|    Feb 27 Mon, 2017 3:38 am
FLASH NEWS

മാലോത്ത് ആദിവാസി കുടുംബങ്ങളില്‍ ക്ഷയരോഗം പടരുന്നു

Published : 24th November 2016 | Posted By: SMR

02

എ പി വിനോദ്

കാഞ്ഞങ്ങാട്: കാസര്‍കോട് ജില്ലയില്‍ ഏറ്റവുമധികം ആദിവാസികള്‍ അധിവസിക്കുന്ന പരപ്പ ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള ബളാല്‍ പഞ്ചായത്തിലെ മാലോം വില്ലേജില്‍ ആദിവാസികള്‍ക്കിടയില്‍ ക്ഷയരോഗം വ്യാപകമാവുന്നു. പ്രദേശത്തെ 15 കോളനികളില്‍ 20ഓളം പേര്‍ക്ക് ക്ഷയരോഗം ബാധിച്ചതായി റിപോര്‍ട്ട് ചെയ്തിട്ടുണ്ട്. ആദിവാസി പ്രമോട്ടര്‍മാരോ ആശാ വര്‍ക്കര്‍മാരോ ആരോഗ്യപ്രവര്‍ത്തകരോ കോളനിയില്‍ എത്താറില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു.
മാലോം ടൗണില്‍ നിന്ന് ആറു മുതല്‍ 10 കിലോമീറ്റര്‍ വരെ അകലെയുള്ള മലമുകളിലാണ് കോളനികള്‍. മലവേട്ടുവ, മാവില സമുദായത്തില്‍പ്പെട്ട കുടുംബങ്ങളാണ് ഇവിടെ അധിവസിക്കുന്നത്. ചെറിയപുഞ്ച ചെത്തിപ്പഴത്തട്ട് കോളനിയിലെ 15 കുടുംബങ്ങളില്‍ ആറു പേര്‍ക്ക് കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ ക്ഷയരോഗം ബാധിച്ചിട്ടുണ്ട്. മാനസിക വെല്ലുവിളി നേരിടുന്ന ആളുകളും കോളനിയിലുണ്ട്. കൂലിപ്പണിയെടുത്ത് ഉപജീവനം നടത്തുന്ന പല കുടുംബങ്ങളും പട്ടിണിയിലാണ്. പടയങ്കല്ല്, മാന്റില, പുഞ്ച, എടക്കാനം, കമ്മാടി, വാഴത്തട്ട്, പാമത്തട്ട്, കണ്ണീര്‍വാടി, ചുള്ളിത്തട്ട്, മൊടന്തേന്‍പാറ, കിണറ്റടി തുടങ്ങിയ കോളനികളിലെല്ലാം ക്ഷയരോഗം പടരുകയാണ്. രോഗം കണ്ടെത്തി ഏതാനും നാളുകള്‍ മരുന്ന് കഴിച്ച് പിന്നീട് ചികില്‍സ തുടരാത്തതിനാല്‍ ഇത് പൂര്‍ണമായി ദേദമാവുന്നില്ല. സ്‌കൂള്‍ വിദ്യാര്‍ഥികളില്‍ പോലും ക്ഷയരോഗം കണ്ടെത്തിയിട്ടുണ്ട്. സ്വന്തമായി വീടോ റേഷന്‍ കാര്‍ഡോ ഇല്ലാത്തവരാണ് ഇവിടത്തെ ഭൂരിഭാഗം കുടുംബങ്ങളും. പ്ലാസ്റ്റിക് ഷീറ്റ് മറച്ചുകെട്ടിയുണ്ടാക്കിയ താല്‍ക്കാലിക കൂരകളിലാണ് ഇവര്‍ കഴിയുന്നത്.
50 വര്‍ഷത്തിലധികമായി ഇപ്പോഴത്തെ റവന്യൂ മന്ത്രിയുടെ മണ്ഡലത്തില്‍ സ്ഥിരതാമസക്കാരായ ഈ ആദിവാസി കുടുംബങ്ങള്‍ക്ക് പട്ടയം നല്‍കുന്നതിന് അധികൃതര്‍ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. വനത്തിലെ ചെറിയ അരുവികളില്‍ നിന്ന് പൈപ്പിട്ടാണ് ഇവര്‍ കുടിവെള്ളം ശേഖരിക്കുന്നത്. വേനല്‍ക്കാലമായാല്‍ കുടിവെള്ളത്തിന് കിലോമീറ്ററുകള്‍ നടക്കേണ്ട സ്ഥിതിയാണ്. എടക്കാനം, നമ്പ്യാര്‍മല, ചേരിപ്പാടി കോളനികളില്‍ വ്യാജവാറ്റും വ്യാപകമാണ്. സര്‍ക്കാരിന്റെ തൊഴിലുറപ്പു പദ്ധതിയിലൊന്നും ഇവര്‍ ഇടം നേടിയിട്ടില്ല. വനത്തില്‍ നിന്നു ശേഖരിച്ചുകൊണ്ടുവരുന്ന ചൂരലും കാട്ടുവള്ളിയും ഉപയോഗിച്ച് കൊട്ട മെടയാറുണ്ടെങ്കിലും ആവശ്യക്കാര്‍ കുറവായതിനാല്‍ ഈ തൊഴിലും നിലച്ച മട്ടാണ്.
പടയങ്കല്ല് കോളനിയിലെ 27കാരിയായ കാര്‍ത്യായനിക്ക് ഏഴു പെണ്‍കുട്ടികളാണുള്ളത്. ഇവരുടെ ഭര്‍ത്താവ് നാരായണ ന്‍ കൂലിപ്പണിയെടുത്ത് ലഭിക്കുന്ന തുച്ഛമായ വരുമാനമാണ് കുടുംബത്തിന്റെ ആശ്രയം. ശ്വാസകോശസംബന്ധമായ രോഗം നിമിത്തം നാരായണന് മിക്ക ദിവസങ്ങളിലും പണിക്ക് പോകാനാവുന്നില്ല. റേഷന്‍ കാര്‍ഡ് ഇല്ലാത്തതിനാല്‍ പൊതുവിപണിയില്‍ നിന്ന് 35 രൂപ നല്‍കിയാണ് ഇവര്‍ അരി വാങ്ങുന്നത്. വൈദ്യുതി ഇല്ലാത്ത ഈ വീടുകള്‍ക്ക് സര്‍ക്കാരിന്റെ മണ്ണെണ്ണ പെര്‍മിറ്റും ലഭിച്ചിട്ടില്ല. അടുത്തുള്ള തോട്ടങ്ങളില്‍ ജോലിക്ക് പോയാല്‍ പുരുഷന്മാര്‍ക്ക് 275 രൂപയും സ്ത്രീകള്‍ക്ക് 175 രൂപയും മാത്രമാണ് കൂലി ലഭിക്കുക. ഇവരുടെ മക്കളില്‍ ഒരു കുട്ടി മാത്രമാണ് സ്‌കൂളില്‍ പോവുന്നത്. കുട്ടികളെല്ലാം പോഷകാഹാരക്കുറവ് നിമിത്തം ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടുന്നവരാണ്. ആരോഗ്യപ്രവര്‍ത്തകര്‍ മേഖലയിലേക്ക് തിരിഞ്ഞുനോക്കാത്തതാണ് ഈ ദുരവസ്ഥയ്ക്കു കാരണം. ഏറെ കൊട്ടിഘോഷിച്ച് കേരളം വെളിയിട വിസര്‍ജന വിമുക്ത സംസ്ഥാനമായി പ്രഖ്യാപിച്ചുവെങ്കിലും ഇവിടത്തെ ബഹുഭൂരിഭാഗം വീടുകള്‍ക്കും ശൗചാലയമില്ല.
കോളനിവാസികളില്‍ റേഷന്‍ കാര്‍ഡുള്ള അപൂര്‍വം ചിലരുണ്ടെങ്കിലും അവരെല്ലാം എപിഎല്‍ ലിസ്റ്റിലാണ് ഉള്‍പ്പെട്ടിട്ടുള്ളത്. മുന്‍കാലങ്ങളില്‍ ഇവര്‍ക്ക് കൈവശഭൂമി ധാരാളമുണ്ടായിരുന്നു. ഇതില്‍ അധ്വാനിച്ച് ആദായം വച്ചുപിടിപ്പിച്ചെങ്കിലും സമീപത്തെ സമ്പന്നര്‍ ഈ ഭൂമി സ്വന്തമാക്കി. പടയങ്കല്ലില്‍ കരിങ്കല്‍ ക്വാറി നടത്തുന്നതിനായി ക്വാറി ഉടമ ഇവിടെ താമസിച്ചിരുന്നവരെ കുടിയൊഴിപ്പിക്കുകയായിരുന്നു. അര ഏക്കറിലധികം കാര്‍ഷികാദായമുള്ള ഭൂമി ഒഴിഞ്ഞുപോകുന്നതിനു പകരമായി പത്തുസെന്റ് സ്ഥലവും വീടു വയ്ക്കാന്‍ 1500 രൂപയുമാണ് നല്‍കിയത്. സ്ഥിരമായി ഇവര്‍ക്ക് തൊഴില്‍ നല്‍കുന്ന ഭൂവുടമയ്‌ക്കെതിരേ പരാതി പറയാന്‍ ഇവര്‍ തയ്യാറായില്ല.
ജില്ലാ പഞ്ചായത്തിന്റെയോ ബ്ലോക്ക് പഞ്ചായത്തിന്റെയോ ട്രൈബല്‍ വകുപ്പിന്റെയോ ശ്രദ്ധയും ഈ ഭാഗത്തേക്ക് തിരിഞ്ഞിട്ടില്ല.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 43 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day