|    Mar 18 Sun, 2018 5:45 am
FLASH NEWS
Home   >  Todays Paper  >  page 12  >  

മാലോത്ത് കസബ സ്‌കൂളിലേക്കെത്താന്‍ എട്ടു കിലോമീറ്ററിലധികം നടക്കണം: ആദിവാസി കുട്ടികള്‍ പാതിവഴിയില്‍ പഠനം ഉപേക്ഷിക്കുന്നു

Published : 21st November 2016 | Posted By: SMR

എ പി വിനോദ്

കാഞ്ഞങ്ങാട്: കാല് തളരുന്നുണ്ടെങ്കിലും സതീഷിന് നടക്കണം. എട്ടു കിലോമീറ്റര്‍ നടന്നാലേ സ്‌കൂളിലെത്തൂ. ചെങ്കുത്തായ കയറ്റം കയറി വളവും തിരിവുമുള്ള റോഡിലൂടെ നടക്കാന്‍ സതീഷിന്റെ കാലിനു ശേഷിയില്ല. പഠിക്കാനുള്ള ആഗ്രഹംകൊണ്ടു മാത്രമാണ് ശാരീരികാവശതകള്‍ മറന്ന് നടക്കുന്നത്. കൂട്ടുകാരില്‍ പലരും പഠനം നിര്‍ത്തിയപ്പോഴും സതീഷ് പഠിക്കാനുള്ള നടത്തം തുടരുകയാണ്.
മാലോത്ത് കസബ ജിഎച്ച്എസ്എസിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയാണ് പടയങ്കല്ല് നമ്പ്യാര്‍മല കോളനിയിലെ എം സതീഷ് എന്ന 14കാരന്‍. ജന്മനാ ഇരുകാലുകളും ഉള്ളിലോട്ടു വളഞ്ഞ നിലയിലുള്ള സതീഷ് അനുജത്തി ആറാം ക്ലാസിലെ സജിതയ്ക്കും അനുജന്‍ നാലാം ക്ലാസിലെ സന്ദീപിനും ഒപ്പമാണ് നടക്കുന്നത്. മലവേട്ടുവ സമുദായത്തില്‍പ്പെട്ടവരാണിവര്‍. സ്‌കൂളില്‍ പോവാന്‍ ഒരു ദിവസം ഒരാള്‍ക്ക് ജീപ്പ് വാടക 650 രൂപ നല്‍കണം. ഇതിനു വഴിയില്ലാത്തതിനാലാണ് രാവിലെയും വൈകീട്ടുമായി സ്‌കൂളിലേക്ക് 16 കിലോമീറ്റര്‍ നടക്കുന്നത്. മാതാവ് ശാന്ത കൂലിപ്പണിക്കു പോയി ലഭിക്കുന്ന തുച്ഛമായ വരുമാനം മാത്രമാണ് സതീഷിന്റെ കുടുംബത്തിന്റെ ഏക ഉപജീവനമാര്‍ഗം. ഇതു സതീഷിന്റെ മാത്രം അനുഭവമല്ല.
മാലോത്ത് കസബ ജിഎച്ച്എസ്എസില്‍ പഠനം നടത്തുന്ന 17 കോളനികളില്‍പ്പെട്ട നൂറുകണക്കിന് വിദ്യാര്‍ഥികളാണ് വാഹനസൗകര്യമില്ലാതെ എട്ടു മുതല്‍ 18 കിലോമീറ്റര്‍ വരെ നടക്കുന്നത്. പടയങ്കല്ല്, കോട്ടഞ്ചേരി, വാഴത്തട്ട്, മാന്റില, പുഞ്ച, വലിയ പുഞ്ച, എടക്കാനം, കമ്മാടി, പാമത്തട്ട്, മൊടന്തേമ്പാറ, കിണറ്റടി, ചുള്ളിത്തട്ട്, കണ്ണീര്‍വാടി, കാര്യോട്ടുചാല്‍, കാപ്പിത്തട്ട് എന്നീ കോളനികളില്‍ നിന്നും നടക്കാന്‍ ബുദ്ധിമുട്ടുള്ള കുട്ടികള്‍ പാതിവഴിയില്‍ പഠനം ഉപേക്ഷിച്ചിരിക്കുകയാണ്. ഒമ്പതാം ക്ലാസ് വരെ സ്ഥിരമായി സ്‌കൂളില്‍ പോവുന്നവര്‍ വളരെ ചുരുക്കമാണ്. കുട്ടികളെ മാസങ്ങളായി സ്‌കൂളിലേക്ക് കാണാതാവുമ്പോള്‍ അധ്യാപകരും സാമൂഹികപ്രവര്‍ത്തകരും കോളനിയിലെത്തി കുട്ടികളെയും രക്ഷിതാക്കളെയും ബോധവല്‍ക്കരിക്കും. എന്നാല്‍, താല്‍പര്യമില്ലാത്തവര്‍ കുറച്ചുനാള്‍ കഴിയുമ്പോള്‍ വീണ്ടും പഠനം ഉപേക്ഷിക്കും. സംസ്ഥാനതലത്തില്‍ തന്നെ ഏറ്റവുമധികം പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ പഠിക്കുന്ന വിദ്യാലയമാണ് മാലോത്ത് കസബ. ഈ സ്‌കൂളിലെ 47 ശതമാനം വിദ്യാര്‍ഥികളും പട്ടികവര്‍ഗത്തില്‍പ്പെട്ടവരാണ്. പടയങ്കല്ല് കോളനിയിലെ അഞ്ചു മുതല്‍ ഒമ്പതു വരെയുള്ള ക്ലാസുകളിലെ 16ഓളം കുട്ടികള്‍ സ്‌കൂളില്‍ പോവുന്നത് വല്ലപ്പോഴും മാത്രമാണ്. ഇതില്‍ നാലു കുട്ടികള്‍ മാസങ്ങളായി പഠനം നിര്‍ത്തിയിരിക്കുകയാണ്.
കോളനികളിലെ രണ്ടു കുടുംബങ്ങള്‍ക്കൊഴികെ ആര്‍ക്കും റേഷന്‍ കാര്‍ഡില്ല. തലമുറകളായി കൈവശമുള്ള ഇവരുടെ ഭൂമിക്ക് ഇതുവരെ പട്ടയവും ലഭിച്ചിട്ടില്ല. ക്ഷയം, ആസ്ത്മ, കാന്‍സര്‍ തുടങ്ങിയ രോഗങ്ങളുടെ പിടിയിലാണ് കോളനിവാസികള്‍. പട്ടികജാതി വികസന വകുപ്പോ ജില്ലാ ഭരണകൂടമോ ആരോഗ്യപ്രവര്‍ത്തകരോ മാലോത്തെ കോളനികളുടെ പ്രശ്‌നങ്ങള്‍ക്ക് ചെവികൊടുത്തിട്ടില്ല. റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്റെ മണ്ഡലത്തില്‍പ്പെട്ടതാണെന്ന പ്രത്യേകതയും കോളനികള്‍ക്കുണ്ട്. കാഞ്ഞങ്ങാട് നിയമസഭാമണ്ഡലമാവുന്നതിനു മുമ്പ് ഹൊസ്ദുര്‍ഗ് മണ്ഡലത്തെ പട്ടികവര്‍ഗ എംഎല്‍എമാരായിരുന്നു പ്രതിനിധീകരിച്ചത്. എല്ലാവര്‍ക്കും വീട്, ഭൂമി, ശൗചാലയം എന്ന പ്രഖ്യാപനവുമായി സര്‍ക്കാര്‍ മുന്നോട്ടുപോവുമ്പോഴാണ് പ്ലാസ്റ്റിക് ഷീറ്റ് വലിച്ചുകെട്ടിയ കൂരയില്‍ വിളക്ക് കത്തിക്കാന്‍ മണ്ണെണ്ണപോലുമില്ലാതെ കോളനികളിലുള്ളവര്‍ കഴിയുന്നത്.
ജീപ്പല്ലാതെ യാതൊരു വാഹനങ്ങള്‍ക്കും എത്തിപ്പെടാന്‍ സൗകര്യമില്ലാത്ത പ്രദേശത്താണ് മാവില, മലവേട്ടുവ വിഭാഗത്തില്‍പ്പെട്ടവര്‍ താമസിക്കുന്ന ഈ കോളനികള്‍. നിര്‍മിച്ചതിനുശേഷം നന്നാക്കാത്ത റോഡ് പലഭാഗത്തും തകര്‍ന്ന നിലയിലാണ്. കുട്ടികളുടെ യാത്രാപ്രശ്‌നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് മാലോത്ത് കസബ ജി—എച്ച്എസ്എസ് മുഖ്യാധ്യാപകന്‍ കെ ജി സനല്‍ഷാ ജില്ലാ പഞ്ചായത്തിന് നിവേദനം നല്‍കിയിരുന്നു. കുട്ടികള്‍ക്ക് യാത്രചെയ്യാന്‍ ജില്ലാ പഞ്ചായത്ത് ജീപ്പ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു നിവേദനം. നേരത്തേ സംസ്ഥാന പട്ടികജാതി വകുപ്പിന്റെ കീഴില്‍ കുട്ടികളെ സ്വകാര്യ ജീപ്പില്‍ സ്‌കൂളിലെത്തിക്കാന്‍ ഗോത്രസാരഥി പദ്ധതിയുണ്ടായിരുന്നു. അതു നിലച്ചതോടെ ഒമ്പതാം ക്ലാസ് വരെയുള്ള 29ഓളം കുട്ടികള്‍ പഠനം നിര്‍ത്തിയ സാഹചര്യത്തിലാണ് നിവേദനം സമര്‍പ്പിച്ചത്. എന്നാല്‍, സ്‌കൂള്‍ ബസ്സിനല്ലാതെ ജീപ്പ് സര്‍വീസിന് ഫണ്ട് അനുവദിക്കാന്‍ സാങ്കേതിക തടസ്സമുണ്ടെന്നു കാണിച്ച് ജില്ലാ പഞ്ചായത്ത് പദ്ധതി തള്ളുകയായിരുന്നു. ഇതേത്തുടര്‍ന്ന് സ്‌കൂള്‍ പാര്‍ലമെന്റ് ചെയര്‍മാന്‍ കെ എസ് സുമീര്‍ സംസ്ഥാന പട്ടികവര്‍ഗ കമ്മീഷന് നിവേദനം നല്‍കിയിരുന്നു. കൂടിക്കാഴ്ചയ്ക്ക് സമയം അനുവദിച്ചെങ്കിലും വിദ്യാര്‍ഥിക്ക് തിരുവനന്തപുരം വരെ പോവാനുള്ള വിഷമം കണക്കിലെടുത്ത് വിശദമായ റിപോര്‍ട്ട് അയച്ചിട്ടുണ്ട്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss