട്ടോറിക്ഷയില്‍ ഇവര്‍ കടന്നുകളഞ്ഞു. ഇന്നലെ വീണ്ടും ഡയാലിസിസിനായി എത്തിയപ്പോഴാണ് വൃദ്ധ ദമ്പതികളെ കാണുന്നത്. ബിബിന്‍ ദാസിനെ ഡയാലിസിസിനു വേണ്ടി അകത്തേക്കു മിനി കൊണ്ടുപോയി. ഈ സമയം പുറത്തു നിന്ന ഓട്ടോറിക്ഷക്കാരനാണ് തോമസിനെ തിരിച്ചറിഞ്ഞത്. ഡയാലിസിസ് കെട്ടിടത്തിന്റെ പുറത്തുള്ള മരത്തിന്റെ ചുവട്ടില്‍ ഇരിക്കുകയായിരുന്നു ഇവര്‍. ഇവര്‍ക്ക് സംശയം തോന്നാത്ത വിധം മിനിയും ഓട്ടോറിക്ഷക്കാരനും ചേര്‍ന്ന് സൂപ്രണ്ടിനെ വിവരം അറിയിച്ചു. ഉടന്‍ സെക്യൂരിറ്റിക്കാരെത്തി ഇവരെ നിരീക്ഷണത്തിലാക്കിയ ശേഷം എയ്ഡ്‌പോസ്റ്റില്‍ വിവരം ധരിപ്പിച്ചു സീനിയര്‍ സിപിഒ നാസര്‍, സിപിഒ ശ്രീജേഷ് എന്നിവരെത്തി ദമ്പതികളെ പിടികൂടി ഗാന്ധിനഗര്‍ പോലിസ് സ്‌റ്റേഷനിലെത്തിക്കുകയായിരുന്നു. എസ്‌ഐ എം ജെ അരുണ്‍ ചോദ്യം ചെയ്തപ്പോള്‍ ഇവര്‍ കുറ്റം സമ്മതിക്കുകയായിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 11 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക